കഴിഞ്ഞതവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് വൻ നേട്ടമായിരുന്നു. ജോസ് കെ. മാണിയുടെ (Jose K. Mani) നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ എത്തിയതിനു പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ്. ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളിൽ അൻപതിലധികം ഇടങ്ങളിൽ ഭരണം പിടിക്കാൻ ഇടതു മുന്നണിക്കായി.
ഭൂരിപക്ഷം ബ്ലോക്ക് പഞ്ചായത്ത് ഭരണവും ഇടതുമുന്നണിക്ക് ഒപ്പം നിന്നു. ജില്ലാ പഞ്ചായത്ത് ഭരണവും പിടിച്ചടക്കാൻ ജോസ് കെ. മാണി - ഇടതുമുന്നണി കൂട്ടുകെട്ടിന് കഴിഞ്ഞു. ഇതിനിടെയാണ് കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ പാലാ ഭരണങ്ങാനത്തു നിന്നും മുന്നണിക്കുള്ളിലെ ഭിന്നത പുറത്തുവന്നത്. യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് രണ്ട് ഇടത് സ്വതന്ത്രർ പിന്തുണ നൽകിയതോടെ ജോസ് കെ. മാണിയുടെ സ്ഥാനാർത്ഥിക്ക് ഭരണം നഷ്ടമായി.
രണ്ട് ഇടത് സ്വതന്ത്രർ നടത്തിയ നീക്കത്തിനെതിരെയാണ് പ്രതികരണവുമായി കേരള കോൺഗ്രസ് (എം) രംഗത്ത് വന്നത്. ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെയുള്ള അവിശ്വാസത്തിനു പിന്നിൽ പാറമടലോബിയും യു.ഡി.എഫ്. പ്രാദേശിക നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കേരള കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
എൽഡിഎഫ് മണ്ഡലം കൺവീനർ സി.എം. സിറിയക്കിന്റെ പേരിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. മുന്നണിയുടെ തീരുമാനം ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ആകെ 13 അംഗങ്ങളുള്ള ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ ആറു പേർ വീതമാണ് ഇടതുമുന്നണിക്കും യുഡിഎഫിനും ഉള്ളത്. ബിജെപിയുടെ പ്രതിനിധിയാണ് ഒരംഗം. യു.ഡി.എഫ്. അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ ബി.ജെ.പി. അംഗം വിട്ടുനിൽക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇടതുമുന്നണിയിലെ രണ്ട് സ്വതന്ത്ര അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് വൈസ് ചെയർമാൻ സ്ഥാനത്ത് ഉണ്ടായിരുന്ന കേരള കോൺഗ്രസ് (എം) പ്രതിനിധി ജോസുകുട്ടി അമ്പലമറ്റത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
ഇടതു സ്വതന്ത്രരായ വിനോദ് വേരനാനി, എൽസമ്മ ജോസുകുട്ടി എന്നിവരാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. ഇതോടെ അവിശ്വാസത്തിന് അനുകൂലമായി എട്ട് വോട്ടുകൾ കിട്ടി. എല്ലാ വികസനങ്ങളുടെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ കേരള കോൺഗ്രസ് ശ്രമിക്കുന്നു എന്നാണ് യുഡിഎഫിനെ പിന്തുണച്ച സി.പി.എം. സ്വതന്ത്രരുടെ ആരോപണം. കോൺഗ്രസിലെ ലിസ്സി സണ്ണിയാണ് പഞ്ചായത്ത് പ്രസിഡന്റ്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. കോൺഗ്രസ് ഇതോടെ ഭരണത്തിന് നേതൃത്വം നൽകി വരികയായിരുന്നു. അവിശ്വാസപ്രമേയം പാസായതിനു പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ ഇടത് സ്വതന്ത്രർ തയ്യാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
നേരത്തെ പാലാ നഗരസഭയിൽ സി.പി.എം. - കേരള കോൺഗ്രസ് (എം) പ്രതിനിധികൾ പരസ്യമായി തമ്മിലടിച്ചിരുന്നു. കേരള കോൺഗ്രസ് എമ്മിന്റെ ശക്തികേന്ദ്രത്തിൽ ഉണ്ടായ തിരിച്ചടി പാർട്ടിക്കും ഞെട്ടലാണ് ഉളവാക്കിയത്. വിഷയത്തിൽ എൽഡിഎഫിൽ പരാതി നൽകിയ തുടർ നടപടികൾ സ്വീകരിക്കാനാണ് കേരള കോൺഗ്രസ് (എം) ആലോചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.