നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിൽ; പ്രതിഷേധത്തിൻ്റെ കരിമ്പടം പുതച്ച് ദ്വീപുകൾ

  അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിൽ; പ്രതിഷേധത്തിൻ്റെ കരിമ്പടം പുതച്ച് ദ്വീപുകൾ

  ഒരാഴ്ചത്തെ സന്ദർശനത്തിനാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക് വന്നത്.  ദ്വീപ് വികസനം സംബന്ധമായ ചർച്ചകളിലും യോഗങ്ങളിലും മാത്രമാണ് പങ്കെടുക്കുന്നത്

  Lakshadweep_Protest

  Lakshadweep_Protest

  • Share this:
  കൊച്ചി: വിവാദങ്ങൾക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ  ലക്ഷദ്വീപിൽ എത്തി. കൊച്ചി വഴിയുള്ള യാത്ര  ഒഴിവാക്കിയാണ് ഗോവയിൽ നിന്നും ദ്വീപിൽ എത്തിയത്. കനത്ത സുരക്ഷയിലാണ് ദ്വീപ് സമൂഹം. അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് ദ്വീപിൽ ഇന്ന് കരിദിനമാണ്. അതിനിടെ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രം കേരളമെന്ന് പ്രഫുൽ പട്ടേൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് കൂടുതൽ വിവാദമാവുകയാണ്.

  ഒരാഴ്ചത്തെ സന്ദർശനത്തിനാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക് വന്നത്.  ദ്വീപ് വികസനം സംബന്ധമായ ചർച്ചകളിലും യോഗങ്ങളിലും മാത്രമാണ് പങ്കെടുക്കുന്നത്. ലക്ഷദ്വീപിലേക്ക് എത്തുന്ന  പ്രഫുൽ പട്ടേലിനെ എതിരേൽക്കുന്നത് കറുത്ത കൊടികളും  ഗോബാക്ക് മുദ്രാവാക്യങ്ങളും ആണ്. ദ്വീപിൽ എമ്പാടും കരിദിനം ആചരിക്കുകയാണ്. അതിനു നടുവിലൂടെയാണ് അഡ്മിനിസ്ട്രേറ്റർ തൻറെ മൂന്നാം സന്ദർശനത്തിന് ദ്വീപിലേക്ക് എത്തുന്നത്.

  രാവിലെ മുതൽ തന്നെ പ്രതിഷേധം വിവിധ ദ്വീപുകളിൽ അലയടിച്ചിരുന്നു. ചെറിയ കുട്ടികൾ മുതൽ  പ്രായമായവർ വരെ വീട്ടുമുറ്റത്ത് പ്രതിഷേധവുമായി അണിനിരന്നു. കറുത്ത മാസ്കും  കറുത്ത വസ്ത്രങ്ങളും അണിഞ്ഞ്  പ്രതിഷേധിച്ചവർ കൈകളിൽ പട്ടേൽ ഗോബാക്ക് എന്നെഴുതിയ മുദ്രാവാക്യങ്ങളും കരുതിയിരുന്നു. വീടുകൾക്കു മുന്നിൽ കറുത്ത കൊടികളും ഉയർത്തി. അതേസമയം കറുത്ത കൊടികൾ അഴിച്ചുമാറ്റാൻ ലക്ഷദ്വീപ് പോലീസ് പലയിടത്തും നിർദ്ദേശം നൽകി.  ഇത് പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തു.

  Also Read- യുഡിഎഫ് സംഘത്തിന് അഡ്മിനിസ്‌ട്രേറ്ററെ കാണാനായില്ല; ഒളിച്ചോടുന്നുവെന്ന് വിമർശനം

  ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ക്യാമ്പയിൽ നടത്തുന്നത് കേരളമാണെന്ന് ഒരു ഇംഗ്ലീഷ് വാരികക്ക് നൽകിയ അഭിമുഖത്തിൽ  പ്രഫുൽ പട്ടേൽ ആരോപിച്ചു. വികസനത്തെ എതിർക്കുന്നവരാണ് സമരത്തിന് പിന്നിൽ. കഴിഞ്ഞ 73 വർഷമായി ദ്വീപിൽ വികസനമില്ലെന്നും അദ്ദേഹം പറയുന്നു. ദ്വീപിൽ മദ്യം അനുവദിച്ചത് ടൂറിസം വികസനത്തിനാണെന്നും അതിനെ വർഗീയമായി കാണരുതെന്നും അഭിമുഖത്തിൽ പറയുന്നു. ദ്വീപിലെ കുഴപ്പങ്ങൾക്കു കാരണം കേരളം ആണെന്ന് രീതിയിലാണ് വിമർശനം. ഇവിടെ നടക്കുന്ന സമരങ്ങൾക്ക് കേരളം നൽകുന്ന പിന്തുണയാണ് അഡ്മിനിസ്ട്രേറ്ററെ ചൊടിപ്പിച്ചത് എന്നാണ് വിലയിരുത്തുന്നത്.

  ലക്ഷദ്വീപിലെ വികസന വിരോധികൾ ആണ് സമരത്തിന് പിന്നിൽ എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതും കേരളത്തെ ഉന്നം വെച്ചുള്ള ആക്ഷേപം ആണെന്നാണ് കരുതുന്നത്. പരാമർശങ്ങൾ ഇതിനകം തന്നെ വിവാദമായി മാറി കഴിഞ്ഞു. മദ്യം അനുവദിക്കുന്നത് ടൂറിസം വികസനത്തിന് വേണ്ടിയാണെന്ന വാദവും ലക്ഷദ്വീപ് ജനത ഒന്നടങ്കം തള്ളിക്കളയുന്നു.  മദ്യമില്ലാതെ ടൂറിസം വികസനത്തിനുള്ള  സാധ്യതകൾ ദ്വീപിൽ ഉണ്ടെന്നും അഡ്മിനിസ്ട്രേറ്റർ ഇത് കാണാതെ പോകുന്നത് കച്ചവട താല്പര്യം കൊണ്ട് മാത്രമാണെന്നും അവർ പറയുന്നു .

  അതിനിടെ ലക്ഷദ്വീപിലെ ലോക്ഡൌൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട് .കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ലോക്ക് ഡൗൺ ദീർഘിപ്പിച്ചത്. എന്നാൽ  അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനവും അദ്ദേഹം ഒരാഴ്ച ദ്വീപിൽ തങ്ങുന്നതു കൊണ്ടുമാണ് ഇതെന്ന്  ദ്വീപുകാർ പറയുന്നു. ലോക്ക് ഡൗൺ നീട്ടുന്നത്  ദ്വീപിലെ സാമ്പത്തിക സ്ഥിതിയെ വലിയ രീതിയിൽ ബാധിക്കും എന്നിരിക്കെ ഒരാൾക്കു വേണ്ടി മാത്രമായി ആയി എഴുപതിനായിരത്തോളം ജനങ്ങളെ ദ്രോഹിക്കുന്നതാണ് പുതിയ ഉത്തരവെന്നും ഇവർ കുറ്റപ്പെടുത്തുന്നു. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം മുൻനിർത്തി ദീപുകളിൽ സുരക്ഷാ കടുപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും രീതിയിൽ  പ്രത്യക്ഷ സമരം അതിരുകടന്നാൽ അതിനെ നേരിടാൻ തന്നെയാണ് ഭരണകൂടത്തിൻ്റെ തീരുമാനം.
  Published by:Anuraj GR
  First published:
  )}