HOME » NEWS » Kerala » ISRAEL TO GRANT HONORARY CITIZENSHIP TO SOUMYA SANTHOSH

റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യയ്ക്ക് ഇസ്രായേൽ ഓണററി പൗരത്വം നൽകും; മകനെ ഏറ്റെടുക്കും

സൗമ്യ അടുത്തു തന്നെ മകന്‍ അഡോണിന്റെ ആദ്യ കുര്‍ബാന ചടങ്ങിന് നാട്ടിലെത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ഹമാസ് ആക്രമത്തിൽ കൊല്ലപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: May 23, 2021, 9:52 AM IST
റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യയ്ക്ക് ഇസ്രായേൽ ഓണററി പൗരത്വം നൽകും; മകനെ ഏറ്റെടുക്കും
Soumya_Israel
  • Share this:
ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ആശ്വാസവുമായി ഇസ്രായേൽ സർക്കാർ. സൗമ്യയ്ക്ക് ഓണററി പൗരത്വം നൽകുമെന്നാണ് ഇസ്രായേൽ എംബസി അധികൃതർ നൽകുന്ന സൂചന. സൗമ്യയ്ക്ക് ഓണററി പൗരത്വത്തിന് അര്‍ഹയാണെന്ന് ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇസ്രയേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ ഒമ്പത് വയസുള്ള കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കുമെന്നും എംബസിയിലെ ഉപമേധാവി റോണി യദീദിയ പറഞ്ഞു.

സൗമ്യ അടുത്തു തന്നെ മകന്‍ അഡോണിന്റെ ആദ്യ കുര്‍ബാന ചടങ്ങിന് നാട്ടിലെത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ഹമാസ് ആക്രമത്തിൽ കൊല്ലപ്പെട്ടത്. കുടുംബത്തിൽ ഒരാൾക് ഇസ്രായേലിൽ ജോലിയും കുഞ്ഞിന്റെ സംരക്ഷണവും, നഷ്ട പരിഹാരവും നൽകുമെന്ന് ഇസ്രായേൽ വക്താവ് അറിയിച്ചു. ഇസ്രായേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രയേലിലുള്ള ഷെര്‍ലി പറഞ്ഞു.

സൗമ്യയെ മാലാഖ ആയാണ് ഇസ്രയേല്‍ ജനത കാണുന്നതെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ പ്രഖ്യാപിച്ചിരുന്നു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി. അതിന് ശേഷമാണ് ഇസ്രയേലിന്റെ ഓണററി പൗരത്വം കൊടുക്കാനുള്ള പ്രഖ്യാപനവും എത്തിയിരിക്കുന്നത്.

Also Read- സൗമ്യ കൊല്ലപ്പെട്ടത് ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ; ഞെട്ടല്‍ മാറാതെ കുടുംബം

അഷ്‌ക ലോണില്‍ കഴിഞ്ഞ കുറേ വർഷങ്ങളായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇസ്രയേൽ നഗരമായ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഭർത്താവുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടാകുന്നതിന് ഏതാനും നിമിഷം മുമ്പാണ് സൗമ്യ ഭർത്താവിനെ വിളിച്ചത്. പുറത്ത് പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നും ബോംബുകൾ വീഴുന്നുണ്ടെന്നുമാണ് പറഞ്ഞത്. വീടിനുള്ളിലെ സുരക്ഷിത ബങ്കറിലേക്ക് പോവുകയാണെന്നും ഇനിയെപ്പോഴാണ് വിളിക്കുകയെന്നറിയില്ലെന്നും കരഞ്ഞു കൊണ്ടാണ് യുവതി പറഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെയാണ് സൗമ്യയുടെ ജീവനെടുത്ത ആക്രമണം ഉണ്ടായത്.

ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ അഷ്‌ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. സൌമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ യുവതിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ.
Published by: Anuraj GR
First published: May 23, 2021, 9:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories