HOME » NEWS » Kerala » ISRO SPY CASE CBI TO RECORD THE STATEMENT OF NAMBI NARAYANAN TOMORROW AR TV

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ സംഘം നാളെ നമ്പി നാരായണന്‍റെ മൊഴിയെടുക്കും

കേസിൽ കേരള പോലീസ്, ഐ ബി ഉദ്യോഗസ്ഥരടക്കം 18 പ്രതികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ അറസ്റ്റുണ്ടാകുമെന്ന് സൂചന നിലനിൽക്കെ നമ്പിനാരായണൻ നൽകുന്ന മൊഴി നിർണായകമാകും

News18 Malayalam | news18-malayalam
Updated: June 28, 2021, 4:48 PM IST
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ സംഘം നാളെ നമ്പി നാരായണന്‍റെ മൊഴിയെടുക്കും
സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, നമ്പി നാരായണൻ
  • Share this:
തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സി ബി ഐ സംഘം തിരുവനന്തപുരത്തെത്തി. സി ബി ഐ ഡൽഹി യൂണിറ്റിൽ നിന്നുള്ള സംഘമാണ് തിരുവനന്തപുരത്തെത്തിയത്. മുട്ടത്തറയിലുള്ള ഓഫീസിൽ എത്തിയ സംഘം കേസ് രേഖകൾ പരിശോധിക്കുന്ന നടപടി തുടങ്ങി. സി ബി ഐ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ നാളെയും എത്തുന്നുണ്ട്. കേസിലെ പരാതിക്കാരനായ നമ്പി നാരായണനോട് നാളെ മൊഴി നൽകണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. മുട്ടത്തറയിലെ ഓഫീസിൽ എത്തി നമ്പി നാരായണൻ മൊഴി നൽകും.

കേസിൽ കേരള പോലീസ്, ഐ ബി ഉദ്യോഗസ്ഥരടക്കം 18 പ്രതികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ അറസ്റ്റുണ്ടാകുമെന്ന് സൂചന നിലനിൽക്കെ നമ്പിനാരായണൻ നൽകുന്ന മൊഴി നിർണായകമാകും. മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനെ തുടർന്ന് പ്രതികളായ മുൻ ഡി ജി പി സിബി മാത്യൂസിന്‍റെയും, പി എസ് ജയപ്രകാശിന്‍റെയും അറസ്റ്റ് താൽക്കാലികമായി കോടതി തടഞ്ഞിരുന്നു.

പ്രതികളുടെ ഹർജിക്കെതിരെ സി ബി ഐക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരായേക്കും. ഡി.കെ. ജയിന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ. എസ്. ആര്‍. ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീകോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി. ബി. ഐ. ഡല്‍ഹി യൂണിറ്റ് കഴിഞ്ഞ ദിവസം എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്നത്തെ ഡി. ഐ. ജിയായിരുന്ന സിബി മാത്യൂസിനെയും, ഐ. ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാറിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

Also Read- മുട്ടില്‍ മരംമുറി കേസ്; മാംഗോ സഹോദരങ്ങള്‍ക്കെതിരെ 42 കേസുകള്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചാലും അറസ്റ്റിന് തടസ്സമാകില്ലെന്ന് വനംവകുപ്പ്

സ്പെഷ്യൽ ബ്രാഞ്ച് സി. ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. എസ്. ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് രണ്ടാം പ്രതിയും സിറ്റി പോലീസ് കമ്മിഷണറായിരുന്ന വി.ആര്‍ രാജീവന്‍ നാലാം പ്രതിയുമാണ്. സിബി മാത്യൂസും കെ. കെ. ജോഷ്വയും നാലും അഞ്ചും പ്രതികള്‍. ആര്‍. ബി. ശ്രീകുമാര്‍ ഏഴാം പ്രതിയാണ്. അന്നത്തെ കേരളാ പോലീസിലെയും ഐ. ബിയിലെയും ഉദ്യോഗസ്ഥരായിരുന്ന പതിനെട്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ഗൂഡാലോചന മര്‍ദനം എന്നീ വകുപ്പുകള്‍ പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കളങ്കപ്പെടുത്താന്‍ വ്യാജ രേഖകള്‍ ചമച്ചതടക്കമുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പോലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥരായിരുന്ന രവീന്ദ്രന്‍ നായര്‍, സി. ആര്‍. ആര്‍. നായര്‍, ജി. എസ്. നായര്‍, കെ. വി. തോമസ്, പി. എസ്. ജയപ്രകാശ്, ജി. ബാബുരാജ്, മാത്യൂ ജോണ്‍, ജോണ്‍ പുന്നന്‍, ബേബി, ഡിന്റ മത്തിയാസ്, വി.കെ. മയിനി, എസ്. ജോഗേഷ് എന്നിവരാണ് മറ്റ് പ്രതികള്‍.
Published by: Anuraj GR
First published: June 28, 2021, 4:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories