കോവിഡ് കാലത്ത് സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളെ സുരക്ഷിതരായി സ്കൂളുകളിലേക്കും തിരിച്ച് വീടുകളിലേക്കും എത്തിക്കേണ്ടത് സ്കൂൾ ബസ്സുകളിലാണ്. എന്നാൽ ചരിത്രത്തിൽ ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ് സ്കൂൾ ബസ്സുകൾ നിലവിൽ നേരിടുന്നത്.
ഒന്നരവർഷമായി സ്കൂൾ ബസുകൾ ഉപയോഗിക്കുന്നില്ല. അതിനാൽ പല സ്കൂളുകളിലെയും ബസ്സുകൾ തുരുമ്പെടുത്ത നിലയിലാണ്. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലയിൽ മാത്രം 5026 സ്കൂൾ ബസ്സുകൾ ആണുള്ളത്. ഈ ബസുകളിൽ ആയി പതിനായിരത്തിലധികം ജീവനക്കാരുമുണ്ട്. കോവിഡിനെ തുടർന്ന് സ്കൂളുകൾക്ക് പൂട്ടു വീണതോടെ മുഴുവൻ ബസ്സുകളും കട്ടപ്പുറത്തായി. ഭൂരിഭാഗം ബസ്സുകളുടെയും എൻജിനും ബാറ്ററികളും ടയറുകളും നശിച്ചു. ഇരിപ്പിടങ്ങളും തകർന്നു. ഒരു വാഹനത്തിന് മാത്രം ഒരു ലക്ഷത്തിലധികം രൂപയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ബസ്സുകൾക്ക് മാത്രം 50 കോടിയിലധികം രൂപയുടെ ചെലവുവരുമെന്ന് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ വ്യക്തമാക്കുന്നു.
സ്കൂൾ ബസ് ഫീസായി വിദ്യാർത്ഥികളിൽ നിന്നും പിരിച്ചിരുന്ന തുക ഉപയോഗിച്ചാണ് നേരത്തെ ബസ്സുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്. എന്നാൽ കോവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ ഈ ഫീസ് പിരിക്കാൻ കഴിയില്ല. അതിനാൽ ബസ്സുകളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്നാണ് ആവശ്യം. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രത്യേക പാക്കേജ് തയ്യാറാകണമെന്നാണ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയന്റെ ആവശ്യം.
ദിവസങ്ങൾ നീളുന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം മാത്രമേ സ്കൂൾ ബസുകൾ നിരത്തിലിറക്കാൻ കഴിയൂ. അതിനാൽ ഇതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കേണ്ട വരും.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നവംബറിൽ സ്കൂളുകൾ തുറക്കാമെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളും പത്ത് പന്ത്രണ്ട് ക്ലാസ്സുകളും നവംബർ ഒന്നിന് ആരംഭിക്കാനാണ് തീരുമാനം. പിന്നീട് മുഴുവൻ ക്ലാസ്സുകളും നവംബർ 15ന് തുടങ്ങും. സ്കൂൾ തുറക്കാൻ ഒന്നര മാസത്തോളം ബാക്കിയുണ്ടെങ്കിലും മുന്നൊരുക്കങ്ങൾ വളരെ പെട്ടെന്ന് ആരംഭിക്കേണ്ട വരും വിദ്യാഭ്യാസ വകുപ്പിന്. ഒന്നരവർഷമായി സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ പല സ്കൂളുകളും കാടുപിടിച്ച നിലയിലാണ്.
അതിനാൽ അറ്റകുറ്റപ്പണികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി വളരെ വലിയ അധ്വാനം തന്നെ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെ മാത്രമേ അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയൂ.
കുട്ടികൾക്കായി പ്രത്യേക മാസ്കുകൾ തയ്യാറാക്കേണ്ടതുണ്ട്.
സ്കൂളുകളിൽ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഒരു ബെഞ്ചിൽ എത്രപേർ, ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. വ്യാഴാഴ്ച ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേരുന്ന യോഗം ഇക്കാര്യങ്ങളിൽ നിർണായക തീരുമാനങ്ങളെടുക്കും.
ഒന്നര വർഷത്തിനുശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത്. ക്ലാസ്സുകൾ തുടങ്ങുന്നതിനു 15 ദിവസങ്ങൾക്ക് മുൻപ് എങ്കിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.