മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. മുഖ്യമന്ത്രി ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതിലൂടെ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറ്റവും നല്ല കാലഘട്ടമായിരിക്കും ലഭിക്കുകയെന്ന് വി അബ്ദുറഹിമാന് പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം ജന്മനാടായ തിരൂരിലെത്തിയപ്പോൾ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വകുപ്പ് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്നത് തെറ്റായ വാർത്തയായിരുന്നുവെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ന്യൂനപക്ഷ വകുപ്പ് തനിക്കാണെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ചീഫ് സെക്രട്ടറി തനിക്ക് നല്കിയ ലിസ്റ്റില്‍ ഈ വകുപ്പ് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഈ വകുപ്പ് മാറ്റിയെന്ന് സംശയമുന്നയിക്കുന്നവര്‍ രാഷ്ടീയ ലാഭമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള മുഖ്യമന്ത്രി ഈ വകുപ്പ് ഏറ്റെടുത്തതിലുടെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് എറ്റവും നല്ലൊരു കാര്യമാണ് ലഭിക്കുകയെന്നും വി അബ്ദുറഹിമാന് പറഞ്ഞു. വെളളിയാഴ്ച രാത്രി 11.20 ന് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് മന്ത്രി വി. അബ്ദുറഹിമാന് തിരൂര്‍ പൊനൂരിലെ വീട്ടിലെത്തിയത്. മന്ത്രിയെ സ്വീകരിക്കാനായി കുടുംബങ്ങളും നാട്ടുകാരും കാത്തു നിന്നിരുന്നു. പടക്കം പൊട്ടിച്ച് പ്രവര്‍ത്തകര്‍ മന്ത്രിയെ സ്വീകരിച്ചു. അതിനുശേഷമാണ് മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായിരിക്കും കായിക മന്ത്രിയെന്ന നിലയില്‍ പരിശ്രമിക്കുകയെന്ന് വി അബ്ദുറഹ്മാൻ പറഞ്ഞു. റെയില്‍വേയുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മണ്ഡലത്തില്‍ തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു.
അതിനിടെ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് മുസ്ലിം മന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വാദം ശുദ്ധ അസംബന്ധവും വർഗീയതയുമാണെന്ന് ഐഎൻഎൽ വ്യക്തമാക്കിയിരുന്നു. ഒരു മതേതര സംവിധാനത്തിൽ ഏത് വകുപ്പായാലും അത് ആര് കൈകാര്യം ചെയ്യുന്നു എന്നതല്ല, എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
Also Read-
'വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ല; വകുപ്പ് നൽകി തിരിച്ചെടുത്തത് സമുദായത്തെ അപമാനിക്കുന്നത്': മുസ്ലിം ലീഗ്
ന്യൂനപക്ഷങ്ങളുടെ ക്ഷേമം മുൻനിറുത്തി രൂപം കൊടുത്ത ഒരു സുപ്രധാന വകുപ്പിന് ഭരണത്തലവൻ തന്നെ മേൽനോട്ടം വഹിക്കുമ്പോൾ അത് സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ഇപ്പോഴത്തെ തീരുമാനത്തെ ന്യൂനപക്ഷങ്ങൾ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. തങ്ങളുടെ കാലിനടിയിലെ അവസാനത്തെ മണ്ണ് ഒലിച്ചുപോവുന്നത് കണ്ട് സംഭ്രാന്തരായ ലീഗ് നേതൃത്വമാവട്ടെ, അണികളെ തെറ്റദ്ധരിപ്പിക്കാനും അതു വഴി വർഗീയ ചേരിതിരിപ്പ് സൃഷ്ടിക്കാനും നടത്തുന്ന ഇത്തരം തറവേലകൾ ബന്ധപ്പെട്ടം സമൂഹം പുച്ഛിച്ചുതള്ളുമെന്ന് അനുഭവങ്ങൾ പറയുന്നു. - കാസിം ഇരിക്കൂർ പറഞ്ഞു.
Also Read-
'മുസ്ലീംലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്; ലീഗിനല്ല മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം'; മുസ്ലീങ്ങൾക്ക് സര്‍ക്കാരിൽ വിശ്വാസമെന്ന് മുഖ്യമന്ത്രി
നിയമസഭ തെരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടിയ പാർട്ടി ഇടതുമുന്നണിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന നൂനപക്ഷ സമൂഹത്തെ എങ്ങനെ പിടിച്ചുനിർത്തുമെന്ന് അറിയാതെ, വർഗീയത എന്ന പഴയ ആയുധം മിനുക്കി എടുക്കാൻ ശ്രമിക്കുകയാണ്. നേതൃമാറ്റം എന്ന് കേൾക്കുമ്പോൾ സംഭ്രാന്തരാവുന്ന നേതാക്കൾ അണികളുടെ കണ്ണിൽ പൊടിയിടാനാണ് അംഗത്വ കാമ്പയിനെ കുറിച്ച് പറയുന്നത്. ഐ.എൻഎല്ലിന്റെ വജജയവും മന്ത്രി പദവിയും ലീഗിനെ എത്രത്തോളം ആശങ്കയിലാഴ്ത്തുന്നു എന്നതിന്റെ തെളിവാണ് പൊടുന്നനെ വിളിച്ചുകൂട്ടിയ നേതൃയോഗമെന്ന് വ്യക്തമാണെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Also Read-
ആലിക്കുട്ടി മുസ്ലിയാർ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചുവെന്ന് പ്രചാരണം; പരാതി നല്കി സമസ്ത
ഒന്നാം പിണറായി സർക്കാറിൽ കെ ടി ജലീൽ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുതിയ സർക്കാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തതാണ് മുസ്ലിം ലീഗിനെ ചൊടിപ്പിച്ചത്. വകുപ്പ് നൽകിയേഷം തിരിച്ചെടുത്തത് സമുദായത്തെ അപമാനിക്കുന്നത് എന്നായിരുന്നു മുസ്ലിം ലീഗ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് താന്‍ കണ്ടതെന്നും മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. മുസ്ലിം ജനവിഭാഗത്തിന് ഇടതുമുന്നണി സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.