മന്‍സൂര്‍ വധം: പ്രതി സുഹൈലിന്റെ വീട് സി.പി.എം നേതാക്കള്‍ വൃത്തിയാക്കിയത് ദുരൂഹം; യൂത്ത് ലീഗ്
മന്‍സൂര്‍ വധം: പ്രതി സുഹൈലിന്റെ വീട് സി.പി.എം നേതാക്കള്‍ വൃത്തിയാക്കിയത് ദുരൂഹം; യൂത്ത് ലീഗ്
കൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന ജാബിര്‍ ഓണ്‍ലൈനില്‍ വന്നതിന്റെ തെളിവുകള്‍ ഇതിനകം പുറത്ത് വന്നിട്ടും ശാസ്ത്രീയമായ അന്വേഷണം നടത്താനോ പിടികൂടാനോ പോലീസ് ശ്രമിക്കുന്നില്ല.
കോഴിക്കോട് : ഇക്കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പ് ദിവസം സി.പി.എം ക്രിമിനലുകള്‍ കൊലചെയ്ത പാനൂര്‍ - പുല്ലൂകരയിലെ മന്‍സൂര്‍ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സി.പി.എം പെരിങ്ങളം ലോക്കല്‍ കമ്മറ്റി മെമ്പര്‍ ജാബിര്‍, പൂല്ലൂക്കര ബ്രാഞ്ച് കമ്മറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവര്‍ ഈ കേസില്‍ പ്രതികളാണ്. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല.
അന്വേഷണ സംഘത്തെ മാറ്റിയപ്പോള്‍ കേസന്വേഷണം പുരോഗമിച്ചിരുന്നുവെങ്കിലും പുതിയ അന്വേഷണ സംഘത്തിന്റെ മുകളിലും ഭരണകക്ഷി സമ്മര്‍ദ്ദം ചെലുത്തുന്നത് കാരണം അന്വേഷണം വീണ്ടും ഇഴഞ്ഞ് നീങ്ങുന്ന സ്ഥിതി വന്നിരിക്കയാണെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന ജാബിര്‍ ഓണ്‍ലൈനില്‍ വന്നതിന്റെ തെളിവുകള്‍ ഇതിനകം പുറത്ത് വന്നിട്ടും ശാസ്ത്രീയമായ അന്വേഷണം നടത്താനോ പിടികൂടാനോ പോലീസ് ശ്രമിക്കുന്നില്ല.
കേസിലെ പ്രധാന പ്രതി സുഹൈലിന്റെ വീട് സി.പി.എം നേതാക്കള്‍ വൃത്തിയാക്കാന്‍ എത്തിയത് ദുരൂഹമാണ്. ബോംബ് നിര്‍മ്മാണം നടന്നത് സുഹൈലിന്റെ വീട്ടിലാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്പോളാണ് ഇത്തരം ഒരു സംഭവം നടന്നത്. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് ന്യായമായും സംശയിക്കുന്നു. ഇതിന് നേതൃത്വം കൊടുത്ത സി.പി.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ ഹരീന്ദ്രന്‍ പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ദാസന് എന്നിവരെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണം.
കേസിലെ രണ്ടാം പ്രതി രതീഷ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തിലും അന്വേഷണം ഇപ്പോള്‍ മുമ്പോട്ട് പോകുന്നില്ല. മന്‍സൂറിന്റെ കൊലപാതകത്തിലെ സി.പി.എം നേതാക്കളുടെ പങ്ക് അടക്കം പുറത്ത് വരുമെന്ന ഭയം കൊണ്ട് രതീഷിനെ കൊലപ്പെടുത്തിയാതാണെന്ന് സംശയമുണ്ട്. മാധ്യമ പ്രവര്‍ത്തകരെയടക്കം രതീഷിന്റെ വീട്ടിലേക്ക് പോകുന്നതിന് സി.പി.എം ഗുണ്ടകള്‍ സമ്മതിക്കുന്നില്ല. ഇത് ബന്ധുക്കളുമായി സംസാരിക്കുന്നത് തടയാനാണ്. പോലീസിന്റെ സംരക്ഷണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ രതീഷിന്റെ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളോട് സംസാരിക്കാന്‍ തയ്യാറാകണം. ഈ മരണവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ട് വരാന്‍ അന്വേഷണ സംഘം തയ്യാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മന്‍സൂര്‍ കൊലപാതക കേസിലെ പ്രതികളെ പിടികൂടുന്നതിന് പകരം വിലാപ യാത്ര കഴിഞ്ഞ് പോകുമ്പോളുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ നിരപരാധികളായ യൂത്ത്ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസുകള്‍ ചുമത്തി ജയിലിടക്കാനാണ് പോലീസ് താത്പര്യം കാണിക്കുന്നത്. ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്ത ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയ വൈറ്റ് ഗാര്‍ഡ് അംഗം ബാസില്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചിരിക്കയാണ്. കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്ന ഘട്ടത്തില്‍ മറ്റ് പോലീസ് സ്റ്റേഷനുകളില്‍ കൂടി കള്ളക്കേസുകള്‍ ചുമത്തി ജാമ്യം നിഷേധിക്കാന്‍ ശ്രമിച്ചതിലൂടെ പോലീസിന്റെ ഉദ്ദേശശുദ്ധി വ്യക്തമാണ്. കൂത്തുപറമ്പ് എ.സി.പിയും കൊളവള്ളൂര്‍, ചൊക്ലി സി.ഐമാരും നിരപരാധികളെ വേട്ടയാടുന്നതിന് നേതൃത്വം കൊടുക്കുകയാണ്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.