കഴിഞ്ഞ രണ്ടുവർഷമായി ഉണ്ടായ കടലാക്രമണത്തിൽ ശംഖുമുഖത്തെ ബീച്ച് റോഡ് പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്. ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള സുപ്രധാന റോഡാണ് കടലാക്രമണത്തിൽ പൂർണമായും തകർന്നത്. ശംഖുമുഖത്തെ റോഡ് അടക്കം കടലാക്രമണത്തിൽ തകർന്നത് വിനോദസഞ്ചാരികളുടെ വരവിനെയും ബാധിച്ചിരുന്നു. ശംഖുമുഖത്തെ റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ സമ്മർദ്ദം ശക്തമായി.
ആഭ്യന്തര വിമാനത്താവളത്തിലെ യാത്രക്കാർ തകർന്ന റോഡിലൂടെ ലഗേജും ചുമന്ന് പോയതിന്റെ ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിളും വ്യാപകമായി പ്രചരിച്ചു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളത്തിലെ യാത്രക്കാർ ലഗേജും ചുമന്ന് റോഡിലൂടെ പോയ ദുരിതവും വിമർശനത്തിന് ഇടയാക്കി. ഇതിന് പിന്നാലെയാണ് സ്ഥലം എംഎൽഎയും മന്ത്രിയുമായ ആന്റണി രാജുവിന്റെ വിമർശനം.
ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകാൻ ശങ്കുമുഖം ബീച്ച് വഴിയുള്ള റോഡ് മാത്രമല്ല ഉള്ളത്. മറ്റൊരു വഴിയും ഉണ്ട്. എന്നിട്ടും തകർന്ന റോഡിലൂടെ യാത്രക്കാർ ലഗേജും ചുമന്ന് പോകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ശരിയായില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വിമർശനം. അത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു. ഏതായാലും ശംഖുമുഖത്തെ റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
എന്നാൽ റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്.സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടയിൽ റോഡിന്റെ കൂടുതൽ ഭാഗം കടലെടുത്തു. ഇതോടെ അധിക തുക മുടക്കി 330 മീറ്റർ റോഡ് പുനർ നിർമ്മിക്കേണ്ട സാഹചര്യമാണ്. നേരത്തെ 200ലധികം മീറ്ററാണ് തകർന്നത്. ഇതിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നിരുന്നത്. എന്നാൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് ഇടയിൽ വീണ്ടും ഉണ്ടായ കടലാക്രമണത്തിൽ നൂറിലധികം മീറ്റർ കൂടി കടലെടുത്തു. ഇതോടെയാണ് 330 മീറ്റർ പുനർ നിർമ്മിക്കേണ്ട സാഹചര്യമുണ്ടായത്.
നേരത്തെ എട്ടുകോടി രൂപയാണ് റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ചിരുന്നത്. എന്നാൽ കൂടുതൽ ഭാഗം തകർന്നതോടെ അധിക തുക മുടക്കേണ്ടി റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ട സാഹചര്യം ആണ്. റോഡ് നിർമ്മാണത്തിന് മണലിനെ ലഭ്യതക്കുറവും തടസ്സം സൃഷ്ടിക്കുന്നുണ്ട്. നേരത്തെ മണൽ ക്ഷാമം രൂക്ഷം ആയിരുന്നതിനാൽ പല ദിവസങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല.
നിലവിൽ കൂടുതൽ മണൽ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ച് റോഡ് നിർമ്മാണം ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കാലാവസ്ഥ അനുകൂലമാണെന്നും നാലുമാസത്തിനുള്ളിൽ റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും സ്ഥലം സന്ദർശിച്ച മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ശംഖുമുഖത്ത് എത്തി റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ആയിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. അതേസമയം റോഡിന്റെ പുനർനിർമ്മാണം പൂർത്തിയാക്കിയശേഷം ശംഖുമുഖത്ത് ന്യൂതന പദ്ധതികൾ നടപ്പിലാക്കുന്നതും ടൂറിസം വകുപ്പിന്റെ പരിഗണനയിലുണ്ട്. ശംഖുമുഖത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Airport, Minister Antony Raju