കോട്ടയം: ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നേതാക്കളെ തെരഞ്ഞെടുത്തതിന് പിന്നാലെ ഉണ്ടായ കോൺഗ്രസിലെ പൊട്ടിത്തെറി അവസാനിച്ചു എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഇതെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല ഇന്ന് നടത്തിയ പ്രസംഗം ആണ് ഏറ്റവും ശ്രദ്ധേയമായത്. സംസ്ഥാന നേതൃത്വത്തിന് എതിരെ തുറന്നടിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചത്. ഉമ്മൻചാണ്ടിയും താനുമായി കോൺഗ്രസിനെ മുന്നോട്ടു കൊണ്ടു പോയ കാലം അനുസ്മരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല തുറന്നടിച്ച് രംഗത്ത് വന്നത്.
കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് യാഥാർത്ഥ്യം ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരൻ പോയപ്പോൾ ഉമ്മൻ കോൺഗ്രസ് എന്ന് പറഞ്ഞു. അന്ന് കോൺഗ്രസിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ പാർട്ടിയെ മുന്നോട്ട് നയിച്ചത് താനും ഉമ്മൻചാണ്ടിയും ആണെന്ന് രമേശ് ചെന്നിത്തല ഓർമിപ്പിക്കുന്നു. '17 വർഷം ഞാനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ചു.
താൻ കെപിസിസി പ്രസിഡന്റും ഉമ്മൻചാണ്ടി പാർലമെന്ററി പാർട്ടി നേതാവുമായിട്ടായിരുന്നു അന്ന് പ്രവർത്തനം.ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും എല്ലാം കോൺഗ്രസ് കുതിച്ചു മുന്നേറി. ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം ആയിരുന്നു വിജയം.
ത്യാഗോജ്വലമായ പ്രവർത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോൺഗ്രസ് നടത്തിയത്. കെ കരുണാകരനും കെ മുരളീധരനും പിന്നീട് പാർട്ടിയിൽ തിരിച്ചു വന്നു. ആ കാലയളവിന് ഓർമ്മിപ്പിച്ച ശേഷം പ്രവർത്തനശൈലിയെ കുറിച്ച് കൂടി രമേശ് ചെന്നിത്തല ഇങ്ങനെ പറയുന്നു.
അധികാരം കിട്ടിയപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രയോഗം. അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിച്ചില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് ശ്രമിച്ചത്. ഇഷ്ടമില്ലാത്തവരെയും ഒരുമിച്ചു കൊണ്ടുപോയി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറം എല്ലാവരെയും ഒരുമിച്ച് നിർത്തി. 'എന്നോട് എന്തെങ്കിലും ആലോചിക്കണം എന്ന് ഞാൻ പറയില്ല. ഞാൻ ഈ പാർട്ടിയുടെ നാലണ മെമ്പർ മാത്രമാണ്, ഉമ്മൻചാണ്ടി അങ്ങനെയല്ല, ഉമ്മൻചാണ്ടി എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗമാണ്. സംഘടനാപരമായ കാര്യങ്ങൾ ഉമ്മൻചാണ്ടിയോട് ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്'. - സംസ്ഥാന നേതൃത്വത്തിനെതിരെ കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ട് രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
കോൺഗ്രസിനെ ഒരുമിച്ച് നിർത്തുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വം ആണ് എന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ നടക്കുന്നത് റിലെ ഓട്ടമത്സരം അല്ല എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് നേതൃത്വത്തിന് ഉത്തരവാദിത്വം എന്നും അദ്ദേഹം തുറന്നടിച്ചു പറയുന്നു.
തനിക്കെതിരായ നീക്കങ്ങളെയും രമേശ് ചെന്നിത്തല തള്ളിപ്പറയുന്നു.'മുതിർന്ന നേതാവ് എന്ന് പറയുമ്പോൾ എനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ല'. പറയുന്ന പലരും 74- 75 വയസ്സ് എത്തിയവർ ആണ്. എനിക്ക് അറുപത്തിമൂന്ന് വയസ് മാത്രമാണുള്ളത് എന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ അച്ചടക്കത്തെ കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. അതിനു മുൻകാലപ്രാബല്യം ഉണ്ടായിരുന്നുവെങ്കിൽ എത്രപേർ കോൺഗ്രസിൽ ഉണ്ടാകും എന്ന് പറയാൻ വയ്യ എന്നാണ് പുതിയ നേതൃത്വത്തോട് രമേശ് ചെന്നിത്തല പറയുന്നത്. അതുകൊണ്ട് അതൊന്നും ഇങ്ങോട്ട് പറയണ്ട.
ഉമ്മൻചാണ്ടിക്ക് പൂർണപിന്തുണ ആവർത്തിച്ച് നൽകാനും രമേശ് ചെന്നിത്തല തയ്യാറായി. ഉമ്മൻചാണ്ടിയെ അവഗണിച്ച് ആർക്കും മുന്നോട്ടുപോകാനാവില്ല എന്ന് ഓർമിപ്പിച്ചാണ് ചെന്നിത്തല പ്രസംഗം അവസാനിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.