കോട്ടയം: ബജറ്റ് അവതരണവേളയിൽ ധനമന്ത്രിയായിരുന്ന കെ എം മാണിയെ അധിക്ഷേപിച്ച കേസിൽ സർക്കാർ ചെലവിൽ സുപ്രീം കോടതിയിൽ പോയത് തെറ്റാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി. സി. തോമസ് പറഞ്ഞു. മന്ത്രി ശിവൻകുട്ടിയുൾപ്പടെ ആറ് പ്രതികൾക്കെതിരെ മുൻ ധനമന്ത്രി കെ എം മാണി കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച സമയത്ത് കാട്ടിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ സുപ്രീം കോടതിയിൽ പോയത്. പ്രതികളെ രക്ഷിക്കുവാൻ വേണ്ടി കേരള സർക്കാർ സുപ്രീം കോടതിയിൽ പോയത് ശരിയല്ലെന്നും, കേരളത്തിലെ ജനങ്ങളുടെ പണം പ്രതികൾക്കു വേണ്ടി കോടതിയിൽ കേസ് കൊടുക്കാൻ ഉപയോഗിക്കുന്നത് നിഷേധാത്മകമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പ്രതികൾക്കെതിരെ മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ടായിരുന്ന കേസ് നിലനിൽക്കെ, അത് പിൻവലിക്കാൻ വേണ്ടി കൊടുത്ത ഹർജി കോടതി തള്ളിയപ്പോൾ കേരള സർക്കാർ അതിനെതിരെ ഹൈക്കോടതിയിൽ പോയതും തെറ്റാണ്. കേരള ഹൈക്കോടതി സർക്കാരി൯റെ ഹർജി തള്ളിയപ്പോൾ കേരളീയരുടെ ചിലവിൽ സുപ്രീംകോടതിയിൽ പോയതിന് കേരള സർക്കാർ മലയാളികളോട് ക്ഷമാപണം നടത്തേണ്ടി വരുമെന്ന് തോമസ് പറഞ്ഞു.
Also Read-
നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
കേസ് പിൻവലിക്കാൻ മജിസ്റ്റ്റേറ്റു കോടതിയിൽ പ്രോസിക്യൂഷ൯ നൽകിയ ഹർജിയും തെറ്റുതന്നെയാണ്. ഏറ്റവും ഹീനമായ രീതിയിൽ നിയമസഭയുടെ ഉള്ളിൽ സ്പീക്കറുടെ മേശപ്പുറത്ത് കയറി നിന്നു കൊണ്ട് അവിടെ ഇരുന്ന പൊതു മുതലുകളായ കമ്പ്യൂട്ടർ വലിച്ചെറിഞ്ഞ മന്ത്രി ശിവൻകുട്ടിയും, വലിയൊരു കസേര തള്ളിയിട്ട സി പി എം നേതാവ് മുൻ മന്ത്രി ഇ പി ജയരാജനും, മറ്റു നഷ്ടങ്ങൾ വരുത്തിവെച്ച പ്രതികളും ചെയ്ത ക്രിമിനൽ കുറ്റങ്ങൾ കേരള ജനത എത്രയോ പ്രാവശ്യം ടെലിവിഷനിൽ കൂടി കണ്ടിരിക്കുന്നു. ഇത്രയും വ്യക്തമായ തെളിവുള്ള കേസ് ഇല്ലാതാക്കുവാൻ പ്രതികൾക്കുവേണ്ടി ഇടപെടുവാൻ കേരള സർക്കാരിന് അവകാശമില്ല. എന്നാൽ ഇല്ലാത്ത അവകാശം ഉണ്ടെന്ന ധാരണയിൽ കൊടുത്ത ഹർജി നിയമവിരുദ്ധവും, അത് തള്ളിയപ്പോൾ ജനങ്ങളുടെ ചെലവിൽ ഹൈക്കോടതിയിലും സുപ്രീം കടതിയിലും വലിയ ചിലവ് ചെയ്തു കേസ് നടത്തുന്നതും, ഒരു കാരണവശാലും അംഗീകരിക്കുവാ൯ പറ്റാത്തതാണെന്ന് തോമസ് വ്യക്തമാക്കി.
പ്രതികൾക്ക് ആവശ്യമുണ്ടെങ്കിൽ, വലിയ സാമ്പത്തികപ്രശ്നങ്ങൾ ഒന്നുമില്ലാത്ത അവർ നേരിട്ട് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലുമൊക്കെ പൊയ്ക്കൊള്ളും. തീർത്തും പാവപ്പെട്ടവരായ, തൊഴിലില്ലാത്തവരും വരുമാനമില്ലാത്തവരും ഉൾപ്പെടുന്ന കേരള ജനതയെ കൊള്ളയടിച്ചുകൊണ്ടു വേണ്ടായെന്നും പി സി തോമസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പിൻവലിക്കാൻ അനുവദിക്കാത്ത ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നും സർക്കാരിന്റെ അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്. ബാഹ്യ സമ്മർദങ്ങൾ ഇല്ലാതെയാണ് പബ്ലിക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഇതിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.