News18 Malayalam
Updated: January 15, 2021, 3:46 PM IST
ഐശ്വര്യ ഡോങ്റെ
കൊച്ചി: വനിതാ പോലീസുകാരിയ്ക്കെതിരെ നടപടിയെടുത്തതില്‍ ഡി.സി.പി ഐശ്വര്യ ഡോംഗ്റെ പിഴവുണ്ടായില്ലെന്ന് സൂചന. ഡി.സി.പി സ്റ്റേഷനിലേക്ക് പ്രവേശിയ്ക്കുന്നത് അറിയുക പോലും ചെയ്യാതിരുന്നതിനാണ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തതെന്ന് സ്റ്റേഷന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ന്യൂസ് 18 നോട് പറഞ്ഞു.
ഐശ്വര്യ ചുമതലയേറ്റെടുത്ത ശേഷമെടുത്ത ചില നടപടികളും പോലീസ് അസോസിയഷനടക്കം അതൃപ്തി സൃഷ്ടിച്ചിരുന്നു.
ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പോലീസ് ഔദ്യോഗിക സംവിധാനമായ സാട്ട മീറ്റിംഗില്‍, ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥര്‍ അതതു സ്റ്റേഷനുകള്‍ വൃത്തിയാക്കണമെന്ന് ഡി.സി.പി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചയ്ക്ക് മുമ്പായി പരിശോധനയ്ക്കെത്തുമെന്നും അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ഒന്‍പതരയോടെ ഡി.സി.പി നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. ഔദ്യോഗിക വാഹനത്തില്‍ മഫ്തിയിലെത്തിയ ഡി.സി.പിയെ പാറാവുകാരന് സ്വീകരിച്ചു.
പരിശോധനയ്ക്ക് ശേഷം സമീപത്തുള്ള വനിതാ പോലീസ് സ്റ്റേഷനിലേക്ക് പോയി.എന്നാല്‍ റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ഡി.സി.പിയെ കണ്ടഭാവം നടിച്ചില്ല. സ്റ്റേഷനിലേക്ക് കടന്ന് എസ്.ഐയുമായി സംസാരിയ്ക്കുന്നതിനിടെയാണ് മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞതും. ഏറെ ജാഗ്രത വേണ്ട ഡ്യൂട്ടിയില്‍ അതു കാട്ടാതിരുന്നതിനാണ് അച്ചടക്ക നടപടിയെന്ന് നേരത്തെ ഡി.സി.പി വ്യാക്തമാക്കിയിരുന്നു.
Also Read
'ഇനി ഇത്തരത്തിൽ പെരുമാറരുത്; പൊടിക്കൈ' വേണ്ട;' സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറോട് ആഭ്യന്തര വകുപ്പ്
സി.സി.പി പരിശോധനയ്ക്കെത്തിയപ്പോള്‍ നഗര പരിധിയിലെ സ്റ്റേഷനുകളില്‍ ഡ്യൂട്ടിയിലുള്ള പല ഉദ്യോഗസ്ഥരും ജോലിയ്ക്കെത്തിയിരുന്നുമില്ല. ഡ്യൂട്ടി സമയം തുടങ്ങി ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡ്യൂട്ടിയ്ക്കെത്താത്തവര്ക്ക് അവധി രേഖപ്പെടാത്താന് ഡി.സി.പി നിര്‍ദ്ദേശവും നല്‍കിയിരുന്നു.
പോലീസുകാര്‍ നല്കിയ വിവരങ്ങളനുസരിച്ച് ആളറിയാതെ ഡി.സി.പിയെ തടഞ്ഞ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ ചുമതലയേറ്റു ദിവസങ്ങള്‍ക്കുള്ളില്‍ യുവ വനിത ഓഫീസര്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ പോലീസ് അസോസിയേഷനെയടക്കം ചൊടിപ്പിച്ചിരുന്നുവെന്നാണ് സേനയില്‍ നിന്ന് ലഭിയ്ക്കുന്ന വിവരങ്ങള്‍. സ്റ്റേഷന് വൃത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചതും ഹാജര്‍ പരിശോധിച്ചതും അതൃപ്തിയുണ്ടാക്കി.
സംഭവം വിവാദമായതോടെ കൊച്ചി കമ്മീഷണര്‍ ഐശ്വര്യക്ക് താക്കീത് നല്കി. ജോലി ഭാരം ഏറെയുള്ള കൊച്ചിയില്‍ സഹപ്രവര്‍ത്തരോട് കരുതലോടെ ഇടപെടാനുള്ള നിര്‍ദ്ദേശമാണ് കമ്മീഷണര്‍ ഡി.സി.പിയ്ക്ക് നല്‍കിയത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡി.സി.പിയ്ക്കെതിരെ കേരള പോലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
Published by:
user_49
First published:
January 15, 2021, 3:45 PM IST