കോഴിക്കോട്: പാലേരി പാറക്കടവ് ജുമാ മസ്ജിദിൽ നിഖാഹ് ചടങ്ങിന് വധു എത്തിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ നിലപാട് മാറ്റി മഹല്ല് കമ്മിറ്റി ഭാരവാഹികൾ രംഗത്തെത്തി. നിഖാഹിന് പള്ളിക്കുള്ളിൽ വധു എത്തിയത് അബദ്ധമാണെന്നാണ് അവർ വിശദീകരിക്കുന്നത്. ഭാവിയിലെ വിവാഹങ്ങൾ പതിവ് പോലെയായിരിക്കുമെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കുറ്റ്യാടി സ്വദേശി കെഎസ് ഉമ്മറിന്റെ മകൾ ബഹ്ജ ദലീലയാണ് ജുമാ മസ്ജിദിൽ നടന്ന നിഖാഹ് ചടങ്ങിന് സാക്ഷിയായത്. വരനിൽ നിന്ന് വേദിയിൽ വച്ചു തന്നെ ദലീല മഹർ സ്വീകരിച്ചു. സാധാരണ നിക്കാഹിന് ശേഷം വരൻ മഹർ വധുവിന്റെ വീട്ടിലെത്തി അണിയിക്കുന്നതാണ് പതിവ്. എന്നാൽ ഇതിന് മാറ്റം വരുത്തിയായിരുന്നു നിഖാഹ് നടന്നത്.
വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമായിരുന്നു വരൻ. സാധാരണഗതിയിൽ നിഖാഹ് ചടങ്ങുകൾ കാണാൻ വധുവിനെ അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ ഈ സംഭവം വലിയ വാർത്തയാകുകയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. നിഖാഹിലെ വിപ്ലവത്തെ അഭിനന്ദിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും മറ്റും ചെയ്തിരുന്നു. മതപണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതിനെ തുടർന്നാണ് വധുവിന് മസ്ജിദിനുള്ളിൽ പ്രവേശനം നൽകിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികൾ അന്ന് പറഞ്ഞിരുന്നു.
വധുവിന്റെ വീട്ടുകാർ മാനദണ്ഡങ്ങൾ സംഘിച്ച് പള്ളിക്കുള്ളിൽ നിന്ന് ഫോട്ടോയെടുത്തെന്ന ആരോപണവും മഹല്ല് കമ്മിറ്റി ഉന്നയിക്കുന്നുണ്ട്. വിഷയത്തിൽ വധുവിന്റെ കുടുംബത്തിനാണ് ഉത്തരവാദിത്വമെന്നും അവരെ നേരിൽ കണ്ട് തങ്ങളുടെ അതൃപ്തി അറിയിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഓഫീസ് കൈകാര്യം ചെയ്തിരുന്നവർക്ക് സംഭവിച്ച അബദ്ധമാണ് അന്ന് വധുവിനെ പള്ളിക്കുള്ളിൽ പ്രവേശിപ്പിക്കാൻ ഇടയാക്കിയത്. ഇക്കാര്യത്തിൽ ജീവനക്കാർ ക്ഷമ ചോദിച്ചതായും മഹല്ല് ഭാരവാഹികൾ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് മഹല്ല് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
എന്നാൽ മഹല്ല് കമ്മിറ്റിയുടെ പുതിയ തീരുമാനത്തിൽ വരന്റെ അമ്മാവൻ ആശ്ചര്യം പ്രകടിപ്പിച്ചു. സമുദായത്തിലെ പുതിയ മുന്നേറ്റത്തിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടായിരുന്നു. സമൂഹത്തിന് അർഥവത്തായ സന്ദേശം നൽകുന്നതായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ കമ്മിറ്റിയുടെ ഇപ്പോഴത്തെ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണ്. കാരണം അന്ന് എല്ലാ അനുവാദവും വാങ്ങിയാണ് നിക്കാഹ് നടത്തിയതെന്നും വരന്റെ അമ്മാവൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.