തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലുൾപ്പെട്ട കല്യാശ്ശേരിയിൽ കള്ളവോട്ട് നടന്നെന്ന ആരോപണം നിഷേധിച്ച് സിപിഎം രംഗത്ത്. ആരോപണം പച്ചനുണയാണെന്ന് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ചെയ്തത് ഓപ്പൺ വോട്ടുകളെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. സഹായികളായി പോയവരെ കള്ളവോട്ടുകാരായി ചിത്രീകരിക്കുകയാണ്. ഒരന്വേഷണത്തെയും സിപിഎം ഭയക്കുന്നില്ലെന്നും ജയരാജൻ പ്രതികരിച്ചു. കള്ളവോട്ട് ചെയ്തെന്ന ആരോപണം എന്നും ഉയർന്നിരിക്കുന്നത് കെ സുധാകരനെതിരായാണ്. സുധാകരൻ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെ ബഹളം വയ്ക്കുകയാണ്. അന്വേഷണത്തെ ഭയക്കുന്നില്ല. സിപിഎം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു.
സിപിഎം വിശദീകരണം ഇങ്ങനെ:
കള്ളവോട്ട് ചെയ്തതായി ദൃശ്യങ്ങളിലുള്ള ജി സുമയ്യ, പോളിംഗ് ഏജന്റ് കൂടിയാണ്. 24ാം ബൂത്തിലെ വോട്ടറായ ജി സുമയ്യ, വോട്ട് ചെയ്ത ശേഷം 19ാം ബൂത്തിലെത്തിയത് ഓപ്പൺ വോട്ട് ചെയ്യാനാണ്. ശാരീരികാവശതകളുള്ള ശാന്ത എന്ന സ്ത്രീയെ സഹായിക്കാനാണ് പോയത്. പോളിങ് ഏജന്റ് എന്ന പാസ് സുമയ്യയുടെ കയ്യിലുണ്ട്. ഇടയ്ക്കിടെ സുമയ്യ പുറത്ത് പോകുന്നുണ്ടാകും. പകരം ഏജന്റിനെ ഇരുത്തുകയും ചെയ്യും. അങ്ങനെ സുമയ്യ അകത്തേക്ക് പോവുകയും പുറത്തേക്ക് വരികയും ചെയ്യുന്ന ദൃശ്യങ്ങളെടുത്താണ് സുമയ്യ കള്ളവോട്ട് ചെയ്തു എന്ന ആരോപണം ഉയർത്തിയിരിക്കുന്നത്.
കല്യാശ്ശേരി മണ്ഡലത്തിൽ 19ാം ബൂത്തിലെ മറ്റൊരു ഏജന്റാണ് എം കൃഷ്ണൻ. ഇദ്ദേഹം 189ാം നമ്പർ വോട്ടറാണ്. കൃഷ്ണന്റെ ആവശ്യമനുസരിച്ചാണ് ഓപ്പൺ വോട്ട് ചെയ്തത്. കെ സി രഘുനാഥ് സ്ഥലത്ത് 994ാം നമ്പർ വോട്ടറായ ഡോ. കാർത്തികേയനെ വോട്ട് ചെയ്യാൻ കൊണ്ടുവന്നു. ഡോ. കാർത്തികേയന് വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറ്റുന്നില്ല. ഇത് പറയാൻ രഘുനാഥ് പ്രിസൈഡിംഗ് ഓഫീസറെ കാണാൻ വന്നു. പ്രിസൈഡിംഗ് ഓഫീസറെയും കൂട്ടി വന്ന് ശാരീരികാവശതയുണ്ടെന്ന് ബോധിപ്പിച്ച ശേഷമാണ് സഹായിയായ സുരേഷിനെ കൂട്ടി വോട്ട് ചെയ്യിച്ചത്. ഇതിനെ കള്ളവോട്ടായി ചിത്രീകരിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.