പാർട്ടി ഫണ്ട് സമാഹരണത്തിന് പുത്തൻ സംവിധാനവുമായി മുസ്ലിം ലീഗ്. ഹദിയ എന്ന് പേരിട്ട മൊബൈൽ ആപ്പ് വഴി തികച്ചും സുതാര്യമായി ആണ് മുസ്ലിം ലീഗ് ഇത്തവണ മൂലധന ശേഖരണം നടത്തുന്നത്. മുസ്ലിം ലീഗ് ശേഖരിക്കുന്ന ഫണ്ടിൻ്റെ കണക്ക് പൊതുജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നും ഫണ്ട് ശേഖരണം സുതാര്യമല്ല എന്നും ഉള്ള ആക്ഷേപങ്ങൾക്ക് ഒരു മറുപടി എന്ന പോലെ ആണ് മുസ്ലിം ലീഗ് ഇത്തവണ ഫണ്ട് ശേഖരണത്തിന് പുത്തൻ രീതി തെരഞ്ഞെടുത്തിരിക്കുന്നത്.
എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ എന്ന് പേരിട്ട കാമ്പയിൻ തികച്ചും ഡിജിറ്റൽ ആയിട്ടാണ്. ഹദിയ എന്ന് പേരിട്ട മൊബൈൽ ആപ്പ് വഴി ആർക്കും പണം സംഭാവന ആയി നൽകാം. എത്ര പണം ലഭിച്ചു, ആരെല്ലാം എത്ര തന്നു എന്നെല്ലാം ഈ ആപ്പിലൂടെ അറിയുവാനും സാധിക്കും.ആപ്പ് വഴി പണം നൽകിയാൽ ഉടൻ രസീതും മൊബൈലിൽ ലഭിക്കും.ക്യു ആർ കോഡ് സ്കാൻ ചെയ്ത് യു പി ഐ ആപ്പുകൾ വഴിയും സംഭാവനകൾ നൽകാം.
ആർക്കും ഒരു സംശയത്തിനും ഇട നൽകാതെ തികച്ചും സുതാര്യമായി ധന ശേഖരണം നടത്താൻ ആണ് ന്യൂ ജനറേഷൻ മാർഗം സ്വീകരിക്കുന്നത് എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു" കഴിഞ്ഞ കാലത്തിൽ നിന്നും വ്യത്യസ്തമായ ഒരു ഫണ്ട് സ്വരൂപണം ആണ് ഇത്തവണ. എൻറെ പാർട്ടിക്ക് എൻറെ ഹദിയ എന്നാണ് ധന സമാഹരണത്തിന് പേരിട്ടിരിക്കുന്നത്. ഇതിൻ്റെ പ്രത്യേകത നൂറു ശതമാനം സുതാര്യമാണ് എന്നത് ആണ്.
ആപ്പ് വഴി പണം നൽകുന്നവർക്ക് അപ്പൊൾ തന്നെ രസീത് ലഭിക്കും. അതിന് പുറമെ എത്ര പണം, ആരൊക്കെ നൽകി എന്നെല്ലാം അറിയാൻ സാധിക്കും. എൻ്റെ അറിവിൽ ഇന്ത്യയിൽ തന്നെ ആദ്യമായി ആണ് ഒരു രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ പ്രവർത്തന ഫണ്ട് സമാഹരണം നടത്തുന്നത്. " അന്തരിച്ച പാർട്ടി മുൻ അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ആശയം ആയിരുന്നു ഇതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
" സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങി വച്ച പരിപാടി ആണിത്. അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ജനകീയമായ ഫണ്ട് ശേഖരണം എന്നത്. മഞ്ഞളാംകുഴി അലി സാഹിബിനെ ആ ചുമതലയിൽ നിയോഗിച്ചത് അദ്ദേഹം ആണ്. ലീഗിൻ്റെ ഫണ്ട് എന്നാല് രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി മാത്രം അല്ല. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ബൈത്തുൽ റഹ്മകൾ, സി എച്ച് സെൻ്ററുകൾ എന്നിവക്ക് എല്ലാം ഈ ഫണ്ട് ഉപകാരപ്പെടുന്നതാണ്. ഇത് തികച്ചും സുതാര്യമാണ്. പണം നൽകുന്നവർക്ക് അപ്പൊൾ തന്നെ രശീതി ലഭിക്കുന്നു, എത്ര പണം ആകെ ലഭിച്ചു എന്ന് ആർക്കും എളുപ്പത്തിൽ അറിയാൻ ഇതിലൂടെ സാധിക്കും. തികച്ചും നവീനമായ, മാതൃകാപരമായ സംവിധാനം ആണ് എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയയിലൂടെ മുസ്ലിം ലീഗ് നടപ്പാക്കുന്നത് "
സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിൽ പാണക്കാട് അംഗങ്ങൾ ആപ്പ് വഴി പണം നൽകിയാണ് ധന സമാഹരണത്തിന് തുടക്കമിട്ടത്.. എംഎൽഎ മഞ്ഞളാംകുഴി അലിയാണ് പുത്തൻ ശൈലിയിൽ ഉള്ള ധന സമാഹാരണ യജ്ഞത്തിന് ചുക്കാൻ പിടിക്കുന്നത്. റമദാൻ മാസം അവസാനം വരെ ആണ് ഫണ്ട് ശേഖരണ യജ്ഞം സംഘടിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.