നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മുസ്‌ലിം ലീഗിൽ കളങ്കിതരായ സ്ഥാനാർത്ഥികൾ ഇല്ല': പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

    'മുസ്‌ലിം ലീഗിൽ കളങ്കിതരായ സ്ഥാനാർത്ഥികൾ ഇല്ല': പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

    IUML high-power committee member Panakkad Syed Sadiq Ali Shihab Thangal interview | സൗഹൃദ സന്ദേശ യാത്രയ്ക്കിടെ ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖം

    പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

    പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

    • Share this:
    കളങ്കിതരായ സ്ഥാനാർത്ഥികൾ മുസ്ലീം ലീഗിൽ ഇല്ലെന്ന് മുസ്ലീം ലീഗ് ഉന്നതാധികാരസമിതി അംഗവും മലപ്പുറം ജില്ലാ അധ്യക്ഷനുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം ജില്ലയിൽ പുരോഗമിക്കുന്ന സൗഹൃദ സന്ദേശ യാത്രയ്ക്കിടെ ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജാഥാ ക്യാപ്റ്റൻ കൂടി ആയ സാദിഖലി ശിഹാബ് തങ്ങൾ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

    എന്ത് കൊണ്ടാണ് സൗഹൃദ സന്ദേശ യാത്ര?

    മലപ്പുറം ജില്ല കേന്ദ്രീകരിച്ചാണ് യാത്ര. ജില്ല രൂപം കൊണ്ട നാൾ മുതൽ വിമർശനങ്ങളുമുണ്ടായിരുന്നു. ഈ ഘട്ടത്തിൽ ജില്ലയുടെ പാരമ്പര്യം, ചരിത്രം, മതസൗഹാർദ്ദം തുടങ്ങിയ കാര്യങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഒപ്പം ലീഗിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുക കൂടി ചെയ്യും.

    എന്തുകൊണ്ടാണ് ലീഗിനെതിരെ ഇത്രയും വിമർശനങ്ങൾ?

    ലീഗ് കേഡർ സ്വഭാവമുള്ളൊരു പാർട്ടിയാണ്, വ്യവസ്ഥാപിത സംവിധാനങ്ങളുള്ള പ്രസ്ഥാനം. സേവന രംഗത്തടക്കം സദാ സജീവമാണ് ലീഗ്. ഇത് മറ്റുള്ളവർ പേടിക്കുന്നുണ്ടാകും. പഴമുള്ള മരത്തിൽ കല്ലേറുണ്ടാവും. പക്ഷേ കല്ലെറിയുന്നവർക്കും മധുരമുള്ള പഴമാണ് മരം നൽകുക.

    താങ്കളുടെ ഹാഗിയ സോഫിയ ലേഖനം ഏറെ വിവാദം സൃഷ്‌ടിച്ചുവല്ലോ. ക്രൈസ്തവ വിഭാഗത്തിൽ ഉളളവർ ഏറെ വിമർശനം ഉയർത്തി.

    ഹാഗിയ സോഫിയ ലേഖനത്തെ പറ്റി ഉണ്ടായത് തെറ്റിദ്ധാരണ മാത്രമാണ്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ല. അത് ക്രൈസ്തവ സമൂഹം ഇപ്പൊൾ മനസ്സിലാക്കിയിട്ടുണ്ട്.

    യു.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയാകാൻ പോകുന്നു . ലീഗിന് എത്ര സീറ്റുകൾ ലഭിക്കും?

    സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കൂടുതൽ സീറ്റ് ചോദിച്ചിട്ടുണ്ട്. ലീഗിന് അർഹിക്കുന്നത് കിട്ടും എന്ന് പ്രതീക്ഷയുണ്ട്

    ലീഗിൻ്റെ സ്ഥാനാർഥി പട്ടിക എന്നാണ് പ്രഖ്യാപിക്കുക?

    യു.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയായാൽ ഏറെ വൈകാതെ പ്രഖ്യാപിക്കും. ചർച്ചകൾ പുരോഗമിക്കുന്നു.



    രണ്ട് കാര്യങ്ങളാണ് ലീഗിൻ്റെ സ്ഥാനാർഥി പട്ടിക സംബന്ധിച്ച് ചോദിക്കാനുള്ളത്. കളങ്കിതരായവർ പട്ടികയിൽ ഉണ്ടാകുമോ? വനിതാ സ്ഥാനാർഥി ഉണ്ടാകുമോ?

    കളങ്കിതരായ സ്ഥാനാർത്ഥികൾ  ലീഗിൽ ഇല്ല. എല്ലാവരും നിയമസഭാ മണ്ഡലങ്ങളോട് നീതി പുലർത്തുന്നവർ ആണ്. കമറുദ്ദീനും ഇബ്രാഹിം കുഞ്ഞും അവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിയമപരമായി നേരിടുകയാണ്. അവർക്ക് നിയമത്തിനു മുൻപിൽ  അവരുടെ നിരപരാധിത്വം തെളിയിക്കാം.

    കമറുദ്ദീനും ഇബ്രാഹിം കുഞ്ഞും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുമോ?

    അവർ സ്ഥാനാർഥി പട്ടികയിൽ ഉണ്ടാകുമോ എന്ന് ഇപ്പൊൾ പറയാനാവില്ല. അക്കാര്യം പാർട്ടി ഘടകങ്ങളോട് ആലോചിച്ചു വേണം നിശ്ചയിക്കാൻ

    വനിതാ സ്ഥാനാർഥി ഉണ്ടാകുമോ?

    വിജയ സാധ്യതയാണ് പ്രധാനം. സ്ഥാനാർഥി വനിതയാണോ പുരുഷനാണോ എന്നല്ല പ്രധാനം.

    വനിത ആയത് കൊണ്ട് അവസരം നിഷേധിക്കില്ല എന്നാണോ?

    വനിതകൾക്ക് മൽസരിക്കാൻ അവകാശം ഉണ്ട്. അതൊന്നും ഞങ്ങൾ നിഷേധിക്കുന്നില്ല.

    വെൽഫെയർ പാർട്ടിയുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ ധാരണകൾ ഉണ്ടോ? 

    വെൽഫെയർ പാർട്ടിയുമായി ഔദ്യോഗികമായി ഒരു ചർച്ചകളും നടന്നിട്ടില്ല.

    യു.ഡി.എഫ്. അധികാരത്തിൽ തിരിച്ചെത്തും എന്ന ആത്മവിശ്വാസം ഉണ്ടെന്നും സാഹചര്യങ്ങൾ ഇപ്പൊൾ ഏറെ അനുകൂലം ആണെന്നും ഉള്ള പ്രതീക്ഷ പങ്ക് വെച്ചാണ് സാദിഖലി ശിഹാബ് തങ്ങൾ അഭിമുഖം അവസാനിപ്പിച്ചത്.

    Summary: IUML high-power committee member Panakkad Syed Sadiq Ali Shihab Thangal discusses the prospects of Indian Union Muslim League in the upcoming Assembly Polls
    Published by:user_57
    First published: