മോഹൻലാൽ ജാമ്യം എടുക്കണം; കോടതി സമൻസ് അയച്ചു

അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്

news18-malayalam
Updated: October 22, 2019, 3:39 PM IST
മോഹൻലാൽ ജാമ്യം എടുക്കണം; കോടതി സമൻസ് അയച്ചു
mohanlal
  • Share this:
ആനക്കൊമ്പ്‌ കേസില്‍ നടന്‍ മോഹന്‍ലാല്‍ ഡിസംബര്‍ ആറിന്‌ നേരിട്ടു ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ് നിർദ്ദേശം നൽകിയത്.ഇക്കാര്യം ചൂണ്ടിക്കാട്ടി മോഹൻലാൽ അടക്കമുള്ള 4 പ്രതികൾക്കും കോടതി സമൻസ് അയച്ചു.

എന്താണ് കേസ് ?

കഴിഞ്ഞ മാസം16 നാണ് ആനക്കൊമ്പ് കേസിൽ കോടനാട്‌ റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ കോടതിയിൽ‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. മോഹന്‍ലാലാണ്‌ ഒന്നാം പ്രതി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്‌ണകുമാര്‍ രണ്ടാം പ്രതിയും തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ. കൃഷ്‌ണകുമാര്‍ മൂന്നാം പ്രതിയും ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്‌ണന്‍ നാലാം പ്രതിയുമാണ്‌. പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം, കുറ്റപത്രം നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്തിനാണ് ജാമ്യം ?

ക്രിമിനല്‍ കേസ് ആയതുകൊണ്ട് പ്രതികള്‍ നേരിട്ടു ഹാജരായി ജാമ്യം എടുക്കേണ്ടതുണ്ട്. ജാമ്യമെടുത്തശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ പ്രതികളെ വീണ്ടും വിളിപ്പിക്കും, പിന്നീടാണ് വിചാരണയുടെ തീയതി നിശ്ചയിക്കുക,.

ആനക്കൊമ്പ്, നിയമം എന്താണ് ?

1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച്‌, ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകള്‍ കൈവശം വയ്‌ക്കുകയും കൈമാറ്റം നടത്തുകയും അവ വാങ്ങി സൂക്ഷിക്കുകയും സര്‍ക്കാരിനെ അറിയിക്കാതിരിക്കുകയും ചെയ്‌തുവെന്നാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ആനക്കൊമ്പുകൾ മറ്റൊരാള്‍ക്കു കൈമാറ്റം ചെയ്യാനോ കൈവശം സൂക്ഷിക്കാനോ നിയമം അനുവദിക്കുന്നില്ല. ഉടമസ്‌ഥാവകാശം നല്‍കാനും നിയമം അനുവദിക്കുന്നില്ലെന്ന് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്. ആന ചരിഞ്ഞാല്‍ ഉടമയുടെ ജീവിതകാലം മുഴുവൻ കൊമ്പു സൂക്ഷിക്കാം. പിന്‍ഗാമിക്കു കൈമാറ്റം ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് കൊമ്പുകൾ വനംവകുപ്പിനു കൈമാറണമെന്നാണ് ചട്ടം.

മോഹൻലാൽ പ്രതിയായത് എങ്ങനെ ?

2012 ല്‍ മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായ നികുതി വിഭാഗം നടത്തിയ റെയ്‌ഡിലാണ് ആനക്കൊമ്പ്‌ കണ്ടെത്തിയതെന്ന് കുറ്റപത്രം പറയുന്നു. മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന്‌ ആനക്കൊമ്പുകള്‍ പിടികൂടുമ്പോള്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടായിരുന്നില്ല. നാലു കൊമ്പുകള്‍ പിടിച്ചെടുത്തതില്‍ രണ്ടെണ്ണം ലാലിന്റെ സ്വന്തം ആനയുടേതാണ്‌. മറ്റു രണ്ടെണ്ണം സമ്മാനമായി ലഭിച്ചതും. ഇങ്ങനെ കൈമാറ്റം ചെയ്യുന്നതും വാങ്ങുന്നതും നിയമവിരുദ്ധമായതിനാല്‍ കുറ്റം നിലനില്‍ക്കുമെന്നു വനംവകുപ്പിനു നിയമോപദേശം ലഭിച്ചിരുന്നു.

കോടതിയുടെ ഇടപെടൽ

മോഹന്‍ലാലിന്‌ ആനക്കൊമ്പ്‌ കൈവശം വയ്‌ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തേ അതൃപ്‌തി അറിയിച്ചിരുന്നു. സര്‍ക്കാരിന്‌ നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ ബാധ്യത ഉണ്ടെന്നും 2012 ല്‍ എടുത്ത കേസില്‍ തുടര്‍നടപടി ഇല്ലേയെന്നും കോടതി വിമര്‍ശിച്ചിരുന്നു. അതേ സമയം കേസിൽ മെല്ലെപ്പോക്ക് തുടർന്ന ഉദ്യോഗസ്‌ഥര്‍ കുടുങ്ങുമെന്നു വന്നതോടെയാണു ഏഴുവര്‍ഷത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ചതെന്നും ആരോപണമുണ്ട്.

Also Read- 'പഴയ അനന്തപുരിയല്ല പുതിയ തിരുവനന്തപുരം; പ്രതികാരത്തിന്റെ കണക്കുപുസ്തകം തുറക്കുന്ന തലസ്ഥാനം'

First published: October 22, 2019, 3:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading