• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

'ഈ പ്രവൃത്തി കേരളത്തിലെ വിദ്യാര്‍ത്ഥികളോടു ഇവര്‍ കാട്ടുന്ന നീതികേടാണ്'


Updated: December 7, 2018, 5:57 PM IST
'ഈ പ്രവൃത്തി കേരളത്തിലെ വിദ്യാര്‍ത്ഥികളോടു ഇവര്‍ കാട്ടുന്ന നീതികേടാണ്'

Updated: December 7, 2018, 5:57 PM IST
തിരുവനന്തപുരം: എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടത്തിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി എഴുത്തുകാരി ജെ ദേവിക. കോപ്പിയടി വിവാദത്തില്‍ ന്യായീകരണവുമായെത്തുന്നവര്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളോട് നീതികേട് കാട്ടുകായാണെന്ന് പറഞ്ഞാണ് ദേവി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണത്തില്‍ വ്യക്തത വരുത്തുന്നത്. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കുറേയേറെയുണ്ടെന്നും അത് പറയേണ്ടത് തന്‍രെ കടമയാണെന്നും പറഞ്ഞാണ് ദേവികയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റ് തിരിച്ചറിയാന്‍ കഴിവുണ്ടായില്ലെങ്കില്‍ രണ്ടാംകിട എഴുത്ത് ഇനിയും പടര്‍ന്നു പിടിക്കുമെന്നും, ഇപ്പോള്‍ തന്നെ ഉള്ളില്‍ നിന്നു ചീഞ്ഞുനാറിത്തുടങ്ങിയ സാഹിത്യപൊതുമണ്ഡലം കൂടുതല്‍ അസഹ്യമാകുമെന്നും പറയുന്ന ദേവിക, ഇന്നു നിലവിലുള്ള ബൌദ്ധിക ഉച്ചനീചത്വങ്ങള്‍ ഇനിയും വഷളാകുമെന്നും കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന യാതൊന്നും അതില്‍ ഉണ്ടാവില്ലെന്ന തോന്നലാണ് തന്നെക്കൊണ്ട് ഇത്രയും എഴുതിച്ചതെന്നും അവര്‍ പറയുന്നു.

Related One:  ഇളയിടത്തിന്‍റെ രചന ഗവേഷണമല്ലെങ്കിൽ പ്രമോഷൻ കിട്ടിയത് എങ്ങനെയെന്ന് ജെ ദേവിക
Loading...
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

"ഈ വിഷയത്തെപ്പറ്റിയുള്ള എന്റെ അവസാനത്തെ പോസ്റ്റ് ആണ്. ഇളയിടത്തിന്റെ നേര്‍തര്‍ജമാപ്രയോഗം ഇളക്കിവിട്ട ചര്‍ചയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ളത് കുറേ ഉണ്ട്. അതു പറയേണ്ടതു കടമയാണ്, കാരണം വിദ്യാര്‍ത്ഥികളില്‍ സാമാന്യക്കാരുടെ രക്ഷ ഏറ്റെടുക്കാന്‍ അധികമാരും ഉണ്ടാകാന്‍ ഇടയില്ല. സംരക്ഷിക്കാന്‍ രാഷ്ട്രീയകക്ഷികളോ ബുദ്ധിജീവിഗോത്രവര്‍ഗപ്രമുഖരോ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കാര്യമാണ് പറയുന്നത്.

ഒന്നാമതായി, മറ്റൊരു ടെക്സ്റ്റില്‍ നിന്ന് നേര്‍തര്‍ജമ ചെയ്തു കൊടുക്കുന്ന ഭാഗം ഉദ്ധരണിയായി അടയാളപ്പെടുത്തിയിരിക്കണം, നാല്പത്തു വാക്കുകള്‍ക്കു മുകളിലാണെങ്കില്‍ ഇന്റടന്റ് ചെയ്തിരിക്കണം. ഉദ്ധരണിയായി അടയാളപ്പെടുത്തുന്ന ഉദ്ധരണചിഹ്നങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. ഇനി, ഇങ്ങനെ ഉദ്ധരണിയായി കൊടുക്കാവുന്ന പാഠഭാഗത്തിന്റെ വലുപ്പത്തിനും പരിമിതിയുണ്ട്. ടേണിറ്റിന്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് പ്‌ളേജിയറിസം നോക്കുന്നതെങ്കില്‍ പ്രത്യേകിച്ചും.

ഇങ്ങനെ ചെയ്തു രക്ഷപ്പെടാമെന്ന് നിങ്ങള്‍ക്കുറപ്പുണ്ടെങ്കിലും ചെയ്യരുതെന്നേ ഒരു അദ്ധ്യാപിക എന്ന നിലയ്ക്ക് എനിക്കു പറയാനുള്ളൂ. കൂടുതല്‍ ഉയരങ്ങളില്‍ നടക്കുന്ന ചര്‍ചകളെ പരിചയപ്പെടുത്താന്‍ എന്നു പറഞ്ഞ് ഇറങ്ങുന്ന പുസ്തകങ്ങളും അക്കാമിക ധാര്‍മ്മികതയ്ക്കു വിധേയമാണ്. അല്ലാത്തപക്ഷം അവയുടെ നിലവാരം സംശയകരം തന്നെയാണ്.

Dont Miss:  ഭരണവ്യത്യാസം ജനങ്ങള്‍ക്കു ബോധ്യമായി: ഉമ്മന്‍ചാണ്ടി
മലയാളത്തിലേക്കു ഈ കൃതികള്‍ മുഴുവനായി തര്‍ജമ ചെയ്യാമെന്നിരിക്കെ, അവയെ വെള്ളംചേര്‍ത്ത് പരിചയപ്പെടുത്തേണ്ട കാര്യമില്ല. തര്‍ജമ ചെയ്തില്ലെങ്കില്‍ ഈ ആശയങ്ങളെ നമ്മുടെ - അതായത്, കേരളത്തിലെ -- സാമൂഹിക-സാംസ്‌കാരിക പരിസരങ്ങളെ മനസിലാക്കാനുള്ള ടൂളുകളായി പരിചയപ്പെടുത്താവുന്നതാണ്. അതിനു പകരം പാതി നേര്‍തര്‍ജമയും പാതി സ്വന്തം വായനയും (പലപ്പോഴും ഈ വായന നടക്കുന്നത് ആശയം കൃത്യമായി മനസിലാകാത്തപ്പോഴാണ്. പെട്ടെന്ന് താത്വികഭാഷ മാറി ഊതിവീര്‍പ്പിച്ച റോമാന്റിക് ഭാഷ വരുന്നതു കാണാം) ആയി നിലവാരം കുറഞ്ഞ കൃതികള്‍ പടച്ചു വിടേണ്ടതില്ല.

ഗവേഷണവിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങളില്‍ ആമുഖാദ്ധ്യായവും റിവ്യു ഒഫ് ലിറ്ററേച്ചറും പൂര്‍ണമായും സെക്കന്ററി ഉപദാനങ്ങളെ ആശ്രയിക്കുന്നവയാണ്. അവയില്‍ ഇവിടെക്കണ്ട തരം നേര്‍തര്‍ജമ ഉണ്ടായാല്‍ നിങ്ങള്‍ പുറത്താകും, തീര്‍ച.

ഈ തെറ്റിന് തടവും പിഴയും വരെ ശിക്ഷയുണ്ടാവാമെങ്കിലും അത് എപ്പോഴും ഉണ്ടാവണമെന്നില്ല. വിദ്യാര്‍ത്ഥികള്‍ പൊതുവെ ശക്തിശൂന്യരായതുകൊണ്ട് നിങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടായേക്കാം, പ്രത്യേകിച്ച് നിങ്ങള്‍ക്കു വിരോധികള്‍ ഉണ്ടെങ്കില്‍.

അക്കാദമികപ്രസിദ്ധീകരണത്തിലെ മോഷണം കേരളത്തിലധികവും മാപ്പുപറച്ചിലിലാണ് അവസാനിക്കുക. ആ പാഠഭാഗം നീക്കംചെയ്യലിലും. അല്ലാതെ ജയിലിലടച്ച സന്ദര്‍ഭമൊക്കെ വിരളമാണ്. എന്നാല്‍ ഉണ്ടായ പ്‌ളേജിയറിസം സമ്മതിക്കാതെ വന്നാല്‍ കോടതിവരെപ്പോകാനുള്ള വകുപ്പുണ്ടാകും, ഓര്‍ക്കുക. നാം ഈ വിഷയത്തില്‍ കേട്ട ഒറ്റ ന്യായീകരണം പോലും അവിടെ നിലനില്‍ക്കണമെന്നില്ല അതായത് മൂന്നാം കിട പ്രസിദ്ധീകരണത്തിലാണ് ആരോപണം വന്നത്, അതുകൊണ്ട് അത് അവഗണിക്കപ്പെടണം എന്ന വാദം. വിദ്യാര്‍ത്ഥികള്‍ക്ക് വേറെ മാനദണ്ഡങ്ങളുമുണ്ട് മറക്കരുത്. ഒന്നാം കിടയില്‍ വന്ന അസത്യം സത്യമാകില്ല, അതുപോലെ മൂന്നാംകിടയില്‍ വന്ന സത്യം അതല്ലാതാവില്ല.

സാഹിത്യചോരണം പോലെയല്ല ആശയചോരണം. ഒന്ന് മോഷണമാണ്, മറ്റേത് കടമെടുക്കലാണ്, എന്ന വാദം. ഉദ്ധരിണികളില്ലാത്ത നേര്‍തര്‍ജമ മോഷണം തന്നെയാണ്. അറിയാതെ പറ്റിപ്പോയതാണെങ്കില്‍ മാപ്പു പറയാവുന്നതേയുള്ളൂ. പൊതുവെ ഇക്കാര്യത്തില്‍ ആരും കൊല്ലാനൊന്നും നടക്കില്ല. അതിനു വിനയം വേണം, പക്ഷേ. ഏറ്റവുമധികം അഭിനയിക്കപ്പെടുന്ന ഭാവമാണത്.


കോപ്പിറൈറ്റ്‌സ് പ്രശ്‌നമേ ആകൂ ഇത് എന്നു പറയപ്പെടുന്നു.

ഇതും പ്‌ളേജിയറിസവും വ്യത്യസ്തമാണെങ്കിലും ഒരുപോലെ കുറ്റകരമാണ്. പണ്ട്, അതായത്, പുസ്തകങ്ങള്‍ ഇന്നത്തെപ്പോലെ സുലഭമല്ലായിരുന്ന കാലത്ത്, കോപ്പിറൈറ്റ് വയലേഷന്‍ ന്യായീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ ന്യായം ഇന്ന് സാധുവല്ല. മാത്രമല്ല, കോപ്പിറൈറ്റ് വയലേഷന്‍ നടത്തുന്ന മഹത്തുക്കളാരും ഇന്ന് കോപ്പിലെഫ്റ്റ് പ്രസ്ഥാനത്തില്‍ ചേരാത്തതെന്തുകൊണ്ടെന്ന് അത്ഭുതപ്പെട്ടു പോകുന്നു. കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ എന്ന പുസ്തകം കോപ്പിലെഫ്റ്റ് ആയി പ്രസിദ്ധീകരിച്ചപ്പോള്‍ ഞാനൊരു വിഡ്ഢിയും അനാവശ്യവാശിക്കാരിയുമാണെന്ന് അടക്കം പറഞ്ഞവര്‍ പലരുമുണ്ടായിരുന്നു ബുദ്ധിജീവികള്‍ക്കിടയില്‍.

കേസരി മുതലുള്ള രചനാധാരയാണ് ഇതെന്ന വാദമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മനഃപ്രയാസമുണ്ടാക്കിയത്. കേസരി ബാലകൃഷ്ണപിള്ള മുതല്‍ പാശ്ചാത്യ റാഡിക്കല്‍ ചിന്തയുമായി നാം ഇടപെട്ടു പോന്നു എന്നത് സത്യം. അതിനു മുന്‍പും പാശ്ചാത്യറാഡിക്കല്‍ രാഷ്ട്രീയരൂപങ്ങളുമായി ഈ രീതിയിലല്ലാത്ത ഇടപെടലുകളെ പറ്റിപ്പഠിച്ച രണ്ടു പേരെങ്കിലും ന്യായീകരണസംഘത്തിലുണ്ട്. റാഡിക്കല്‍ ചിന്തയുടെ കാര്യമാണെങ്കില്‍ കേസരിയെയും അഴീക്കോടിനെയും ഒരേ തൊഴുത്തില്‍ ഈ വിഷയത്തില്‍ കെട്ടാനാവില്ല, തീര്‍ച്ച. ഇനി അഥവാ അങ്ങനെയൊന്നുണ്ടെങ്കിലും നമ്മുടെ വിദ്യാര്‍ത്ഥികളെ അവിടേക്കല്ല നയിക്കേണ്ടത്.

ഗവേഷണമെന്ന ജ്ഞാനോത്പാദനം നടത്തുംപോള്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് മാതൃകയായിത്തന്നെ വേണം നില്‍ക്കാന്‍ എന്നു മാത്രമേ അദ്ധ്യാപികയെന്ന നിലയ്ക്ക് എനിക്കു പറയാനാവൂ. അല്ലാതെ എന്റെ കൂട്ടുകാരനാണ്, അതുകൊണ്ട് അല്പം അയഞ്ഞോട്ടെ കാര്യങ്ങള്‍ എന്നു കരുതാന്‍ എനിക്കു കഴിയുന്നില്ല. ഇതൊക്കെ മതി എന്ന സൂചന പുറപ്പെടുവിക്കുന്നവര്‍ അതാണു ചെയ്യുന്നത്.

ഈ ന്യായീകരണസംഘത്തിലെ അംഗങ്ങളോട് വെറുപ്പില്ല, അവരെ ആക്രമിക്കാനൊന്നും തയ്യാറുമല്ല. അവരില്‍ പലരുടെയും എഴുത്തിനോടും കഴിവുകളോടുമുള്ള ബഹുമാനത്തിന് ലവലേശം കുറവുമില്ല. അവരില്‍ ചിലരെങ്കിലും എനിക്ക് ഗുരുതുല്യരുമാണ്. പക്ഷേ ഈ പ്രവൃത്തി കേരളത്തിലെ വിദ്യാര്‍ത്ഥികളോടു ഇവര്‍ കാട്ടുന്ന നീതികേടാണ്.

തെറ്റു ചെയ്ത ആളെ പറഞ്ഞു മനസിലാക്കി മാപ്പു പറയിച്ചു തിരുത്തുന്നതിനു പകരം പൊള്ളയായ അഹന്തയെ വളര്‍ത്തുകയാണ് ഇവര്‍. ഈ തിരുത്തിനു ശേഷം അദ്ദേഹത്തെ കൂടുതല്‍ ശിക്ഷിച്ചുകൂടാ എന്നു പറഞ്ഞായിരുന്നു ഇവര്‍ പ്രസ്താവന ഇറക്കേണ്ടിയിരുന്നത്.

നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ തെറ്റ് തിരിച്ചറിയാന്‍ കഴിവുണ്ടായില്ലെങ്കില്‍ രണ്ടാംകിട എഴുത്ത് ഇനിയും പടര്‍ന്നു പിടിക്കും, ഇപ്പോള്‍ തന്നെ ഉള്ളില്‍ നി്ന്നു ചീഞ്ഞുനാറിത്തുടങ്ങിയ സാഹിത്യപൊതുമണ്ഡലം കൂടുതല്‍ അസഹ്യമാകും, ഇന്നു നിലവിലുള്ള ബൌദ്ധിക ഉച്ചനീചത്വങ്ങള്‍ ഇനിയും വഷളാകും, ഒടുവില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന യാതൊന്നും അതില്‍ ഉണ്ടാവില്ല എന്ന തോന്നലാണ് എന്നെക്കൊണ്ട് ഇത്രയും എഴുതിച്ചത്."


 
First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...