കവിതാ വിവാദത്തിൽ ഉള്‍പ്പെട്ട അധ്യാപിക ദീപാ നിശാന്തിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കടുത്ത വിമർനവുമായി എഴുത്തുകാരി ജെ. ദേവിക. ദീപാ നിശാന്തിനെ മാപ്പാക്കണമെന്നു പറഞ്ഞ് പോസ്റ്റിടുന്നവർ ഉണ്ടാക്കുന്ന ഓക്കാനം സംഘികൾ ഉണ്ടാക്കുന്ന രോഷത്തെക്കാൾ അസഹ്യമാണെന്നും ആ നിലയിലേക്കു സ്വയമിങ്ങനെ താഴാൻ നിങ്ങൾക്ക് നാണമില്ലേ, ദീപാ നിശാന്ത് എന്നും ദേവിക ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദേവികയുടെ പ്രതികരണം.
ദീപാ നിശാന്തിന് കാത്തിരുന്ന് മറുപടി നല്‍കി ഊര്‍മ്മിള ഉണ്ണി
പ്രണയത്തിൽ വീണു പോയ പതിനാറുകാരിയായി ദീപാ നിശാന്തിനെ ചിത്രീകരിക്കുന്ന ഈ രീതി സ്ത്രീവിരുദ്ധമാണെന്നും സ്ത്രീകൾ ധാർമ്മികബാദ്ധ്യത ചുമക്കാൻ കഴിവില്ലാത്ത വികാരജീവികളാണെന്ന ആ പിതൃമേധാവിത്വ ധാരണയെ കൂട്ടുപിടിച്ച് അവരെ രക്ഷിക്കാൻ നോക്കരുതെന്നും ദേവിക വിമർശിക്കുന്നു
ജെ. ദേവികയുടെ എഫ്. ബി പോസ്റ്റിന്റെ പൂർണ്ണരൂപം :
ദീപാ നിശാന്തിനെ പ്രണയത്തിൽ വീണു പോയ പതിനാറുകാരിയായി ചിത്രീകരിക്കുന്ന ഈ രീതിയാണ് ശരിക്കും സ്ത്രീവിരുദ്ധം. സ്ത്രീകൾ ധാർമ്മികബാദ്ധ്യത ചുമക്കാൻ കഴിവില്ലാത്ത വികാരജീവികളാണെന്ന ആ പിതൃമേധാവിത്വ ധാരണയെ കൂട്ടുപിടിച്ച് അവരെ രക്ഷിക്കാൻ നോക്കരുത്.
ഈ സ്ത്രീ മുതിർന്നവളാണ്. പൌരിയാണ്. അദ്ധ്യാപികയാണ്. ഉത്തരവാദിത്വത്തോടെ പെരുമാറാൻ കഴിയേണ്ടവളാണ്. ശരിക്കും, ഈ ചെയ്തി അവരുടെ സർവിസ് റെക്കോഡിൽ വരേണ്ടതാണ്. നല്ലകുട്ടികളിക്കുന്ന സ്ത്രീകൾക്കു മാത്രം അതൊന്നും ബാധകമല്ലെന്നു വന്നുകൂട.
സ്ത്രീയെ ആധുനികസമൂഹത്തിലേക്കു പാകപ്പെടുത്തേണ്ട ഉത്തരവാദിത്വം സാമൂഹ്യപരിഷ്കാക്കാരികളായ പുരുഷനാണെന്ന ധാരണ വ്യാപകമായ 1920-20കളിൽ പലരും ഉന്നയിച്ച ആശയമാണ്,
ഉത്തമസ്ത്രീ അവസാനവിശകലനത്തിൽ കുട്ടിയാണെന്നത്. അതായത് സാമൂഹ്യപരിഷ്ക്കർത്താവായ ഭർത്താവ് നിരന്തരം വളർത്തിയെടുക്കേണ്ടവൾ.
അന്നാ ചാണ്ടി 1930കളിൽ തിരുവിതാംകൂറിൽ സ്ത്രീകളെ വധശിക്ഷയിൽ നിന്നൊഴിവാക്കിയിരുന്ന ചട്ടത്തിനെതിരെ സംസാരിച്ചത് ഈ കൊച്ചുകുട്ടിയാക്കൽ സ്ത്രീകളെ രണ്ടാംകിടക്കാരാക്കുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്.
ധാർമ്മികബാദ്ധ്യത താങ്ങാനാവുന്ന സ്ത്രീകൾക്കേ അത്മാഭിമാനമുണ്ടാവൂ. എന്നാൽ അതുള്ളവരെ മലയാളിപുരുഷന്മാർക്കു പൊതുവെ ഭയമാണ്. ദീപാ നിശാന്തിനെ മാപ്പാക്കണമെന്നു പറഞ്ഞ് പോസ്റ്റിടുന്നവർ ദയവുചെയ്ത് എന്നെ അൺഫ്രണ്ട് ചെയ്യണം. നിങ്ങൾ ഉണ്ടാക്കുന്ന ഓക്കാനം സംഘികൾ ഉണ്ടാക്കുന്ന രോഷത്തെക്കാൾ അസഹ്യമാണ്.
ആ നിലയിലേക്കു സ്വയമിങ്ങനെ താഴാൻ നിങ്ങൾക്ക് നാണമില്ലേ, ദീപാ നിശാന്ത്? പ്രത്യേകിച്ച് ആണധികാരികൾക്കു രുചിക്കാത്ത വിധത്തിൽ സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സ്ത്രീകളെല്ലാം വ്യാപകമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിൽ. 1990കൾക്കു മുൻപുണ്ടായിരുന്ന സ്ത്രീശബ്ദശൂന്യതയിലേക്കു കേരളത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന ഈ നാട്ടിൽ.
ഇവരും ഈ ചിത്രനും വളർന്നതിന് ഉത്തരവാദി ഇവിടുത്തെ മീഡിയോക്കറായ വായനാസമൂഹവും കൂടിയാണ്. കേരളത്തിലിന്ന് മീഡിയോക്കർ എഴുത്തിന് വലിയ വിപണിയുണ്ട്. അതിന് സ്ത്രീരൂപവും പുരുഷരൂപവും ഉണ്ട്, അവയിൽ ലിംഗപ്രത്യേകതകൾ പ്രദർശിപ്പിക്കപ്പെടുന്നത് പഠിക്കേണ്ട വിഷയമാണ്. കേരളത്തിൽ പുരുഷാധികാരവിരുദ്ധ ആത്മപ്രകാശനത്തിൻറെ മുഖ്യവാഹനമായിരുന്ന ആത്മകഥയെ നിസ്സാരവത്ക്കരിച്ചുകൊണ്ടുള്ള എഴുത്താണ് മീഡിയോക്കർ പെണ്ണെഴുത്ത് (ഈ വാക്കുണ്ടാക്കിയവർ ദയവായി ക്ഷമിക്കുക) ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്നത്.
സാഹിത്യവിമർശനത്തിന് സ്വന്തം പിതൃമേധാവിത്വപ്പട്ടം അഴിച്ചുവച്ച് സ്വയം പുനർനിർമ്മിക്കാനായിട്ടില്ല, 1980കൾക്കു ശേഷം. അതുകൊണ്ട് വിപണിയാണ് സാഹിത്യത്തെ നിർണ്ണയിക്കുന്നത്, മറക്കരുത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Deepa nishanth, Kerala, Kerala news, കവിത മോഷണം, ദീപാ നിശാന്ത്