നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടികള്‍ വിലയുള്ള ഭൂമി ആശുപത്രിക്കായി സര്‍ക്കാരിന് ദാനം നല്‍കിയ മുത്തശ്ശി വിടവാങ്ങി; ഒരു തുണ്ട് ഭൂമിയില്ലാതെ

  കോടികള്‍ വിലയുള്ള ഭൂമി ആശുപത്രിക്കായി സര്‍ക്കാരിന് ദാനം നല്‍കിയ മുത്തശ്ശി വിടവാങ്ങി; ഒരു തുണ്ട് ഭൂമിയില്ലാതെ

  കുടുംബസ്വത്തായി കിട്ടിയ ഒന്നേകാല്‍ ഏക്കറില്‍ ഒരേക്കര്‍ ഭൂമി വിളപ്പില്‍ശാലയില്‍ ആശുപത്രി സ്ഥാപിക്കാന്‍ 1957ലാണ് സരസ്വതിഭായി സൗജന്യമായി നല്‍കിയത്.

  • Share this:
   കോടികള്‍ വിലമതിക്കുന്ന ഭൂസ്വത്ത് വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് ദാനമായി നല്‍കിയ മുത്തശ്ശി അന്തരിച്ചു. വിളപ്പില്‍ശാല അമ്പലത്തും വിള സ്വദേശിനി ജെ. സരസ്വതിഭായിയാണ് മരിച്ചത്. 96 വയസായിരുന്നു. അസുഖബാധിതയായി കിടപ്പിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.

   കുടുംബസ്വത്തായി കിട്ടിയ ഒന്നേകാല്‍ ഏക്കറില്‍ ഒരേക്കര്‍ ഭൂമി വിളപ്പില്‍ശാലയില്‍ ആശുപത്രി സ്ഥാപിക്കാന്‍ 1957ലാണ് സരസ്വതിഭായി സൗജന്യമായി നല്‍കിയത്. ബാക്കി 25- സെന്റ് പാവങ്ങള്‍ക്കു വീടുവയ്ക്കാനും നല്‍കി. ദാനം നല്‍കിയ ഭൂമിക്ക് നിലവില്‍ 10 കോടിയോളം രൂപ വിലമതിക്കും.

   1961-ല്‍ വിളപ്പില്‍ശാല ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള, സരസ്വതിഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അനുമോദിച്ചിരുന്നു. ഭൂമി ദാനം ചെയ്തതിനു പകരമായി സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സമ്പന്നതയില്‍ കഴിഞ്ഞിരുന്ന കുടുംബം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്ഷയിച്ചു. പേരക്കുട്ടിക്ക് ജോലിതേടി സരസ്വതിഭായി മന്ത്രി മന്ദിരങ്ങള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

   2013-ല്‍ വിളപ്പില്‍ശാല ആശുപത്രി സാമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തി നിര്‍മിച്ച ബഹുനില മന്ദിരത്തിന് സരസ്വതിഭായിയുടെ പേരു നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിച്ചില്ല. എന്നാല്‍ പൊതുജന പ്രക്ഷോഭം ആരംഭിച്ചതോടുകൂടി ഒടുവില്‍ അധികാരികള്‍ ആശുപത്രി ഹാളിന് മാത്രമായി ഇവരുടെ പേര് നല്‍കുകയും ഛായാചിത്രം സ്ഥാപിക്കുകയുമായിരുന്നു. ഈ ഹാളിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. മുത്തശ്ശിക്ക് നാട് പകരം നല്‍കിയത് ഇതു മാത്രമാണ്.

   വിവിധ തുറകളിലുള്ള നിരവധി പേര്‍ സരസ്വതി ഭായിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഐ ബി സതീഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. മികച്ച ആരോഗ്യപ്രവര്‍ത്തകന് ഇവരുടെ സ്മരണയ്ക്കായി സരസ്വതിഭായി പുരസ്‌കാരം ഏര്‍പ്പെടുത്തി. വിളപ്പില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ പുളിയറക്കോണം പ്രതീക്ഷ ട്രസ്റ്റാണ് പുരസ്‌കാരം നല്‍കുന്നത്.

   Read also: കോവിഡ് ബാധിച്ച് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് പുതുജീവൻ നൽകി നഴ്സ്; ജീവൻ രക്ഷിച്ചത് കൃത്രിമ ശ്വാസം നൽകി

   കൃഷ്ണ പിള്ളയാണ് സരസ്വതി ഭായിയുടെ ഭര്‍ത്താവ്. മക്കള്‍: ജയധരന്‍ നായര്‍, സുധാകരന്‍ നായര്‍, പ്രഭാകരന്‍ നായര്‍, രാജലക്ഷ്മി, ഭദ്രകുമാര്‍, ജയലക്ഷ്മി, അംബാലിക ദേവി, പരേതരായ രാജമോഹനന്‍ നായര്‍, അജിത്ത് കുമാര്‍. ഭര്‍ത്താവിന്റെ മരണശേഷം മകന്‍ റിട്ട. എസ്.ഐ. ഭദ്രകുമാറിന്റെയും മരുമകള്‍ ശാന്തകുമാരിയുടെയും സംരക്ഷണയിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.
   Published by:Sarath Mohanan
   First published:
   )}