• HOME
  • »
  • NEWS
  • »
  • kerala
  • »
  • യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ ഒന്നായിപ്പോകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അംഗീകരിക്കില്ല എന്ന് യാക്കോബായ സഭ

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ ഒന്നായിപ്പോകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അംഗീകരിക്കില്ല എന്ന് യാക്കോബായ സഭ

പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ നടന്ന അടിയന്തിര മാനേജിംഗ്-വര്‍ക്കിംഗ് കമ്മിറ്റികളാണ് തീരുമാനമെടുത്തത്

യാക്കോബായ സഭ

യാക്കോബായ സഭ

  • Share this:
കൊച്ചി: 1934ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ ഒന്നായിപ്പോകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ. പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ നടന്ന അടിയന്തിര മാനേജിംഗ്-വര്‍ക്കിംഗ് കമ്മിറ്റികളാണ് തീരുമാനമെടുത്തത്. യാക്കോബായ വിഭാഗം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും വിശ്വാസികളെ ഭിന്നിപ്പിയ്ക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച് യാക്കോബായ സഭ മെത്രപ്പോലീത്താ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോടതി വിധികള്‍ക്ക് സഭ എതിരല്ല. എന്നാല്‍ പരമോന്നത കോടതിവിധികളുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതില്‍ കീഴ്‌ക്കോടതികള്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിയ്‌ക്കേണ്ടതില്ല. എന്നാല്‍ ചില കാര്യങ്ങള്‍ മാത്രം കോടതിയുടെ നിരീക്ഷണത്തില്‍പ്പെടാത്ത് ഖേദകരമാണ്. സുന്നഹദോസിന് ശേഷം കാര്യങ്ങള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചിനെ ബോധ്യപ്പെടുത്തും. ഇരുസഭകളും തമ്മിലുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് വേണമെങ്കിൽ മുന്‍കയ്യെടുക്കാം. ചര്‍ച്ചകളോട് സഭ പൂര്‍ണ്ണമായി സഹകരിയ്ക്കും. എന്നാല്‍ മുമ്പ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് തടത്തിയ ചര്‍ച്ചകളോട് ഓര്‍ത്തഡോക്‌സ് പക്ഷം പൂര്‍ണ്ണ നിസഹകരണമാണ് കാട്ടിയത്.

സര്‍ക്കാരുമായും ഏത് ഏജന്‍സികളുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. പള്ളികള്‍ക്കും സ്വത്ത് വകകള്‍ക്കുമപ്പുറം ആരാധനാക്രമത്തിനായും വിശ്വാസസംരക്ഷണത്തിനുമായാണ് സഭയുടെ പോരാട്ടം. യാഥാര്‍ത്ഥ്യങ്ങളിലേക്ക് ജുഡിഷ്യറിയും ഓര്‍ത്തഡോക്‌സ് സഭയും കണ്ണുതിറക്കണമെന്നും യാക്കോബായ സഭ അവശ്യപ്പെട്ടു.യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ നില നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് യാക്കോബായ സഭ അടിയന്തിര മാനേജിംഗ്-വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നത്. പരിഗണനിയില്‍ വന്ന കേസിനപ്പുറം നിരീക്ഷണങ്ങള്‍ നടത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കണമെന്ന് മാനേജിംഗ് കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നത്. കേസിന്റെ ഭാഗമായി ഹൈക്കോടതിയില്‍ ജുഡിഷ്യല്‍ ആക്ടിവിസമാണ് നടക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

സഭാ തര്‍ക്കം ഇങ്ങനെ തുടരുന്നത് ആര്‍ക്കുവേണ്ടിയെന്ന് പള്ളികൾക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിയ്ക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു സഭയും ഒരു ഭരണഘടനയും മാത്രമേ ഉള്ളൂവെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. 1934ലെ ഭരണഘടന പ്രകാരം മാത്രമേ പള്ളികള്‍ ഭരിക്കാനാകൂ. ആ ഭരണഘടന അംഗീകരിക്കുന്ന വികാരിമാരെയും വിശ്വാസികളെയും പള്ളികളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാനാകില്ല. തര്‍ക്കം അവസാനിപ്പിച്ച് ഇരു സഭകളും സമവായത്തിലെത്തണമെന്നും കോടതി അഭ്യര്‍ഥിച്ചു.

തര്‍ക്കം കൊണ്ട് വിശ്വാസികള്‍ക്ക് ഒരു നേട്ടവുമില്ല. കുറേ ദേവാലയങ്ങള്‍ അടച്ചു പൂട്ടുകയും കുറേ രക്തച്ചൊരിച്ചില്‍ ഉണ്ടാവുകയും ചെയ്തതാണ് തര്‍ക്കത്തിന്‍റെ ബാക്കി പത്രം. സഭാ തര്‍ക്കം ദൈവത്തിനുപോലും വേദനയുണ്ടാക്കുന്നു. നിയമപോരാട്ടത്തിന്‍റെ പാത അവസാനിച്ചു. ഇത് മറക്കാനും പൊറുക്കാനുമുള്ള സമയമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മിപ്പിച്ചു. ഇരു സഭകളുടെയും നേതൃത്വം നല്‍കുന്നവര്‍ ഇക്കാര്യം ചിന്തിക്കണമെന്നും കോടതി അഭ്യര്‍ഥിച്ചു.

കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നത് ശരിയില്ല. ക്രമസമാധാന പ്രശ്നം മൂലം സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നു. പൊലീസ് നടപടിയിലൂടെയല്ല സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മിപ്പിച്ചു.

കോടതി മുന്നോട്ട് വച്ച നിര്‍ദേശങ്ങളില്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമന്ദ്രന്‍ സഭാ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
1934 ലെ ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് യാക്കോബായ സഭ വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. തങ്ങളോട് മാത്രം ചോദ്യങ്ങള്‍ ചോദിയ്ക്കുന്ന കോടതി മറ്റുകാലഘട്ടങ്ങളിലായി രൂപംകൊണ്ട ഭരണഘടനയേക്കുറിച്ച് മറവിഭാഗത്തോടും ചോദ്യങ്ങള്‍ ചോദിക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെടുന്നു.

ശ്രേഷ്ഠ കത്തോലിക്കാബാവയുടെ അനാരോഗ്യം കണക്കിലെടുത്ത് നിയുക്ത ബാവയെ തെരഞ്ഞെടുക്കണമെന്ന് സുന്നഹദോസിനോട് ആവശ്യപ്പെടാനും യോഗങ്ങളില്‍ തീരുമാനമായി. ഇതടക്കമുള്ള കാര്യങ്ങളില്‍ 19ന് നടക്കുന്ന സുന്നഹദോസ് തീരുമാനമെടുക്കും.
Published by:user_57
First published: