• HOME
  • »
  • NEWS
  • »
  • kerala
  • »
  • JACOBITE ORTHODOX CHURCH DISPUTE JACOBITE CHURCH TO RESUME STRIKE GG TV

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; സമരം പുനരാരംഭിക്കാൻ യാക്കോബായ സഭ

കോടതി ഉത്തരവിന്റെ മറവിൽ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് യാക്കോബായ സഭയുടെ പള്ളികൾ ഓർത്തഡോക്സ് സഭയ്ക്ക് പിടിച്ചു കൊടുക്കുകയാണെന്ന് യാക്കോബായ സഭ വർക്കിങ് കമ്മിറ്റി കുറ്റപ്പെടുത്തി .

orthodox jacobite

orthodox jacobite

  • Share this:
കൊച്ചി: യാക്കോബായ സഭയുടെ പള്ളികൾ പിടിച്ചെടുക്കുന്നതിലും സമാധാന ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് സഭ പിന്മാറിയതിലും പ്രതിഷേധിച്ച് സഹന  സമരം പുനരാരംഭിക്കാൻ യാക്കോബായ സഭ. നവംബർ 22 ന് പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലും സൂചന സത്യഗ്രഹ സമരം നടത്തും .

27 നു ചേരുന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ  അനുമതിയോടെ സംസ്ഥാനമൊട്ടാകെ വിശ്വാസ സംരക്ഷണ ജാഥ സംഘടിപ്പിക്കും. തുടർന്ന് സെക്രട്ടറിയേറ്റ് നടയിലും ഇടവക പള്ളികളിലും  അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും.

കോടതി ഉത്തരവിന്റെ  മറവിൽ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് യാക്കോബായ സഭയുടെ പള്ളികൾ ഓർത്തഡോക്സ് സഭയ്ക്ക് പിടിച്ചു കൊടുക്കുകയാണെന്ന് യാക്കോബായ സഭ വർക്കിങ് കമ്മിറ്റി കുറ്റപ്പെടുത്തി .

കോടതി അലക്ഷ്യ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്  മുടവൂർ സെൻറ് ജോർജ്ജ് യാക്കോബായ പള്ളി രഹസ്യ നീക്കത്തിലൂടെ   പിടിച്ചെടുത്തത്. മുളന്തുരുത്തി മാർത്തോമാ പള്ളിയിലും  ഇതേ സംഭവങ്ങൾ തന്നെയാണ് ആവർത്തിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ പുരോഗമിക്കുന്നതു  കൊണ്ട് യാക്കോബായ സഭ പ്രത്യക്ഷ സമരപരിപാടികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.
എന്നാൽ ചർച്ചകൾ ഒരു വശത്ത്  പുരോഗമിക്കുമ്പോഴും കോടതി ഉത്തരവ് മറയാക്കി കൊണ്ട്  ഓർത്തഡോക്സ് സഭ പള്ളി പിടുത്തം  തുടരുകയാണെന്ന്  യാക്കോബായ സഭാ നേതൃത്വം കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിൽ സമരം പുനരാരംഭിക്കേണ്ടതുണ്ടെന്ന്  പുത്തൻകുരിശിൽ ചേർന്ന സഭയുടെ  അടിയന്തര വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. കോതമംഗലത്തെ യാക്കോബായ സഭയുടെ ചെറിയപള്ളി ഏറ്റെടുത്ത് നല്കാത്തതിനെതിരെ കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഉത്തരവു നടപ്പാക്കാൻ മൂന്നു മാസത്തെ സാവകാശം തേടിയിരിക്കുകയാണ്   സർക്കാർ .

ഓർത്തഡോക്‌സ് - യാക്കോബായ വിഭാഗങ്ങളുമായി നടത്തുന്ന സമാധാന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും ഇതു പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്നും  അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ചർച്ച നടക്കുകയാണെന്നും ബലം പ്രയോഗിച്ചു പള്ളി പിടിച്ചെടുത്താൽ ജീവനും വസ്തുവകകൾക്കും നാശനഷ്ടമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നും വ്യക്തമാക്കി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസും സത്യവാങ്മൂലം നൽകിയിരുന്നു.



പള്ളി ഏറ്റെടുക്കൽ സംഘർഷത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇതിനിടെയാണ്  യാക്കോബായ സഭ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നതും. ചർച്ചകൾ നടക്കുമ്പോൾ പള്ളികൾ പിടിക്കാമെങ്കിൽ  തങ്ങൾക്ക് സമരവും നടത്താമെന്നാണ് യാക്കോബായ സഭയുടെ നിലപാട്.അതു കൊണ്ട് ഇനിയുള്ള നീക്കങ്ങൾ എളുപ്പമാകില്ല.
Published by:Gowthamy GG
First published:
)}