വിദ്വേഷ പ്രസംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പിസി ജോർജിന് ചികിത്സാ സൗകര്യം ഒരുക്കി ജയിൽ അധികൃതർ. രാത്രിയുറക്കത്തിന് ഓക്സിജൻ മാസ്ക് ജോർജിന് അനുവദിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ജില്ലാ ജയിലിൽ നിന്ന് കൂടുതൽ സംവിധാനങ്ങളുള്ള സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചാണ് ഓക്സിജൻ മാസ്ക് അനുവദിച്ചത്.സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് ജോർജ്.ആശുപത്രി ബെഡ്, ഫാൻ , ടേബിൾ, കസേര എന്നിവ ജോർജിനുള്ള മുറിയിലുണ്ട്.രാത്രി ഭക്ഷണം ചപ്പാത്തിയും വെജിറ്റബിൾ കറിയുമായിരുന്നു.
ആർ പി 5636 എന്നതാണ് സെൻട്രൽ ജയിലിൽ ജോർജിന്റെ നമ്പർ. റിമാൻഡിൽ ആയി ആദ്യം ജില്ലാ ജയിലിൽ എത്തിയ ജോർജിന് ജയിൽ ഭക്ഷണം നൽകി. ഇന്നലത്തെ മെനു അനുസരിച്ചുള്ള ഭക്ഷണമാണ് നൽകിയത്. ചോറ് സാമ്പാർ അവിയൽ തൈര് എന്നിങ്ങനെയായിരുന്നു ഉച്ചഭക്ഷണം. ആർ ബാലകൃഷ്ണപിള്ള, മുൻ ഐജി ലക്ഷ്മണ, എം വി ജയരാജൻ എന്നിവർ കിടന്ന മുറിയിലാണ് പിസി ജോർജ്. ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻകൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. തനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം വിദ്വേഷ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂർ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല എന്നുമാണ് പി സി യുടെ വാദം. ഈ സാഹചര്യത്തിൽ വഞ്ചിയൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നു ജോർജ് ഹർജിയിൽ പറയുന്നു. അതേസമയം കസ്റ്റഡിയിൽ വേണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കുന്നത്. കേസിൽ വീഡിയോ അടക്കം കൈയ്യിൽ ഉള്ളപ്പോൾ എന്തിനാണ് പ്രതിയെ കസ്റ്റഡിയിൽ വെക്കുന്നതെന്ന ഹൈകോടതിയുടെ ചോദ്യത്തിലെ സർക്കാർ മറുപടിയും ഇതിൽ നിർണായകമാകും.
തീവ്രവാദിയോടെന്ന പോലെ പൊലീസ് പെരുമാറിയെന്നും ജാമ്യം നിഷേധിച്ചത് നിയമപരമല്ല എന്നും പിസിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
മതവിദ്വേഷ പ്രസംഗ കേസിൽ പതിനാല് ദിവസത്തേക്കാണ് ജോർജിനെ കോടതി റിമാൻഡ് ചെയ്തത്. ഇന്നലെ രാവിലെ എ.ആര് ക്യാംപില്‍ നിന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പിസി ജോര്‍ജിനെ മജിസ്ട്രേറ്റിന്റെ ചേംബറില്‍ എത്തിച്ചത്. റിമാന്‍ഡ് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു എന്നതടക്കം അദ്ദേഹം മുന്നോട്ട് വച്ച വാദങ്ങളൊന്നും കോടതി പരിഗണിച്ചില്ല.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.