• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'മതസ്പർധ വളർത്താൻ ശ്രമിച്ചു'; എ പി അബ്ദുള്ളകുട്ടിക്കെതിരെ ജമാഅത്തെ ഇസ്ലാമി ഡിജിപിക്ക് പരാതി നല്‍കി

'മതസ്പർധ വളർത്താൻ ശ്രമിച്ചു'; എ പി അബ്ദുള്ളകുട്ടിക്കെതിരെ ജമാഅത്തെ ഇസ്ലാമി ഡിജിപിക്ക് പരാതി നല്‍കി

രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയത പടര്‍ത്താനുള്ള ആസൂത്രിത ശ്രമത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.

എ പി അബ്ദുള്ളക്കുട്ടി

എ പി അബ്ദുള്ളക്കുട്ടി

 • Share this:
  കോഴിക്കോട്: മതസ്പർധ വളര്‍ത്തുന്ന തരത്തിലും മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വര്‍ഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ചു ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടിക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പരാതി സമര്‍പ്പിച്ചു.

  വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവെന്ന് ആരോപിച്ച് അബ്ദുള്ള കുട്ടി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിനെതിരെയാണ് പരാതി. ഹിന്ദു- മുസ്ലിം മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും വൈര്യവും സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അബ്ദുള്ളകുട്ടിയുടേതെന്നും വ്യാജവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രസ്താവനകളിലൂടെ വിവിധ മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും സ്പർധയും പടര്‍ത്തി കലാപത്തിനുള്ള ശ്രമമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയത പടര്‍ത്താനുള്ള ആസൂത്രിത ശ്രമത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.

  വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാന്‍ നേതാവായിരുുവെന്നും 'മാപ്പിള ലഹള' ഹിന്ദു വിരുദ്ധ കലാപമായിരുവെന്നും ആരോപിച്ച അബ്ദുള്ള കുട്ടി ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ താലിബാനിസം നടപ്പാക്കുകയാണെന്നും ഐ എസ് ബന്ധമാരോപിച്ചു കണ്ണൂരില്‍ നിന്നും എന്‍ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമി ആണെന്നും ആരോപിച്ചിരുന്നു.

  'വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവ്'- അബ്ദുള്ളക്കുട്ടി പറഞ്ഞത്.... 

  ''വാരിയൻ കുന്നന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു. വാരിയംകുന്നന് സ്മാരകമുണ്ടാക്കാന്‍ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത് ഇ എം എസിന്‍റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇഎംഎസ് പറഞ്ഞത് മുസ്‍ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇഎംഎസിന്‍റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെങ്കിലും സ്മാരകമുണ്ടാക്കുന്നവര്‍ മനസിലാക്കണം''.

  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസർച്ച് (ഐസിഎച്ച്ആർ) നിയോഗിച്ച മൂന്നംഗ സമിതിയാണ് ശുപാർശ ചെയ്തത്. മലബാർ കലാപം ഉയർത്തിയ മുദ്രാവാക്യങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയോ ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി. ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും കലാപം വിജയിച്ചാൽ അത് സംഭവിക്കുമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. ശരിഅത്ത് കോടതി സ്ഥാപിച്ച കലാപകാരി മാത്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും അദ്ദേഹം നിരവധി ഹിന്ദുക്കളെ വധിച്ചുവെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ടെന്ന് സൂചനയുണ്ട്.
  Published by:Rajesh V
  First published: