HOME » NEWS » Kerala » JANARDHANAN IS AMONG THOSE 500 TO BECOME A SPECIAL GUEST IN SWEAR IN CEREMONY

ആ 500 പേരിലുണ്ട് ജനാർദനൻ; വിശിഷ്ടാതിഥിയായി

രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥിയായി ജനാർദ്ദനൻ എന്ന മനുഷ്യസ്നേഹിയെയും ക്ഷണിച്ചിരിക്കുകയാണ് സർക്കാർ. സർക്കാരിന്‍റെ ക്ഷണം ഗേറ്റ് പാസ് ഉൾപ്പടെ ഇതിനോടകം ജനാർദ്ദനന് ലഭിച്ചു കഴിഞ്ഞു.

News18 Malayalam | news18-malayalam
Updated: May 18, 2021, 9:08 PM IST
ആ 500 പേരിലുണ്ട് ജനാർദനൻ; വിശിഷ്ടാതിഥിയായി
ജനാർദ്ദനൻ
  • Share this:
ജനാർദ്ദനനെ ഓർമ്മയില്ലേ. ജീവിതകാല സമ്പാദ്യം മുഴുവൻ വാക്സിൻ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ കണ്ണൂർ സ്വദേശിയായ ബീഡി തൊഴിലാളി. മലയാളിക്ക് അങ്ങനെയങ്ങ് മറക്കാനാകില്ല ജനാർദ്ദനനെ. ഇപ്പോഴിതാ, രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥിയായി ജനാർദ്ദനൻ എന്ന മനുഷ്യസ്നേഹിയെയും ക്ഷണിച്ചിരിക്കുകയാണ് സർക്കാർ. സർക്കാരിന്‍റെ ക്ഷണം ഗേറ്റ് പാസ് ഉൾപ്പടെ ഇതിനോടകം ജനാർദ്ദനന് ലഭിച്ചു കഴിഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് ആകാശത്തിലാണോ ഭൂമിയിലാണോ എന്ന് അറിയാതായെന്ന് കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനൻ. എന്നാൽ കോവിഡും കാലാവസ്ഥയും പരിഗണിച്ച് ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നില്ലന്നും അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു. തന്റെ സമ്പാദ്യം മുഴുവൻ വാക്സിൻ ചാലഞ്ചിനായി സംഭാവന നൽകിയാണ് ജനാർദ്ദനൻ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് കണ്ണൂർ സ്വദേശി ചാലാടൻ ജനാർദ്ദനൻ.

ആകെയുള്ള സമ്പാദ്യമായ രണ്ടുലക്ഷം രൂപ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയാണ് ബീഡി തൊഴിലാളിയായ ജനാർദ്ദനൻ ശ്രദ്ധേയനായത്. നിരവധി പേരാണ് ജനാർദ്ദനന് അഭിനന്ദനവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പരാമർശിക്കുകയും ചെയ്തിരുന്നു.

കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരൻ ആയിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയ കാര്യം അറിയിച്ചത്. അതിനു ശേഷം നടന്ന അന്വേഷണത്തിലാണ് ജനാർദ്ദനനാണ് ആ സംഭവാവന നൽകിയ മനുഷ്യനെന്ന് വെളിപ്പെട്ടത്.

ജനാർദ്ദനനെ സന്ദർശിച്ചശേഷം പി ജയരാജൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

'ഇന്ന് നവമാധ്യങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാർദ്ദനനാണ്. വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തിൽ 850 രൂപ മാത്രം ബാക്കിവെച്ച് രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത് മാതൃകയായി മാറിയ ചാലാടൻ ജനാർദ്ദനന്റെ വീട് അല്പസമയം മുൻപാണ് സന്ദർശിച്ചത്. പെട്ടന്ന് വൈറലായതിന്റെ അമ്പരപ്പിലായിരുന്നു അദ്ദേഹം. ഫണ്ട് നൽകിയപ്പോൾ സമൂഹം ഇത്തരത്തിൽ ആദരിക്കുമെന്ന് ജനാർദ്ദനൻ ഒരിക്കലും കരുതിയിരുന്നില്ല.

ഒരു വർഷം മുൻപാണ് ജനാർദ്ദനന്റെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെൺമക്കളാണ് ജനാർദനന് ഉള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. 36 വർഷം ദിനേശ് ബീഡിയിൽ പണിയെടുത്തതിന് ശേഷമാണ് ജനാർദനൻ പിരിഞ്ഞത്. തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്.

കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമർശങ്ങൾ ജനാർദ്ദനന്റെ മനസിനെ വല്ലാതെ
ഉലച്ചു. സൗജന്യമായി വാക്സിൻ നൽകാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ:പിണറായി വിജയൻറെ ഉറച്ച നിലപാടിന് പിന്തുണ നൽകണമെന്ന് അദ്ദേഹം ഉറപ്പിച്ചു. അന്ന് രാത്രി ഉറങ്ങാനായില്ല. പിറ്റേദിവസം ബാങ്കിലെത്തി ഫണ്ട് നൽകിയതിന് ശേഷം സുഖമായി
ഉറങ്ങി.

തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്. പാവപ്പെട്ട കുടുംബത്തിന്റെ നാഥന്
പോലും ഇത്തരത്തിൽ പ്രതികരിക്കാൻ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം. സൗജന്യമായി വാക്സിൻ നൽകാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാർദ്ദനനെ പോലുള്ളവർ ഉയർത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ.??'
Published by: Anuraj GR
First published: May 18, 2021, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories