കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ത്ത് കൊണ്ടാണ് ജെബി മേത്തര്‍ (Jebi Mather) കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് എത്തുന്നത്. കേരളത്തിൽ നിന്നും പാർലമെന്റിൽ എത്തുന്ന ആദ്യത്തെ മുസ്ലിം വനിതയാകും ജെബി.42 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നും കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. എ കെ ആന്റണിയുടെ ഒഴിവിൽ രാജ്യസഭയിലേക്ക് പോകുന്ന ജെബി കേരളത്തിൽ നിന്നുള്ള ഒൻപത് അംഗങ്ങളിൽ കോൺഗ്രസിന്റെ ഏക പ്രതിനിധിയാകും .
രാജ്യസഭാ സീറ്റിലേക്ക് പല പ്രമുഖരുടെയും പേരുകള്‍ ആദ്യം മുതല്‍ക്കെ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിരുന്നു. അപ്പോഴും ജെബി മേത്തറുടെ പേര് ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന് കേട്ടിരുന്നില്ല. ഒടുവില്‍ ഹൈക്കമാന്‍ഡിന്റെ അനുമതി വാങ്ങനായി സ്ഥാനാര്‍ത്ഥി പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ഡല്‍ഹിയിലേക്ക് പോയി. അവസാനം പ്രമുഖരെല്ലാം ജെബി മേത്തറുടെ പേരിന് മുന്പില് വഴി മാറി. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് പൂര്‍ണ തൃപ്തനെന്ന് സുധാകരനും നിലപാട് എടുത്തു.
കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തർ. ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായ ജെബി 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയാണ്. രാജ്യസഭാ സ്ഥാനാര്‍ത്ഥി ആയതോടെ നഗരസഭാംഗത്വം രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലതിക സുഭാഷ് രാജിവെച്ചതിനെ തുടര്‍ന്നാണ് ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയാകുന്നത്.
കെപിസിസി അധ്യക്ഷൻ കെ സുധാകരനുൾപ്പെടെ സംസ്ഥാനത്തു നിന്നുള്ള നേതാക്കൾ നിർദേശിച്ച പലപേരുകൾ തള്ളിയാണ് ജെബി മേത്തരെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത് .കുടുംബ പശ്ചാത്തലം, സമുദായം,പ്രായം, വനിത, കെസി വേണുഗോപാലിന്റെ പിന്തുണ എന്നിവ ജെബി മേത്തറിന് അനുകൂലമായി.എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ സുധാകരൻ ശ്രമിച്ചിരുന്നു എന്ന വാർത്തകൾക്കിടെയാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. ഇത് പാർട്ടിയിലെ പുതിയ സമവാക്യങ്ങൾക്ക് വഴിതെളിച്ചേക്കാം.
1980 ൽ ലീല ദാമോദര മേനോൻ വിരമിച്ച ശേഷം ആദ്യമായാണ് സംസ്ഥാന കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.
യുവതലമുറയില്‍ നിന്നുള്ള അംഗത്തെ പാര്‍ലമെന്റിലേക്ക് അയക്കുന്നതിലൂടെ കോണ്‍ഗ്രസിനുള്ളിലും കാര്യമായ മാറ്റങ്ങള്‍ ഇനി മുതല്‍ ഉണ്ടാകുമെന്ന സൂചനയാണ് കെപിസിസി നേതൃത്വം നല്‍കുന്നത്. വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും കെപിസിസി 'യുവതരംഗ' സമവാക്യം പരീക്ഷിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.