ഡൽഹി: കേരളത്തിൽ നിന്ന് കോൺഗ്രസിന് (Congress) ജയസാധ്യതയുള്ള രാജ്യസഭാ (Rajya Sabha) സീറ്റിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ (Jebi Mather) മത്സരിക്കും. കേരളത്തിൽ നിന്നും പാർലമെന്റിൽ എത്തുന്ന ആദ്യത്തെ മുസ്ലിം വനിതയാകും ജെബി.42 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നും കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. എ കെ ആന്റണിയുടെ ഒഴിവിൽ രാജ്യസഭയിലേക്ക് പോകുന്ന ജെബി കേരളത്തിൽ നിന്നുള്ള ഒൻപത് അംഗങ്ങളിൽ കോൺഗ്രസിന്റെ ഏക പ്രതിനിധിയാകും .
കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തർ. ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായ ജെബി 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയാണ്.
പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. കെപിസിസി സമർപ്പിച്ച അന്തിമ പട്ടികയിൽ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.
കെപിസിസി അധ്യക്ഷൻ കെ സുധാകരനുൾപ്പെടെ സംസ്ഥാനത്തു നിന്നുള്ള നേതാക്കൾ നിർദേശിച്ച പലപേരുകൾ തള്ളിയാണ് തീരുമാനം.കുടുംബ പശ്ചാത്തലം, സമുദായം,പ്രായം, വനിത, കെസി വേണുഗോപാലിന്റെ പിന്തുണ എന്നിവ ജെബി മേത്തറിന് അനുകൂലമായി.എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ സുധാകരൻ ശ്രമിച്ചിരുന്നു എന്ന വാർത്തകൾക്കിടെയാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. ഇത് പാർട്ടിയിലെ പുതിയ സമവാക്യങ്ങൾക്ക് വഴിതെളിച്ചേക്കാം.
1980 ൽ ലീല ദാമോദര മേനോൻ വിരമിച്ച ശേഷം ആദ്യമായാണ് സംസ്ഥാന കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.
അസമിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് ബിപുൻ റവയെയും പ്രഖ്യാപിച്ചു.
Congress to field Mahila Congress State Chief Jebi Mather as the candidate for the lone Rajya Sabha seat it expects to win from Kerala in the March 31 elections.
Published by:Chandrakanth Viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.