കോട്ടയം: തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാൻഡിൽ ജീവനക്കാർ അച്ഛനെയും മകളെയും മര്‍ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിക്ക് നൽകിയ പരസ്യം പിൻവലിച്ച് ജുവലറി ഉടമ. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജുവലറിയുടെ പരസ്യമാണ് ഉടമ പിൻവലിച്ചതായി അറിയിച്ചത്. പ്രതിമാസം നല്‍കിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിന്‍വലിച്ചത്.
ഇതുസംബന്ധിച്ച് എം.ഡി.ക്ക് കത്ത് നല്കി. മര്‍ദനമേറ്റ കുച്ചപ്പുറം സ്വദേശി പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് മൂന്നുവര്‍ഷത്തെ യാത്രാച്ചെലവിനായി 50,000 രൂപയുടെ ചെക്ക് നൽകുകയും ചെയ്തു. പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആര്.ടി.സി.യില്നിന്ന് ഇത്തരം പെരുമാറ്റമല്ല ജനം ആഗ്രഹിക്കുന്നതെന്ന് ജുവലറി ഉടമ പറഞ്ഞു.
അതേസമയം കാലാവധി കഴിഞ്ഞതിനാല്‍ കെഎസ്ആര്‍ടിസി ബസുകളിൽ നിന്ന് പരസ്യങ്ങൾ നീക്കം ചെയ്യാനായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ ഈ ജുവലറിയുടെ പേരുമുണ്ട്. കഴിഞ്ഞമാസം 16നാണ് ഉത്തരവിട്ടത്. ഓഗസ്റ്റ് 18 ന് മുൻപ് നീക്കം ചെയ്യണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിനായി അധികാരികളെ ചുമതലപ്പെടുത്തണമെന്നും നിർദേശിക്കുന്നു.
ചൊവ്വാഴ്ച രാവിലെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവമുണ്ടായത്. പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന് ആമച്ചല്‍ ഗ്രീരേഷ്മയില്‍ പ്രേമനനാണ് (53) മര്‍ദനമേറ്റത്. മകള്‍ മലയിന്‍കീഴ് മാധവകവി ഗവ.കോളജില്‍ ബിരുദ വിദ്യാർത്ഥിനിയായ രേഷ്മയുടെ കണ്സഷന് ടിക്കറ്റ് പുതുക്കി വാങ്ങാനെത്തിയതായിരുന്നു പ്രേമനന്. മകള്‍ രേഷ്മയും സുഹൃത്തും ഒപ്പമുണ്ടായിരുന്നു.
കണ്സഷന് ലഭിക്കാന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നു കൗണ്ടറിലിരുന്ന ജീവനക്കാരന് പറഞ്ഞു. 3 മാസം മുന്‍പ് കാര്‍ഡ് എടുത്തപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്കിയതാണെന്നു പ്രേമനന് വിശദീകരിച്ചു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കണ്സഷന് നല്‍കാനാകില്ലെന്നു വാദത്തില്‍ ജീവനക്കാരന് ഉറച്ച് നിന്നതോടെ വാക്കുതകര്‍ക്കമുണ്ടാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 4 കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.