നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Samastha| 'പ്രവര്‍ത്തകര്‍ സമസ്തക്ക് പ്രാധാന്യം നല്‍കണം, സലഫിസത്തെ എതിര്‍ക്കണം'; നിലപാട് പ്രഖ്യാപിച്ച് ജിഫ്രി തങ്ങള്‍

  Samastha| 'പ്രവര്‍ത്തകര്‍ സമസ്തക്ക് പ്രാധാന്യം നല്‍കണം, സലഫിസത്തെ എതിര്‍ക്കണം'; നിലപാട് പ്രഖ്യാപിച്ച് ജിഫ്രി തങ്ങള്‍

  അധിക്ഷേപങ്ങള്‍ക്ക് പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്നും സമസ്തയുടെ നിലപാടിനെതിരെ നില്‍ക്കുന്നവര്‍ സംഘടനയിലുണ്ടാവില്ലെന്നും തങ്ങള്‍ പറഞ്ഞു.

   സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍

  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍

  • Share this:
  കോഴിക്കോട്: വഖഫ് പ്രക്ഷോഭത്തില്‍ (Waqf Protest) നിലപാടെടുത്തതിന്റെ പേരില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് സമസ്ത (Samastha) പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (Jifri Muthukkoya Thangal). അധിക്ഷേപങ്ങള്‍ക്ക് പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്നും സമസ്തയുടെ നിലപാടിനെതിരെ നില്‍ക്കുന്നവര്‍ സംഘടനയിലുണ്ടാവില്ലെന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗിന് സ്വാധീനമുള്ള സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സംഘടനയുടെ നിലപാടും ജിഫ്രി തങ്ങള്‍ ആവര്‍ത്തിച്ചു.

  ' മുസ്ലിം ലീഗുമായി സമസ്തക്ക് നല്ല ബന്ധമാണുള്ളത്. സമസ്തയിലെ ഭൂരിപക്ഷം പേരുടെയും രാഷ്ടീയ പാര്‍ട്ടി മുസ്ലിം ലീഗാണ്. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സമസ്തയിലുണ്ട്. ഭരിക്കുന്ന സര്‍ക്കാറുമായി നല്ല ബന്ധം സമസ്തയ്ക്കുണ്ട്. സര്‍ക്കാറില്‍ നിന്ന് അവകാശങ്ങള്‍ വാങ്ങിയെടുക്കാറുണ്ട്. എന്നാല്‍ എതിര്‍ക്കേണ്ട നിലപാടുകളെ എതിര്‍ത്തിട്ടുമുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അബ്ദുസ്സമദ് സമദാനിയുമെല്ലാം സമസ്തയുടെ വേദിയില്‍ ഇപ്പോള്‍ ഉണ്ട്. അവരെല്ലാം സുന്നിയായതുകൊണ്ടാണ് ഇവിടെ ഇരിക്കുന്നത്. സുന്നി ആശയ പ്രചാരണം വളരെ പ്രധാനപ്പെട്ടതാണ്'- ജിഫ്രി തങ്ങള്‍ പറഞ്ഞു.

  'എന്നെ സംബന്ധിച്ചിടത്തോളം ആക്ഷേപങ്ങളോ ആരോപണങ്ങളോ പറഞ്ഞതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല. സമസ്തക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കൊണ്ട് എന്നെ ആര് ആക്ഷേപിച്ചാലും അതിന് പുല്ലുവിലയേ കല്‍പിക്കുന്നുള്ളൂ. അത് അവജ്ഞയോടെ തള്ളുകയാണ്. സമസ്തയുടെ പ്രവര്‍ത്തകര്‍ സമസ്തക്ക് വേണ്ടി പ്രവര്‍ത്തിക്കണം. നിങ്ങള്‍ക്ക് പല രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഉണ്ടാകും. അതിനൊന്നും പ്രശ്‌നമില്ല. എന്നാല്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ ആദ്യം പ്രാമുഖ്യം കൊടുക്കേണ്ടത് സമസ്തക്കാണ്. സമസ്ത ദീന്‍ ആണ്. സമസ്തക്ക് വേണ്ടി പ്രാധാന്യം കൊടുത്ത് പ്രവര്‍ത്തിക്കണം. ബിദഈകള്‍ക്കെതിരെ (മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പോലുള്ള പുതിയ ആശയങ്ങള്‍) നമ്മുടെ പ്രവര്‍ത്തനം പോരായെന്നാണ് പറയാനുള്ളത്. (2.36) നവോത്ഥാനം പ്രവാചകന്‍ ഉണ്ടാക്കിയതാണ്. അത് പിന്‍പറ്റുന്നത് സമസ്തയാണ്. സമസ്തയുടെ നിലപാട് ഖുര്‍ആന്റെയും ഹദീസിന്റെയും പണ്ഡിത അഭിപ്രായത്തിലും സ്ഥിരപ്പെട്ടതാണ്. മഹാന്മാരെ ബഹുമാനിക്കുന്നവരാണ് സമസ്തയുടെ നിലപാട്'. - ജിഫ്രി തങ്ങള്‍ പറഞ്ഞു.

  Also Read- മദ്യപ്പുഴ! 'മുസ്ലിങ്ങൾ മദ്യം ഉണ്ടാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം'; 3000 ലിറ്റർ മദ്യം കനാലിൽ ഒഴുക്കി താലിബാൻ

  'ഔലിയാക്കളെ തമാശയാക്കുകയും അവരെ മോശം പറയുകയും ചെയ്യുന്നവരുണ്ട്. ഔലിയാക്കളില്‍ അല്ലാഹു നിക്ഷേപിച്ച വിശ്വാസത്തിന്റെ നൂര്‍ അവര്‍ വികസിപ്പിക്കും. ബിദഈ പ്രസ്ഥാനങ്ങളോട് സമസ്തക്ക് ആശയപരമായി എതിര്‍പ്പുണ്ട്. അവരുടെ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അത് ശരിയായ വിശ്വാസമല്ലെന്ന് പ്രബോധനം ചെയ്യേണ്ടത് സമസ്തയുടെ ലക്ഷ്യമാണ്.

  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് പ്രത്യേക ബന്ധങ്ങള്‍ പലരോടുമായി ഉണ്ടാവും. ആ ബന്ധം തെറ്റിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. സമസ്ത ചിലര്‍ക്ക് എതിരാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും അത് വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അവര്‍ സമസ്തയുടെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല. ഇവിടെ പലരും ഇരിക്കുന്നവരില്ല. കുഞ്ഞാലിക്കുട്ടി സമസ്തയോട് അനുഭാവം പുലര്‍ത്തുന്ന സുന്നിയാണ്. സുന്നികളാവുമ്പോള്‍ സുന്നികളുടെ സമ്മേളനത്തിന് വരും. നമ്മുടെ സമ്മേളനങ്ങളെല്ലാം സൗഹൃദ സന്ദേശങ്ങളാണ്.

  'എന്നെ സംബന്ധിച്ചിടത്തോളം സമസ്തയുടെ ആശയം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ആക്ഷേപം ഉന്നയിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടില്ല. അത്തരം ആക്ഷേപങ്ങളെ അര്‍ഹിച്ച അവജ്ഞയോടെ തള്ളുന്നു. വധഭീഷണിയെന്ന് ആരോടും പറഞ്ഞില്ല. പ്രസംഗത്തില്‍ ഉണ്ടായ അനുഭവം പറഞ്ഞതാണ്. ഞാന്‍ ഏതെങ്കിലും പാര്‍ട്ടിക്കെതിരെ പരാതി നല്‍കിയിട്ടുമില്ല.

  Also Read- K Rail | കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കും; സമര സമിതി വിപുലമാക്കാന്‍ UDF

  മാധ്യമങ്ങളില്‍ ആളാവാനാണ് വധഭീഷണിയെക്കുറിച്ച് പറഞ്ഞതെന്ന് ലീഗ് കേന്ദ്രങ്ങള്‍ നടത്തിയ വിമര്‍ശനത്തിനും തങ്ങള്‍ മറുപടി പറഞ്ഞു. ' സമ്മേളനത്തിലേക്ക് വരുമ്പോള്‍ ദഫ് മുട്ടിക്കൊണ്ടുവരാന്‍ കുട്ടികള്‍ എത്താറുണ്ട്. അത്തരം ദഫ് പ്രകടനം ഞാന്‍ വേണ്ടെന്നാണ് പറയാറ്. കാരണം അതില്‍ ഞാന്‍ വലുതായെന്ന തോന്നല്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ്. സമസ്തയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഒരു കാപട്യവും ഇല്ല. സമസ്ത ഒരു വലിയ പ്രസ്ഥാനമാണ്. അതിനോടുള്ള കളി ആരും നടത്തേണ്ട. സമസ്തയോടുള്ള കളി അപകടത്തിലായിരിക്കും. മോശമായ കളി തുടര്‍ന്നാല്‍ അവര്‍ക്ക് മോശമായിരിക്കും'- ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
  Published by:Rajesh V
  First published: