• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നാഷണൽ പ്രോഗ്രസീവ് പാർട്ടി' പ്രഖ്യാപിച്ചു; ചെയര്‍മാന്‍ വിവി അഗസ്റ്റിന്‍, ജോണി നെല്ലൂര്‍ വര്‍ക്കിങ് ചെയര്‍മാന്‍

'നാഷണൽ പ്രോഗ്രസീവ് പാർട്ടി' പ്രഖ്യാപിച്ചു; ചെയര്‍മാന്‍ വിവി അഗസ്റ്റിന്‍, ജോണി നെല്ലൂര്‍ വര്‍ക്കിങ് ചെയര്‍മാന്‍

മറ്റ് മുന്നണികളിൽ നിന്നും പ്രമുഖ നേതാക്കൾ പാർട്ടിയുടെ ഭാഗമാകും എന്നാണ് നേതാക്കളുടെ അവകാശ വാദം

  • Share this:

    കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂർ നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രഖ്യാപിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗവും മുൻ കത്തോലിക്ക കോൺഗ്രസ് മുൻ അധ്യക്ഷനുമായ വി വി അഗസ്റ്റിൻ പാർട്ടി ചെയർമാനും ജോണി നെല്ലൂർ വർക്കിംഗ് ചെയർമാനുമാണ്.ബിജെപി സർക്കാറിനോട് എതിർപ്പോ അമിത അനുകമ്പയോ ഇല്ലെന്നും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ആശങ്ക കേന്ദ്രം ഇടപെട്ട് പരിഹരിക്കണമെന്നും പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.

    ബിജെപി ഉൾപ്പെടെ നിലവിലെ ഒരു പാർട്ടിയോടും അമിത താല്പര്യമോ അയിത്തമോ ഇല്ലെന്ന് പ്രഖ്യാപിച്ചായിരുന്നു നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ പ്രഖ്യാപനം. ബിജെപി നേതാക്കളുമായി പാർട്ടി ചർച്ച നടത്തിയിട്ടില്ല. മോദി രാജ്യത്തിനായി മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും ലോക രാജ്യങ്ങൾക്ക് ഇടയിൽ ഇന്ത്യക്ക് മികവ് ഉണ്ടെന്നും പാർട്ടി ചെയർമാൻ വി വി അഗസ്റ്റിൻ പറഞ്ഞു.

    കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കും. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ആശങ്ക കേന്ദ്രസർക്കാർ പരിഹരിക്കണമെന്ന് വർക്കിങ് ചെയർമാൻ  ജോണി നെല്ലൂർ ആവശ്യപ്പെട്ടു.

    മറ്റ് മുന്നണികളിൽ നിന്നും പ്രമുഖ നേതാക്കൾ പാർട്ടിയുടെ ഭാഗമാകും എന്നാണ് നേതാക്കളുടെ അവകാശ വാദം. ഒരു ലക്ഷം പേരെ ഉൾപ്പെടുത്തി പാർട്ടി കൺവൻഷൻ നടത്തുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തില്ലെന്നും ആവശ്യമെങ്കിൽ ഡൽഹിയിലെത്തി കാണുമെന്ന് നേതാക്കൾ വ്യക്തമാക്കി.

    Published by:Arun krishna
    First published: