മദ്യനയത്തില്‍ സഭയുടെ എതിര്‍പ്പിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണി. സംസ്ഥാന സർക്കാർ പുതിയ മദ്യ നയം പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത വിമർശനം ഈ വിഷയത്തിൽ ഉയർന്നുവന്നിരുന്നു. മദ്യം വൻതോതിൽ ഒഴുക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്നായിരുന്നു പ്രധാനപ്പെട്ട വിമർശനം. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതിയും പുതിയ മദ്യ നയത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി മദ്യനയത്തിൽ നിലപാട് നേരിട്ട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറിയത്.
മദ്യനയം, കെറെയില്‍ വിഷയങ്ങളിലെ കത്തോലിക്കാ സഭയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയപ്പോൾ ആണ് മദ്യനയത്തില്‍ കാര്യമായി പ്രതികരണത്തിന് തയ്യാറാകാതെ ജോസ് കെ മാണി പിൻവാങ്ങിയത്. അതേസമയം , കെ റെയിൽ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കണം എന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആശങ്ക ദൂരീകരിക്കണം എന്നതാണ് ഇക്കാര്യത്തിൽ കേരള കോൺഗ്രസ് നിലപാട് എന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
കത്തോലിക്കാ സഭ കെ റെയിൽ വിഷയത്തിൽ വിമർശനം ഉന്നയിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ സഭയ്ക്ക് വിയോജിപ്പ് പറയാനുള്ള അവകാശം ഉണ്ട് എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. ഇക്കാര്യത്തിൽആശങ്ക ദൂരീകരിക്കും എന്നാണ് സർക്കാർ നിലപാട് എന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. ഇടതുമുന്നണിയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന നിലപാട് ആവർത്തിച്ചിട്ടുണ്ട് എന്ന് ജോസ് കെ മാണി പറഞ്ഞു.
ആശങ്കകൾ പരിഹരിക്കും എന്നതിനപ്പുറത്തേക്ക് കെ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന മുന്നണിയുടെ പൊതു നിലപാട് ഇടതുമുന്നണിയിലെ ഘടക കക്ഷി നേതാവ് കൂടിയായ ജോസ് കെ മാണി ഉന്നയിച്ചില്ല എന്നതാണ് ശ്രദ്ധേയം. നേരത്തെ മാടപ്പള്ളിയിൽ സിൽവർ ലൈൻ വിഷയവുമായി ബന്ധപ്പെട്ട് വലിയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണയിൽ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തിയിരുന്നു. ഈ യോഗത്തിൽ ജോസ് കെ മാണി പങ്കെടുക്കുമെന്ന ആയിരുന്നു ജില്ലയിലെ ഇടതുമുന്നണി നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ജോസ് കെ മാണി യോഗത്തിൽ നിന്ന് അവസാനം വിട്ടുനിൽക്കുകയായിരുന്നു.
തുടർന്ന് കേരള കോൺഗ്രസ് എം പ്രതിനിധിയായി സർക്കാർ ചീഫ് വിപ്പ് പ്രൊഫസർ എൻ ജയരാജാണ് യോഗത്തിന് എത്തിയത്. കെ റെയിൽ വിഷയം സംസ്ഥാനത്ത് വലിയ രീതിയിൽ സംഘർഷങ്ങൾക്ക് കാരണമായപ്പോഴും വിഷയത്തില്‍ കേരള കോൺഗ്രസ്-എം മൗനം പാലിച്ചു. കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ സംഘർഷങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തപ്പോഴും പദ്ധതിയെ അനുകൂലിച്ച് രംഗത്തു വരാൻ പോലും കേരള കോൺഗ്രസ് നേതാക്കൾ തയ്യാറായിരുന്നില്ല.
മദ്യനയത്തിൽ ക്രൈസ്തവ സഭകൾക്ക് കടുത്ത വിമർശനം ഉള്ളപ്പോഴാണ് ജോസ് കെ മാണിയുടെ ഒഴിഞ്ഞു മാറ്റം എന്നതാണ് ശ്രദ്ധേയം. നേരത്തെ പാലായിൽ മാധ്യമങ്ങളെ കണ്ടപ്പോൾ കേരള കോൺഗ്രസ് പ്രതിനിധിയായി മന്ത്രിസഭയിൽ ഉള്ള റോഷി അഗസ്റ്റിനും കാര്യമായ പ്രതികരണങ്ങൾക്ക് തയ്യാറായിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.