കേരളാ കോണ്‍ഗ്രസ് ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം പി ജെ ജോസഫിന് കത്തു നല്കി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ട കത്ത് എംഎൽഎമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും ചേര്‍ന്നാണ് വര്‍ക്കിംഗ് ചെയർമാനായ ജോസഫിന് കൈമാറിയത്. ഇതോടെ കേരളാകോൺഗ്രസിൽ പിളർപ്പ് ഉറപ്പായി.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ജൂണ്‍ 9ന് മുൻപ് തെരെഞ്ഞെടുക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചതിനാല്‍ അതിന് മുമ്പായി സംസ്ഥാന കമ്മിറ്റി ചേരണം. ഇതാണ് ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങൾ രേഖാമൂലം പി ജെ ജോസഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി വിളിക്കാതെ പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ലീഡർ സ്ഥാനം സ്വന്തമാക്കാൻ ആയിരുന്നു ജോസഫ് ശ്രമിച്ചത്. എം എൽ എമാരുടെ അനൗദ്യോഗിക യോഗം ചേർന്ന് ഇത് ഔദ്യോഗികമായി മാറ്റാനാണ് ജോസഫ് ശ്രമിക്കുന്നതെന്ന കടുത്ത ആരോപണമുന്നയിച്ച് ജോസ് കെ മാണി വിഭാഗം വാർത്താ കുറിപ്പ് ഇറക്കി.
സംസ്ഥാന കമ്മിറ്റിയിലെ 127 പേർ കത്തിൽ ഒപ്പിട്ടിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. പാർട്ടി ഭരണഘടന അനുസരിച്ച് നാലിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ യോഗം വിളിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏക വഴി സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കൽ ആണെന്ന് ജോസ് കെ മാണി ആവർത്തിച്ചിരുന്നു. ജോസഫ് ആവശ്യം തള്ളുകയും ചെയ്തിരുന്നു. താഴെ തട്ടിൽ സമവായമുണ്ടാക്കാതെ സംസ്ഥാന കമ്മിറ്റി വിളിയ്ക്കില്ലെന്നും പകരം പാർലമെന്ററി പാർട്ടി യോഗം വിളിക്കുമെന്നും ജോസഫ് പലവട്ടം ആവർത്തിച്ചു കഴിഞ്ഞു. കേരളാ കോൺഗ്രസിലെ ഭിന്നത അതിന്റെ മൂർധന്യതയിൽ എത്തിയതോടെ ഇനി ഒറ്റ ചോദ്യം മാത്രം ബാക്കി, എപ്പോൾ പിളർപ്പ് പൂർണമാകും?
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.