• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആ അധ്യാപകൻ എന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു; സ്കൂൾ പഠനകാലത്തെ ദുരനുഭവം പറഞ്ഞ് മാധ്യമ പ്രവർത്തക

ആ അധ്യാപകൻ എന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു; സ്കൂൾ പഠനകാലത്തെ ദുരനുഭവം പറഞ്ഞ് മാധ്യമ പ്രവർത്തക

'വളരെ ചെറിയ പ്രായത്തിൽ കുട്ടികളുടെ മനസ്സിൽ ഉണ്ടാകുന്ന അപമാനഭാരത്തിന്റെ തോത് മറ്റുള്ളവർക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുന്നതിലും എത്രയോ മുകളിലാണ്'

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കോഴിക്കോട്: അധ്യാപകനെ പൂർവ വിദ്യാർഥി സോഡാകുപ്പി കൊണ്ട് തലയ്ക്കടിച്ചതിന്റെ വാർത്ത ചർച്ചയാകുമ്പോൾ അധ്യാപകൻ കാരണം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ഫ്രീലാൻസ് മാധ്യമ പ്രവർത്തക. കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ഹയർസെക്കണ്ടറി കാലത്താണ് ദുരനുഭവം. ട്രോമയിലായ തനിക്കൊപ്പം നിന്ന മറ്റൊരു അധ്യാപകൻറെ മാതൃകാപരമായ ഇടപെടലാണ് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയതെന്നും പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

ഹയർ സെക്കണ്ടറി കാലഘട്ടത്തിൽ ആണ്. അത്രമേൽ താത്പര്യത്തോടെ വീട്ടിൽ മുട്ടൻ അടി ഉണ്ടാക്കിയിട്ടാണ് മറ്റ് വിഷയങ്ങൾ എടുക്കാതെ ഹ്യുമാനിറ്റീസ് എടുത്ത് ക്ലാസിൽ പോയി തുടങ്ങിയത്. വിരലിൽ എണ്ണാവുന്ന ചിലർ മാത്രമായിരുന്നു അങ്ങനെ വന്ന കുട്ടികൾ. ഞങ്ങൾ തമ്മിൽ മത്സരിച്ചു പഠിക്കുന്ന കാലം. 

ഇംഗ്ളീഷിന് രണ്ട് സാറുമ്മാർ ഉണ്ടായിരുന്നു. ഒരാൾ ഞാൻ കണ്ടതിൽ ഏറ്റവും നല്ല അധ്യാപകനും മറ്റേയാൾ അതിനു മുന്നും പിന്നും ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മോശം അധ്യാപകനും. രണ്ടാമൻ ഒരു ദിവസം ക്ലാസ് ടെസ്റ്റ് നടത്തുന്നു. വാല്യു ചെയ്ത പേപ്പറുകൾ കുട്ടികൾക്ക് കൊടുക്കുന്നു. എന്റെതും തരുന്നു. ഏറ്റവും മുന്നിലെ ബെഞ്ചിലാണ് അന്ന് ഞാൻ ഇരിക്കുന്നത്. ഫ്രണ്ട് ബെഞ്ചിൽ ഒന്നാമതോ രണ്ടാമതോ ആയിട്ട്. ഏറ്റവും അവസാനമാണ് എൻ്റെ ആൻസർ ഷീറ്റ് തരുന്നത്. പേപ്പറ് തന്നതും ഏതോ ഒരു വാക്കിന്റെ സ്പെല്ലിങ് അയാൾ എന്നോട് ചോദിച്ചു. ഞാൻ ഉത്തരം പറയുന്നു. തെറ്റാണോ ശെരിയാണോ എന്ന് പറയാതെ അയാൾ എന്നോട് ടെക്സ്റ്റ് ബുക്കിൽ നിന്ന് ആ വേർഡ് കണ്ടെത്താൻ പറയുന്നു. ഞാൻ അത് തിരയുന്നു. വെപ്രാളവും, പരവേശവും, എന്താ സംഭവിക്കുന്നതെന്ന സംശയവും ഒരുമിച്ച് വന്നിട്ട് പുസ്തകത്തിലെ അക്ഷരം പോലും കാണാൻ പറ്റാത്ത അവസ്ഥയിൽ അയാൾ എന്തൊക്കെയോ പുലമ്പുന്നത് മാത്രം കേൾക്കാം. അയാൾ എന്റെ കയ്യിൽ നിന്ന് ഇംഗ്ലീഷിന്റെ ടെസ്റ്റ് ബുക്ക് പിടിച്ചു വാങ്ങുകയും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞാൻ നോക്കുമ്പോ ഡോറിനോട് ചേർന്ന് എന്റെ പുസ്തകം പുറംചട്ട വേറെ പുസ്തകം വേറെ എന്ന രൂപത്തിൽ രണ്ടായി കിടക്കുന്നു.

അപമാനഭാരം കൊണ്ട് കണ്ണുകൾ നിറയുകയും, തല താഴുകയും ചെയ്തു. അപ്പോഴും എന്താണ് സംഭവം എന്നെനിക്ക് മനസ്സിലാകുന്നില്ല. കുറെ എന്തൊക്കെയോ സംസാരത്തിന് ശേഷം അയാൾ എന്നോട് ആ പുസ്തകം ചെന്നെടുക്കാൻ പറഞ്ഞു. "മാഷല്ലേ എറിഞ്ഞത് ഞാനത് ഇനി എടുക്കില്ലെന്ന്" ഞാനന്നേരം ഉറപ്പിച്ചു പറഞ്ഞു. വീണ്ടും അയാൾ എന്തൊക്കെയോ പറയുന്ന കൂട്ടത്തിൽ എന്നോട് ക്ലാസിന് വെളിയിൽ പോകാൻ അലറി. ഞാൻ പുറത്തേക്കിറങ്ങി നിന്നു. വരാന്തയിലൂടെ പോകുന്ന കുട്ടികൾക്കും ടീച്ചർമാർക്കും ഒക്കെ എന്നെ കാണാം. ആദ്യമായാണ് ഞാൻ ക്ലാസിന് പുറത്തു നിൽക്കുന്നത് തന്നെ. അയാൾ വലിച്ചെറിഞ്ഞ എന്റെ പുസ്തകം എന്റെ മുന്നിൽ തന്നെ ഉണ്ട്. ഞാൻ അത് എടുത്തതെ ഇല്ല. കുറെ നേരത്തിന് ശേഷം മറ്റേതോ കുട്ടിയോട് അയാൾ ആ പുസ്തകം എടുത്തു വയ്ക്കാൻ പറഞ്ഞു. അവനതെടുത്ത് എന്റെ സീറ്റിൽ കൊണ്ട് വച്ചു. 
ആ പീരിയഡ് കഴിഞ്ഞയാൽ പോയി കുറെ നേരം കഴിഞ്ഞപ്പോൾ അയാൾ എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുന്നു.

ഒരു 17 കാരിക്ക് സഹിക്കാൻ കഴിയുന്നതിലും എത്രയോ വലിയ രീതിയിൽ അപമാനിക്കയും പരസ്യമായി മറ്റ് ടീച്ചര്മാരുകൂടെ ചേർന്ന് കൂട്ട വിചാരണ നടത്തുകയും ചെയ്യുന്നു. ഒരാൾ പോലും എന്നോട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കയോ എന്നെ കേൾക്കുകയോ ചെയ്യാത്തത് എന്നിൽ എത്രയോ വലിയ മുറിവുണ്ടാക്കുന്നു. അവർക്കിടയിൽ എല്ലാം ഞാൻ സുരേഷ് സാറിനെ തിരഞ്ഞു. അദ്ദേഹം അന്ന് ലീവാണെന്ന് എനിക്ക് മനസ്സിലായി. അപ്പോഴും ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. എന്തിന്റെ പേരിൽ ആണ് ഞാൻ അവിടെ ചെന്ന് നിൽക്കേണ്ടി വന്നത് എന്ന് പോലും എനിക്കറിയുന്നില്ല. നാളെ ക്ലാസിൽ വരുമ്പോ അമ്മയെയും അച്ഛനെയും കൂട്ടി കൊണ്ട് വരാൻ അവരൊക്കെ കൂടി തന്നെ പറയുന്നു. ക്ലാസിൽ തിരിച്ചെത്തിയ എന്നോട് ഒരാൾ പോലും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചില്ല, ചോദിച്ചാലും അവർ കണ്ടതിനപ്പുറം ഒന്നും എനിക്കും അറിയില്ലായിരുന്നു. 

തകർന്ന് തരിപ്പണമായിട്ടാണ് ഞാൻ തിരിച്ചു വീട്ടിലെത്തിയത്. വീട്ടിൽ എന്ത് പറയും, എന്താണ് ശരിക്കും സംഭവിച്ചത് തുടങ്ങി നൂറ് ചോദ്യങ്ങൾ ആണ് മനസ്സിൽ. ഒടുവിലാ അപമാന ഭാരം സഹിക്കവയ്യാതെ ഞാൻ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. മൂന്നോ നാലോ ദിവസം ആശുപത്രിയിൽ ഐസിയൂവിൽ സീരിയസ് ആയി കിടന്ന ഞാൻ കണ്ണ് തുറക്കുമ്പോ കാണുന്നത് എനിക്കേറ്റവും പ്രിയപ്പെട്ട, ഒരുപക്ഷേ അന്നവിടെ ഉണ്ടായിരുന്നു എങ്കിൽ തീർച്ചയായും എന്നെ കേൾക്കുമായിരുന്നു എന്നെനിക്ക് ഉറപ്പുള്ള സുരേഷ് സാറിനെ ആണ്. പിന്നീട് മാത്രമാണ് അമ്മയെ പോലും ഞാൻ കണ്ടത്. ഡോക്ടർമാരോട് പോലും അടിയുണ്ടാക്കിയാണ് അമ്മയ്ക്ക് മുന്നേ മാഷെന്നെ കാണാൻ ഐസിയൂ വിൽ കയറിയതെന്ന് അമ്മ പറഞ്ഞു പിന്നീട് ഞാൻ അറിഞ്ഞു. 

സ്കൂളിലെ പ്രശ്നവും എന്റെ ആത്മഹത്യ ശ്രമവും ആകെ കൂടി ഇതിനോടകം വലിയ പ്രശ്നമായി. ആശുപത്രി വിട്ടപ്പോ അച്ഛനും അമ്മയും ഞാനും സ്കൂളിൽ പോയി. എന്തായിരുന്നു ഞാൻ ചെയ്ത തെറ്റ് എന്ന ചോദ്യത്തിന് എന്റെ ആൻസർ ഷീറ്റ് ഞാൻ സ്വയം തിരുത്തി എന്നായിരുന്നു എന്നയാൽ എല്ലാവരുടെയും മുന്നിൽ വച്ചു പറഞ്ഞ ഉത്തരം. ഞാൻ അതെങ്ങനെ ചെയ്യും, പേപ്പർ അയാളുടെ കയ്യിൽ ആയിരുന്നില്ലേ, പേപ്പറ് എനിക്ക് തന്നതും അയാൾ എന്നോട് ഏതോ വാക്കിന്റെ സ്പെല്ലിംഗ് ചോദിക്കയായിരുന്നില്ലേ എന്നൊക്കെ ഞാൻ നിന്ന് വാദിച്ചു. ഒരൊറ്റ മനുഷ്യനല്ലാതെ മറ്റാരും കൂടെ നിന്നില്ല. അച്ഛനോട് അച്ഛനെ പഠിപ്പിച്ച മാഷ് കൂടി ആയിരുന്നു അന്നത്തെ ഞങ്ങടെ ഹെഡ്മാസ്റ്റർ ഞാൻ ഇനി പഠിക്കയൊന്നും ഇല്ലെന്നും, +2 കഷ്ട്ടി പാസ് ആയി കിട്ടുകയെങ്കിലും ചെയ്താൽ മതിയായിരുന്നു എന്നും വിധി എഴുതി.

തികഞ്ഞ മടുപ്പോടെ ദിവസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും സ്കൂളിൽ പോയി തുടങ്ങി. സുരേഷ് സാർ മാത്രം എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കൊണ്ട് നടന്നു. കൗണ്സിലിംഗ് വശമുണ്ടായിരുന്ന അദ്ദേഹം എന്നെ ഫ്രീ സമയങ്ങളിൽ എല്ലാം കൂടെ ഇരുത്തി മോട്ടിവേറ്റ് ചെയ്തു. മാസങ്ങൾ കൊണ്ട് ഞാൻ ആ ട്രോമയെ അതിജീവിച്ചു. പഴേ പോലെ മത്സരിച്ചു പഠിക്കാൻ തുടങ്ങി. അപ്പോഴും മറ്റു ടീച്ചര്മാരും, ക്ലാസിലെ പിള്ളേര് പോലും എന്നെ ഏതോ തെറ്റുകാരിയായി തന്നെ ആണ് കണ്ടത്. പക്ഷെ ഒറ്റയ്ക്ക് നടക്കാനും, ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാനും, ആരോടും സംസാരിക്കാതെ മണിക്കൂറുകളോളം ഇരിക്കാനും ഞാൻ അതിനോടകം പഠിച്ചിരുന്നു.
വീണ്ടും പരീക്ഷകൾ തുടങ്ങുകയും ആൻസർ ഷീറ്റുകൾ തരികയും ചെയ്തു തുടങ്ങിയ ദിവസങ്ങൾ. തോറ്റ് പോകുമെന്ന് പറഞ്ഞവർക്ക് മുന്നിൽ അവർ പ്രതീക്ഷിച്ചതിനും മുകളിൽ മാർക്ക് വാങ്ങിയ ഒരുവളോടുള്ള മറ്റ് ടീച്ചര്മാരുടെ സമീപനം പതിയെ മാറി. അയാളുടേത് ഒഴിച്ച്. 

ആനുവൽ എക്സാം കഴിഞ്ഞു... സെന്റ് ഓഫ് പാർട്ടിക്ക് ഞാൻ മാത്രം പോയില്ല. എനിക്കവിടെ യാത്ര പറയാൻ പ്രിയപ്പെട്ടവരാരും ഉണ്ടായിരുന്നില്ല.  സുരേഷ് സാറിനോട് എനിക്ക് യാത്ര പറയേണ്ടിയിരുന്നില്ല, അദ്ദേഹമെന്നും കൂടെ ഉണ്ടല്ലോ... റിസൾട്ട് വന്നു. ഞാൻ നല്ല മർക്കിൽ പാസ്സായി ഗവൺമെന്റ്  കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ആ ക്ലാസിൽ നിന്ന് ഗവൺമെന്റ് കോളേജിൽ തുടർന്ന് പഠിച്ച മൂന്ന് പേരിൽ ഒരാളായി. പക്ഷെ, എന്റെ മുന്നിൽ എത്തിയ ഡിഗ്രി അധ്യാപകരിൽ പലരെയും ഞാൻ പേടിയോടെയും സംശയത്തോടെയും മാത്രം നോക്കി കണ്ടു. എന്നെ അടിമുടി ഞെട്ടിച്ചവരായിരുന്നു അവരെന്ന് പിന്നീടുള്ള ദിവസങ്ങൾ തെളിയിച്ചു. പൊളിയോ പൊളി മനുഷ്യരായ അവരോരുത്തരും പയ്യന്നൂർ കോളേജിലെ മൂന്ന് മനോഹര വർഷമാണ് എനിക്ക് തന്നത്. അപ്പോഴും അന്നത്തെ ആ പ്ലസ് ടു ബാച്ചിലെ ആരുമായും വർഷങ്ങൾക്കിപ്പുറവും ഞാൻ യാതൊരടുപ്പവും സൂക്ഷിച്ചില്ല. വഴിയിൽ കണ്ടാൽ പോലും അവരിൽ പലരെയും മൈൻഡ് ചെയ്യാത്ത അഹങ്കാരിയായി ഞാൻ സ്വയം മാറി.

വർഷങ്ങൾ പിന്നെയും പോയി. ഞാൻ കോഴിക്കോട്ടേക്ക് പറിച്ചു നടപ്പെടുകയും ജേർണലിസം പഠനവും ശേഷം ജോലിയുമൊക്കെയായി അവിടെത്തന്നെ മറ്റൊരു ലോകമുണ്ടാക്കുകയും ചെയ്ത നാളുകൾ. ആ ഇടയ്ക്ക് പെട്ടെന്ന് ഒരു ദിവസം സ്കൂളിലെ അന്നത്തെ എന്റെ ക്ലാസ് ടീച്ചറുടെ ഒരു മെസേജ് വന്നു. തെറ്റ് പറ്റിപ്പോയി നിന്നെ അന്ന് കേൾക്കണമായിരുന്നു എന്ന്. സാരമില്ല മാഷേ, സത്യം എന്നെങ്കിലും പുറത്തു വരുമല്ലോ എന്ന് മാത്രം ഞാൻ തിരിച്ചു പറഞ്ഞു... പിന്നീട് അറിഞ്ഞു അന്നത്തെ ആ പ്രശ്നക്കാരൻ അധ്യാപകനെ ഏതോ കുട്ടിയോട് മോശമായി പെരുമാറിയത്തിന്റെയും ആ കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന്റെയും പേരിൽ മറ്റെങ്ങോട്ടോ സ്ഥലം മാറ്റി എന്ന്.

സന്തോഷം തോന്നിയില്ല, സങ്കടവും. പക്ഷേ എന്റെ കണ്ണുകൾ നിറഞ്ഞു. ശരീരം മരവിച്ചു. കുറെ കൂടി ശക്തമായി ഞാൻ അന്ന് പ്രതികരിക്കേണ്ടിയിരുന്നു എന്ന് എന്നോട് തന്നെ പറഞ്ഞു. 
പഠിക്കുന്ന കാലത്ത് അടിച്ചതിന് വർഷങ്ങൾക്ക് ശേഷം അധ്യാപകനെ ആക്രമിച്ച പൂർവ്വ വിദ്യാർത്ഥിയെ കുറിച്ചുള്ള വാർത്ത വായിച്ചപ്പോൾ ഇതെഴുതാൻ തോന്നി. വളരെ ചെറിയ പ്രായത്തിൽ കുട്ടികളുടെ മനസ്സിൽ ഉണ്ടാകുന്ന അപമാനഭാരത്തിന്റെ തോത് മറ്റുള്ളവർക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുന്നതിലും എത്രയോ മുകളിലാണ്.
Published by:user_57
First published: