നമ്മുടെ എംപിമാർ എവിടെയാണ് ഒളിച്ചിരിക്കുന്നത്? അവർ പ്രവാസികൾക്ക് വേണ്ടി എന്താണ് ചെയ്യുന്നത്? ജോയ് മാത്യു

എം പി മാർ അധികവും പ്രതിപക്ഷകക്ഷികളാണ് എന്ന് പറഞ്ഞു മുഖ്യമന്ത്രി പന്ത് നിങ്ങളുടെ കോർട്ടിലേക്കാണ് ഇടുന്നതെങ്കിൽ പ്രതിപക്ഷ നേതാവ് തങ്ങളുടെ എം പി മാർ പ്രവാസികൾക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്ന് വ്യക്തമാക്കണം.

News18 Malayalam | news18
Updated: May 3, 2020, 8:07 PM IST
നമ്മുടെ  എംപിമാർ എവിടെയാണ് ഒളിച്ചിരിക്കുന്നത്? അവർ പ്രവാസികൾക്ക് വേണ്ടി എന്താണ് ചെയ്യുന്നത്? ജോയ് മാത്യു
ജോയ് മാത്യു
  • News18
  • Last Updated: May 3, 2020, 8:07 PM IST
  • Share this:
കോഴിക്കോട്: നമ്മുടെ സംസ്ഥാനത്തെ ഇരുപതോളം ജനപ്രതിനിധികൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും പ്രതിപക്ഷത്തിനോടും പറയാനുള്ള കാര്യങ്ങളെന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് സംസ്ഥാനത്തിലെ ഇരുപത് എം.പിമാർ എവിടെയെന്ന് ജോയ് മാത്യു ചോദിക്കുന്നത്.

നമ്മുടെ രാജ്യത്ത് നിന്ന് മറ്റ് രാജ്യത്തേക്ക് ആളുകൾ തൊഴിലന്വേഷിച്ച് പോയത് ദാരിദ്ര്യം കൊണ്ടാണെന്നും എന്നാൽ ഈ കൊറോണ മഹാമാരിയുടെ കാലത്ത് ജന്മനാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരെ നാം എങ്ങിനെയാണ് രക്ഷിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും പറന്നുചെന്നു സൗഹൃദങ്ങൾ ഉണ്ടാക്കിയെടുത്ത അങ്ങ് വിചാരിച്ചാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാനത്താവളങ്ങൾ തുറന്നു തരില്ലേയെന്നും പ്രധാനമന്ത്രിയോടുള്ള ചോദ്യത്തിൽ ജോയ് മാത്യു ചോദിക്കുന്നു. പ്രവാസികൾക്കൊപ്പം എന്നും എപ്പോഴും എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പ്രധാനമന്ത്രിയോട്

പ്രവാസികളുടെ കാര്യം തന്നെയാണ് പറയുന്നത്
ഒരു രാജ്യത്ത് യുദ്ധമുണ്ടാവുമ്പോഴോ ദാരിദ്ര്യമുണ്ടാവുമ്പോഴോ ആണല്ലോ മനുഷ്യർ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുക. നമ്മുടെ രാജ്യത്ത് യുദ്ധക്കെടുതികാരണമല്ല ജനങ്ങൾ മറ്റുരാജ്യങ്ങളിലേക്ക് തൊഴിലന്വേഷിച്ചു പോയത്.ദാരിദ്ര്യം കൊണ്ടാണ് സാർ.മെച്ചപ്പെട്ട ജീവിത സൗകര്യം തേടിയാണ്.അതിന്റെ ഫലം മുഴുവൻ ഈ രാജ്യത്തിലെ ജനങ്ങൾ പലരീതികളിലായി അനുഭവിക്കുന്നുമുണ്ട് .സ്വന്തം രാജ്യം വേണ്ട എന്ന് തീരുമാനിച്ചു മറ്റു രാജ്യങ്ങളിൽ പൗരത്വം എടുത്തവരുടെ കാര്യം നമുക്ക് വിടാം. എന്നാൽ ഈ കൊറോണ മഹാമാരിയുടെ കാലത്ത് ജന്മനാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരെ നാം എങ്ങിനെയാണ് രക്ഷിക്കുക ?

You may also like:ജീവനക്കാരന് കൊറോണ; ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട് [NEWS]

അന്യരാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികളെ സ്വീകരിക്കാൻ കേരളം തയ്യാറായിക്കഴിഞ്ഞു. സർക്കാർ സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു എന്നറിയുന്നു. പക്ഷെ പ്രശ്‍നം യാത്രാ മാർഗ്ഗങ്ങളാണ്. ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും പറന്നുചെന്നു സൗഹൃദങ്ങൾ ഉണ്ടാക്കിയെടുത്ത അങ്ങ് വിചാരിച്ചാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാനത്താവളങ്ങൾ തുറന്നു തരില്ലേ? നമ്മുടെ രാജ്യത്തിന്റേതന്നെ വിമാന സർവ്വീസുകൾ ഈ ആവശ്യത്തിനുവേണ്ടി വിമാനകമ്പനികൾ വിട്ടു തരില്ലേ ?

ഇനി അതുമല്ലെങ്കിൽ കപ്പൽ മാർഗ്ഗം പ്രവാസികളെ കൊണ്ടുവരുന്നതിനു അങ്ങ് ശ്രമിക്കാത്തത് എന്ത്?
ലോകത്തിലെ അഞ്ചാമത്തെ വലിയ സൈനിക ശക്തിയാണ് നമ്മൾ.

ഇഷ്ടം പോലെ കപ്പലുകളും വിമാനങ്ങളും ഒക്കെ സ്വന്തമായിട്ടുള്ള സൈന്യം. തല്ക്കാലം യുദ്ധങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ലാത്ത സ്ഥിതിക്ക് ഈ കപ്പലുകളിലും മറ്റും പ്രവാസികളെ കയറ്റി കൊണ്ടുവന്നാൽ അതായിരിക്കും യുദ്ധത്തിലൂടെ ആയിരങ്ങളെ കൊന്നൊടുക്കുന്നതിനു പകരം മനുഷ്യരെ ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്ന ചരിത്രം പറയുവാൻ പോകുന്ന യുദ്ധവിജയം.

അങ്ങയുടെ പാർട്ടിയിൽപ്പെട്ട നമ്മുടെ കേരളത്തിൽ നിന്നുതന്നെ ഒരു കേന്ദ്രമന്ത്രിയും രണ്ടു എം പി മാരും ഒരു മിസാറോം ഗവർണറും പിന്നെ പരശ്ശതം നേതാക്കന്മാരുമുണ്ട് .എന്നിട്ടുമെന്തേ ഇവർ ഇക്കാര്യം പറയാനെങ്കിലും മാസ്ക് അഴിക്കാത്തത് ?

ഇനി മുഖ്യമന്ത്രിയോടാണ് :

നമ്മുടെ ഇരുപതോളം ജനപ്രതിനിധികൾ എന്തുചെയ്യുന്നു എവിടെയൊക്കെ ഒളിച്ചിരിക്കുന്നു എന്നറിയാനും പ്രവാസികളുടെ കാര്യത്തിൽ അവർ എന്ത് ചെയ്യുന്നു എന്നറിയാനും പ്രവാസികളെ സ്നേഹിക്കുന്നവർക്ക് താൽപ്പര്യമുണ്ട്, ബഹുമാന്യനായ അങ്ങയുടെ അടുത്ത ദിവസത്തെ വാർത്താവതരണത്തിലെങ്കിലും ഇക്കാര്യം ജനങ്ങളെ അറിയിക്കുമെന്ന് കരുതട്ടെ. പ്രതിപക്ഷമാണ് ഉത്തരം പറയേണ്ടത് എന്നാണെങ്കിൽ ക്യാബിനറ്റ് പദവികളോടെ സംസ്ഥാനത്തെ ഖജനാവിൽ നിന്നും ശബളം കൊടുത്ത് ദില്ലിയിലേക്ക് പറഞ്ഞയച്ച സമ്പത്ത് സാർ അവിടെ എന്ത് ചെയ്യുന്നു എന്നെങ്കിലും പറഞ്ഞാൽ നന്നായിരുന്നു.

പ്രതിപക്ഷ നേതാവിനോട് :

എം പി മാർ അധികവും പ്രതിപക്ഷകക്ഷികളാണ് എന്ന് പറഞ്ഞു മുഖ്യമന്ത്രി പന്ത് നിങ്ങളുടെ കോർട്ടിലേക്കാണ് ഇടുന്നതെങ്കിൽ പ്രതിപക്ഷ നേതാവ് തങ്ങളുടെ എം പി മാർ പ്രവാസികൾക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്ന് വ്യക്തമാക്കണം.അവർ ഓരോരുത്തരും ഇതുവരെ എന്തുചെയ്തു എന്ന് പറയാനുള്ള ബാധ്യത അങ്ങേക്കുണ്ട്.

അവസാനമായി പ്രധാനമന്ത്രിയോടുതന്നെ :
ഞങ്ങളെ ഇക്കാണുന്ന സുഖസൗകര്യങ്ങളിലേക്കെത്തിക്കാൻ വിയർപ്പൊഴുക്കിയ പ്രവാസികളുടെ തിരിച്ചു വരവിനു വേണ്ടി താങ്കളുടെ ഗവർമെന്റ് ഒന്നും ചെയ്യുന്നില്ലെങ്കിൽ പാത്രത്തിൽ കൊട്ടാനും വെളിച്ചത്തെ അടിക്കാനും കേരളത്തിൽ നിന്നും ഒരു കുട്ടിയെപ്പോലും ഇനി കിട്ടില്ല എന്ന് ഓർമ്മപ്പെടുത്തട്ടെ..
പ്രവാസികൾക്കൊപ്പം എന്നും എപ്പോഴും

First published: May 3, 2020, 8:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading