കോഴിക്കോട്: പണിമുടക്കിന്റെ പേരിൽ ദിവസക്കൂലിക്കാരന്റെ വഴി തടയുകയും അവരുടെ ജീവനോപാധി നശിപ്പിക്കുകയും ചെയ്യുന്ന സമരങ്ങൾക്കെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ (Joy Mathew). ബാങ്കിൽ നിന്നും പലിശ എടുത്ത് കച്ചവടമോ വാഹനമോ ജീവിക്കാൻ വേണ്ടി തുടങ്ങുന്നവന് പണിമുടക്ക് ദിവസത്തെ പലിശയും നൽകേണ്ടതാണെന്ന് അദ്ദേഹം സമരക്കാരെ ഓർമിപ്പിക്കുന്നു.
‘വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവർമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ? അതെങ്ങിനെ? ഇവിടെ മൈതാന പ്രസംഗത്തിൽ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും. പൊതുജനം എന്നും കഴുതകൾ ആവില്ല.’- ജോയ് മാത്യൂ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം
പണിമുടങ്ങിയാലും പലിശമുടങ്ങില്ല
നഴ്സായ ഭാര്യയെ ജോലിക്ക് കൊണ്ടുവിട്ട് വരുന്ന ഓട്ടോ ഡ്രൈവറോട് തൊ.വ.നേതാവ് ആക്രോശിക്കുന്നത് ഇന്നത്തെ സമരക്കാഴ്ചകളിൽ കണ്ടു. മൂന്നുമാസം മുൻപ് പ്രഖ്യാപിച്ചതാണല്ലോ പണിമുടക്ക് എന്നിട്ടാണോ വണ്ടിയെടുത്തത്? തലയിൽ ചകിരിച്ചോർ മാത്രമുള്ളവരുടെ ചോദ്യമാണത്. മുൻകൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലുദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയൻ നേതാക്കൾ തീരുമാനിക്കുന്നു. അടിമകൾ അനുസരിക്കുന്നു.
ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും കൊള്ളപ്പലിശക്ക് വായ്പയെടുത്ത് കച്ചവടമോ വാടക വാഹനമോ ഓടിച്ചു നിത്യവൃത്തി നടത്തുന്നവന്റെയും ദുരിതം ഇരട്ടിക്കുന്നു. (ഓർക്കുക ബാങ്കിൽ നിന്നും വായ്‌പയെടുത്തവർ പണിമുടങ്ങിയ ദിവസങ്ങളിലും പലിശ കൊടുക്കേണ്ടിവരും) പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ല. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവർമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ? അതെങ്ങിനെ? ഇവിടെ മൈതാന പ്രസംഗത്തിൽ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും. പൊതുജനം എന്നും കഴുതകൾ ആവില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Joy mathew, Nationwide strike