അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോണ്‍ സാമുവലിനെ കെ.പി.സി.സി. പുതിയതായി തുടങ്ങിയ പബ്ലിക് പോളിസി വിഭാഗത്തിന്റ അധ്യക്ഷനായി നിയമിച്ചതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ അറിയിച്ചു.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ സമിതിയാണ് ജോണ്‍ സാമുവലിനെ നാമനിര്‍ദേശം ചെയ്തത്.
കെ.പി.സി.സി.യുടെ പൊതുകാര്യനയങ്ങള്‍, സാമൂഹിക, സാമ്പത്തിക വിഷയങ്ങളില്‍ നേതൃത്വ പരിശീലനം തുടങ്ങിയവയില്‍ ജോണ്‍ സാമുവല്‍ പങ്കാളിയാകും. പാര്‍ട്ടിയുടെ സാമൂഹിക സാമ്പത്തിക വികസന ഗവേഷണത്തിനു മാര്‍ഗ നിര്‍ദേശം നല്‍കുക, പ്രകടനപത്രിക തയാറാക്കുന്നതിനു സഹായിക്കുക മുതലായവയാണ് പുതിയ പബ്ലിക് പോളിസി വിഭാഗത്തിന്റെ ചുമതല.
ജെ.എസ്. അടൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനായ ജോണ്‍ സാമുവലിന് ഐക്യരാഷ്ട്ര സഭയിലും അന്താരാഷ്ട്ര ദേശീയ വികസന, ഗവേഷണ സംഘടനകളിലും മൂന്നു ദശകത്തെ നേതൃപരിചയുമുണ്ട്.
ഐക്യരാഷ്ട്രസഭയുടെ വികസനവിഭാഗത്തില്‍ ആഗോള ഗവര്ണന്സ് വിഭാഗത്തിന്റെ തലവനായിരുന്നു ജോണ്‍ സാമുവല്‍. കേന്ദ്ര പ്ലാനിംഗ് കമ്മീഷനില്‍ ഗവര്ണന്സ് വര്‍ക്കിങ് കമ്മറ്റി അംഗവും കേന്ദ്ര മനുഷ്യാവകാശ കമ്മീഷനില്‍ പരിശീലകനുമായിരുന്നു. അഡ്വക്കസി, പൊതു ഭരണം, ബജറ്റ് വിശകലനം, പബ്ലിക് പൊളിസി, മനുഷ്യവകാശങ്ങള്‍ എന്നീ രംഗത്തു പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യ നവ മാധ്യമ സംരംഭമായ ഇന്‍ഫോചേഞ്ച് ഇന്ത്യ, ഗവേഷണ പ്രസിദ്ധീകരണമായ അജണ്ട മാസിക, സിറ്റിസണ്‍ റിപ്പോര്‍ട്ട് ഓണ്‍ ഗവണന്‍സ് ആന്‍ഡ് ഡെവലപ്പ്മെന്റ് എന്നിവയുടെ എഡിറ്ററായിരുന്നു. ഏകത പരിഷത്തെന്ന സാമൂഹിക പ്രസ്ഥാനത്തിന്റെ അധ്യക്ഷനായിരുന്നു. ബോധിഗ്രാം എന്ന നേതൃപരിശീലനകേന്ദ്രത്തിന്റെയും സാമൂഹിക പ്രസ്ഥാനത്തിന്റെയും അധ്യക്ഷനാണ്.
പൂനെ സര്‍വ്വകലാശാലയില്‍ നിന്ന് എം.എയും ഗവേഷണ ബിരുദവുമുണ്ട്. സസക്സസ് സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്, അഡ്വക്കസി ഇന്‍സ്റ്റിറ്റ്യൂട്ട് വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ ഫെലോ ആയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kpcc, Kpcc reshuffle