HOME /NEWS /Kerala / Kerala Wildlife Photography Awards 2020 | വിധി നിർണയത്തിനെതിരെ ഫോട്ടോഗ്രാഫർമാർ; വിമർശനം നിരാശരായ ഒരുകൂട്ടത്തിന്റേതെന്ന് വിധികർത്താവ്

Kerala Wildlife Photography Awards 2020 | വിധി നിർണയത്തിനെതിരെ ഫോട്ടോഗ്രാഫർമാർ; വിമർശനം നിരാശരായ ഒരുകൂട്ടത്തിന്റേതെന്ന് വിധികർത്താവ്

മൂന്നാം സ്ഥാനത്ത് എത്തിയ ചിത്രം. ഈ ചിത്രത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു

മൂന്നാം സ്ഥാനത്ത് എത്തിയ ചിത്രം. ഈ ചിത്രത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു

നിരാശരായ ഒരു കൂട്ടം ആൾക്കാരാണ് വിധികർത്താക്കൾക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നതെന്ന് സംസ്ഥാന വനം - വന്യജീവി വകുപ്പ് നടത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാളായ ബാലൻ മാധവൻ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.

കൂടുതൽ വായിക്കുക ...
  • News18
  • 4-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: സംസ്ഥാന വനംവകുപ്പ് വനം - വന്യജീവ് വാരാഘോഷത്തിനോട് അനുബന്ധിച്ച് നടത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം കഴിഞ്ഞദിവസമായിരുന്നു പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും ലഭിച്ച ചിത്രങ്ങൾ മാത്രമാണ് കാണുന്നതെങ്കിൽ ഈ വിധിപ്രഖ്യാപനത്തിൽ പിഴവൊന്നും തോന്നുകയില്ലെന്നാണ് ഒരുപക്ഷം പറയുന്നത്. എന്നാൽ പ്രോത്സാഹന സമ്മാനം ലഭിച്ച ചിത്രങ്ങളും ഒരു പരിഗണന പോലും ലഭിക്കാതിരുന്ന ചിത്രങ്ങളും മത്സരാർത്ഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് തുടങ്ങിയതോടെയാണ് വിധിനിർണയത്തിൽ വലിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ആരോപണം ഉയർന്നത്.

    നിരവധി ഫോട്ടോഗ്രാഫർമാരാണ് ഇതിനകം വിധിനിർണയത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേ കാലമായി കുറച്ച് വിധികർത്താക്കൾ ഈ രംഗം അടക്കി ഭരിക്കുകയാണെന്നും അവരുടെ താൽപര്യങ്ങൾ മാത്രമാണ് വിധിനിർണയത്തിൽ പ്രതിഫലിക്കുന്നതെന്നുമാണ് വർഷങ്ങളായി ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന നിരവധിപേർ ആരോപിക്കുന്നത്. മത്സരത്തിൽ പരിഗണിക്കപ്പെടാതെ പോയ ചിത്രങ്ങൾ മത്സരത്തിൽ പങ്കെടുത്തവർ #keralawildlifecontest2020 എന്ന ഹാഷ് ടാഗിൽ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 221 മത്സരാർത്ഥികൾ അയച്ച 834 ചിത്രങ്ങളിൽ നിന്ന് ആയിരുന്നു മികച്ച 13 ചിത്രങ്ങളെ തിരഞ്ഞെടുത്തത്. സോഷ്യൽ മീഡിയയിൽ നിരവധി പ്രതിഷേധങ്ങളാണ് വിധിനിർണയത്തിന് എതിരെ വന്നിരിക്കുന്നത്. ട്രോൾ വീഡിയോകളും വന്നു കഴിഞ്ഞു. അടുത്തവർഷം മുതലെങ്കിലും വിധികർത്താക്കൾ മാറണമെന്ന നിർദ്ദേശമാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്.

    You may also like: പ്രസവിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ കുഞ്ഞുമായി ജോലിക്കെത്തി; ഐഎഎസുകാരിക്ക് കൈയടിയുമായി സോഷ്യൽ മീഡിയ [NEWS]'സജ്നയെ ഫോണിൽ വിളിച്ചു; ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പ് നൽകി': ആരോഗ്യമന്ത്രി [NEWS] കേരളത്തിന് മുന്നിൽ കൈകൂപ്പി ട്രാൻസ്ജെൻഡർ സംരംഭക; കോവിഡ് കാലത്ത് ബിരിയാണി വിൽപ്പന നടത്താൻ സമ്മതിക്കുന്നില്ലെന്ന് സജ്ന [NEWS]

    സമ്മാനം കിട്ടിയവരെ ഒന്നും പറയാനില്ല, പക്ഷേ വിധിനിർണയം നന്നായിട്ടില്ല

    ഇത്തവണത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാർഡ് നേടിയവരെക്കുറിച്ച് ഒന്നു പറയാനില്ലെന്നാണ് ഫോട്ടോഗ്രഫി രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സജി ചുണ്ടേൽ പറയുന്നത്. അവർക്ക് ചിലപ്പോൾ ആഗ്രഹിച്ച് കിട്ടിയത് ആയിരിക്കും. അതുകൊണ്ടുതന്നെ അവരെ വിഷമിപ്പിക്കുന്ന രീതിയിൽ ഒന്നും പറയാനില്ല. പക്ഷേ, വിധിനിർണയം നന്നായിട്ടില്ല. ഫോട്ടോഗ്രഫി എന്നത് ആർട്ട് ഓഫ് ലൈറ്റെന്നാണ് പഠിച്ചിരിക്കുന്നത്. വൈൽഡ് ലൈഫ് ആയതുകൊണ്ട് ചിലപ്പോൾ അത് നടന്നെന്നു വരില്ല. ഒന്നാം സമ്മാനം കിട്ടിയ പടം ഒരു സാധാരണ പടമാണ്. അടുത്ത വർഷം മുതൽ വിധിനിർണയം ഒന്നുകൂടി നന്നാക്കണം എന്ന അഭിപ്രായമുണ്ട്.

    അവാർഡ് കുറച്ച് ആളുകൾ അവരുടെ ഇഷ്ടക്കാർക്കായി മാറ്റി വച്ചിരിക്കുന്നു

    വിധിനിർണതയത്തിലെ ഈ അപാകത കഴിഞ്ഞ ഒരുപാട് വർഷങ്ങളായി നടക്കുന്ന ഒരു സംഭവമാണെന്നാണ് ഫോട്ടോഗ്രാഫർ ആയ ആശിഷ് പറയുന്നത്. കുറച്ചുപേർ അവരുടെ ഇഷ്ടപ്പെട്ട ആളുകൾക്കായി അവാർഡ് മാറ്റി വച്ചിരിക്കുകയാണ്. ഒരു വ്യത്യസ്തതയും ഇല്ലാത്ത ചിത്രങ്ങൾക്കാണ് ഒന്നാം സമ്മാനവും മൂന്നാം സമ്മാനവും നൽകിയിരിക്കുന്നത്. തലപ്പത്ത് ഇരിക്കുന്ന വിധികർത്താക്കൾ കുറേനാൾ ആയി അടക്കി ഭരിക്കുകയാണ്. തിരുവനന്തപുരം കേന്ദ്രമായുള്ള ഒരു ലോബി ആണ് വിധിനിർണയം നടത്തുന്നതെന്നും ആശിഷ് ആരോപിക്കുന്നു. നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സർക്കാരിനും വനംവകുപ്പിനും ധാരണയുണ്ടെന്ന് തോന്നുന്നില്ലെന്നും വിധികർത്താക്കളുടെ ഒരു ലോബി ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ആശിഷ് പറയുന്നു. സമ്മാനാർഹരായവരെയാണ് പലപ്പോഴും വനംവകുപ്പിന്റെ ഫോട്ടോഗ്രഫി പ്രൊജക്ടുകളിലേക്ക് പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ ആളുകൾ ഈ രംഗത്തേക്ക് വരുന്നത് ഒഴിവാക്കാൻ കഴിവുള്ളവരെ മനപൂർവം തഴയുകയാണ് ഇത്തരം വിധിനിർണയത്തിലൂടെ ചെയ്യുന്നതെന്നും ആശിഷ് കുറ്റപ്പെടുത്തുന്നു.

    കഴിഞ്ഞവർഷത്തെ വിധിനിർണയത്തിൽ സ്വജനപക്ഷപാതം നടന്നതായും ഇവർ പറയുന്നു. വനംവകുപ്പ് നടത്തുന്ന ഈ മത്സരത്തിലേക്ക് വനംവകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പങ്കെടുക്കാൻ പാടില്ലെന്ന് ബൈലോയിൽ പറയുന്നുണ്ട്. എന്നാൽ, കഴിഞ്ഞവർഷം വന്യജീവി ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാംസമ്മാനം ലഭിച്ചത് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകന് ആയിരുന്നു. ഇങ്ങനെയുള്ള നടപടികളിലൂടെ വളർന്നുവരുന്ന ആളുകളെ പൂർണമായും തടയുകയാണ് ചെയ്യുന്നത്. ഇത്തവണത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിൽ കാട്ടിൽ നിന്നും എടുത്ത പടങ്ങൾ തഴഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    അവാർഡ് നിർണയത്തിൽ നടക്കുന്നത് അഴിമതി

    കുറേ വർഷങ്ങളായി വനം - വന്യജീവി വകുപ്പിന്റെ വന്യജീവി ഫോട്ടോഗ്രഫി മത്സരത്തിൽ നടക്കുന്നത് അഴിമതിയാണെന്ന് കഴിഞ്ഞ 25 വർഷമായി ഫോട്ടോഗ്രഫി മേഖലയിൽ സജീവമായ മഹേഷ് അമ്പേലിൽ പറയുന്നു. ഇതിനു പിന്നിൽ ഒരു ലോബി ഉണ്ടെന്നും എന്നാൽ സർക്കാരിനോ വനംവകുപ്പ് മന്ത്രിക്കോ ഇത് സംബന്ധിച്ച് അറിവില്ലെന്നാണ് കരുതുന്നതെന്നും മഹേഷ് പറഞ്ഞു. ബൈലോ പോലും ലംഘിച്ചാണ് കഴിഞ്ഞവർഷം അവാർഡ് നൽകിയത്. ബൈലോ അനുസരിച്ച് വനംവകുപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരോ ഗവേഷകരോ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല. എന്നാൽ, കഴിഞ്ഞവർഷം ഒന്നാം സമ്മാനം ലഭിച്ചത് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ സന്ദീപ് ദാസ് എന്നയാൾക്ക് ആയിരുന്നു. വിധിനിർണയം നീതിയുക്തമായി നടക്കുന്നില്ലെന്നതിന് തെളിവാണിത്. 2015നു ശേഷമാണ് വന്യജീവി ഫോട്ടോഗ്രഫി അവാർഡ് ഈ വിധത്തിലേക്ക് മാറിയതെന്നും മഹേഷ് ആരോപിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളിലെ ദുരനുഭവം ഉള്ളതിനാൽ മത്സരത്തിന് പടം അയയ്ക്കുന്നത് നിർത്തി. അവാർഡ് നിർണയം നടത്തുന്നത് ലോബി ആണ്. കഴിവുള്ളരെ വളർന്നു വരാൻ ഇവർ അനുവദിക്കില്ല. കഴിവുള്ള പുതിയ ഫോട്ടോഗ്രാഫർമാർ വളർന്നുവന്നാൽ അവർ വനംവകുപ്പിന്റെ മറ്റ് പ്രൊജക്ടുകളിലേക്ക് പരിഗണിക്കപ്പെടും. അവരെ മനഃപൂർവം തഴയുന്നതാണെന്നും മഹേഷ് പറയുന്നു.

    വർഷങ്ങളായി ഒരേ വിധികർത്താക്കൾ; ഇതിനെ വിറ്റ് ജീവിക്കുന്നവർ

    കഴിഞ്ഞ എട്ടു വർഷങ്ങളായി ഫോട്ടോഗ്രഫിയിൽ സജീവമായ അരുൺ മോഹനും വിധിനിർണയത്തിൽ തൃപ്തനല്ല. നിരന്തരമായി ദുരനുഭവങ്ങൾ ഉള്ളതിനാൽ ഈ വർഷം പടം അയച്ചിരുന്നില്ല. വർഷങ്ങളായി ഒരേ വിധികർത്താക്കളാണ് വനം വകുപ്പിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിന്റെ വിധികർത്താക്കളെന്നും ഇതിനെ വിറ്റ് ജീവിക്കുന്നവരാണ് വിധികർത്താക്കളെന്നും അരുൺ ആരോപിക്കുന്നു. ജഡ്ജിംഗ് പാനൽ മാറിയാൽ തന്നെ വിധിനിർണയത്തിലെ അപാകതകൾ മാറുമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്ത കാലത്തോളം അതിന് മാറ്റമൊന്നും ഉണ്ടാകില്ലെന്നും അരുൺ മോഹൻ പറയുന്നു.

    വിധികർത്താക്കൾ ആരാണെന്ന് വെളിപ്പെടുത്തുന്നില്ല

    എല്ലാ വർഷവും വനം-വന്യജീവി വകുപ്പ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ മത്സരം നടത്തി ഫലം പുറത്തു വിടാറുണ്ട്. എന്നാൽ, വിധികർത്താക്കൾ ആരാണെന്നോ എന്ത് മാനദണ്ഡം വച്ചാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തതെന്നോ പുറത്തു വിടാറില്ലെന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) നേച്വർ ക്ലബ് കോ-ഓർഡിനേറ്റർ സജീവ് വസദിനി പറഞ്ഞു. കഴിവുള്ളവർ മുന്നോട്ട് വരാതിരിക്കാൻ നടക്കുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള വിധിപ്രഖ്യാപനത്തെ അപലപിക്കുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിൽ പലപ്പോഴും പരിഗണിക്കുന്നത് അത്തരത്തിലുള്ള ചിത്രങ്ങളല്ല. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിൽ പലപ്പോഴും അവാർഡ് കൊടുക്കുന്നത് നാട്ടിൻപുറത്തെ പടങ്ങൾക്കാണ്. വിധികർത്താക്കളെ മാറ്റണം. വിധിനിർണയം മാറണമെന്നും ഇതിൽ പരാതിയൊന്നുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും സജീവ് വ്യക്തമാക്കി.

    വിമർശനം ഉന്നയിക്കുന്നത് നിരാശരായവർ; ജഡ്ജ് ആയി തുടരാൻ യാതൊരുവിധ താൽപര്യവുമില്ല

    ബാലൻ മാധവൻ

    നിരാശരായ ഒരു കൂട്ടം ആൾക്കാരാണ് വിധികർത്താക്കൾക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നതെന്ന് സംസ്ഥാന വനം - വന്യജീവി വകുപ്പ് നടത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാളായ ബാലൻ മാധവൻ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു. സുരേഷ് ഇളമൺ, വിനയ് കുമാർ എന്നിവരായിരുന്നു തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് വിധികർത്താക്കൾ. ഫോട്ടോഗ്രഫി ഒരു കലയാണ്, സ്പോർട്സ് അല്ല. അപ്പോൾ എല്ലാ വിധിനിർണയങ്ങളും ഒരുപോലെ ആകില്ല. പ്രധാനമായും മൂന്നാം സ്ഥാനത്ത് എത്തിയ ചിത്രത്തിന് (കാട്ടുപോത്തിന്റെ ചിത്രം) എതിരെയാണ് കൂടുതൽ വിമർശനം ഉണ്ടായത്. എന്നാൽ, ആർക്കും എടുക്കാൻ പറ്റുന്ന ചിത്രമൊന്നുമല്ല അതെന്നും ബാലൻ മാധവൻ പറഞ്ഞു. 65 ഇഞ്ച് വലുപ്പമുള്ള വലിയ ടിവിയിൽ ചിത്രങ്ങൾ കണ്ടാണ് അത് വിലയിരുന്നത്. അപ്പോൾ ഒരുപാട് ഘടകങ്ങൾ പരിഗണിക്കണം. മൊബൈൽ ഫോണിൽ കാണുന്നതു പോലെയല്ല ഒരു വലിയ സ്ക്രീനിൽ ചിത്രങ്ങൾ കാണുന്നത്. 800ൽപരം ചിത്രങ്ങൾ ആയിരുന്നു മത്സരത്തിന് ഉണ്ടായിരുന്നത്. മൂന്ന് റൗണ്ട് ആയിട്ടായിരുന്നു വിധിനിർണയം. അതിൽ നിന്ന് ഒന്നാം റൗണ്ടിൽ 200 ചിത്രങ്ങളെ തിരഞ്ഞെടുത്തു. രണ്ടാം റൗണ്ടിൽ 50 ചിത്രങ്ങളെ തിരഞ്ഞെടുത്തു. അതിൽ നിന്നാണ് മൂന്നാം റൗണ്ടിൽ 13 ചിത്രങ്ങളെ തിരഞ്ഞെടുത്തത്. കോഡ് നമ്പർ ഇട്ടാണ് ഓരോ ഫോട്ടോയും മത്സരത്തിനായി വരുന്നത്. പതിമൂന്ന് പേരിൽ ഒരാളെ പോലും തനിക്ക് നേരിട്ട് പരിചയമില്ലെന്നും ബാലൻ മാധവൻ വ്യക്തമാക്കി.

    കഴിഞ്ഞ 35 വർഷമായി ഫോട്ടോഗ്രഫി മേഖലയിൽ താനുണ്ട്. 25 കൊല്ലത്തിലേറെയായി ഫോട്ടോഗ്രഫി പഠിപ്പിക്കുന്നു. കേരളത്തിൽ നിന്ന് തനിക്ക് ഇതുവരെ വലിയ അവാർഡുകൾ ഒന്നും ലഭിച്ചിട്ടില്ല. കൂടുതൽ അവാർഡുകളും കേരളത്തിന് പുറത്തു നിന്നും ഇന്ത്യയ്ക്കു പുറത്തു നിന്നുമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അവാർഡ് വനം വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആൾക്ക് ലഭിച്ച സംഭവത്തിലും അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ട്. മത്സരത്തിന് അയയ്ക്കുന്നവർ പാലിക്കേണ്ട സത്യസന്ധതയുണ്ട്. ആരുടെയൊക്കെ ചിത്രങ്ങളാണ് മത്സരത്തിന് വരുന്നതെന്ന് തങ്ങൾക്കറിയില്ലെന്നും കോഡ് നമ്പർ ഇട്ട് വരുന്ന ചിത്രങ്ങൾ വിധിനിർണയം നടത്തുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആ വിധിനിർണയത്തിൽ വിധികർത്താക്കളുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ പ്രധാനം മത്സരാർത്ഥികളുടെ സത്യസന്ധത തന്നെയാണ്. ആറ് - ഏഴ് കൊല്ലം മുമ്പ് കേരള ടൂറിസം വകുപ്പ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ താനും വിധികർത്താവ് ആയിരുന്നു. അന്ന് പലരുടെ പേരിലായി മത്സരത്തിന് എത്തിയവയിൽ എട്ടു ഫോട്ടോകൾ തന്റേതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

    വിധികർത്താക്കളിൽ തിരുവനന്തപുരം ലോബിയുണ്ടെന്നുള്ള ആരോപണത്തിനും അദ്ദേഹത്തിന് മറുപടിയുണ്ട്. തങ്ങളെ വിധികർത്താക്കളായി വിളിക്കുന്നത് തിരുവനന്തപുരത്ത് ഉള്ളതുകൊണ്ട് ആയിരിക്കുമെന്നും വരുന്ന വർഷങ്ങളിലും വിധികർത്താവായി ഇരിക്കാൻ തനിക്ക് യാതൊരുവിധ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ആരും ഈ മേഖലയിൽ വളർന്നു വരാതിരിക്കാനാണ് ഇത്തരത്തിൽ വിധിനിർണയം നടത്തുന്നതെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. "മത്സരത്തിന് അയച്ചിരിക്കുന്ന ചിത്രങ്ങൾ പുതിയ ആളുടേതാണോ, പഴയ ആളുടേതാണോ എന്ന് അറിയാൻ കഴിയില്ല. കോഡ് നമ്പർ ഇട്ടാണ് ചിത്രങ്ങൾ മത്സരത്തിന് വരുന്നത്. പുതിയതായി ആരും വളർന്നു വരുന്നതിനോട് എനിക്ക് താൽപര്യമില്ലെങ്കിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ എന്തിനാണ് ഫോട്ടോഗ്രഫി ക്ലാസുകൾ എടുത്തു നൽകുന്നത്" - ബാലൻ മാധവൻ ചോദിക്കുന്നു.

    അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരമായ എൽ എം ഡബ്ല്യുവിന്റെ മത്സരത്തിൽ മൂന്ന് വർഷം വിധികർത്താവായിരുന്നു. 9000ത്തിൽ അധികം ചിത്രങ്ങളാണ് ഒരു മത്സരത്തിന് ലഭിക്കുന്നത്. ഇത്രയും ആളുകൾ പങ്കെടുത്ത ഒരു വലിയ മത്സരത്തിൽ പോലും വിധികർത്താക്കളെക്കുറിച്ചോ വിധിനിർണയത്തെക്കുറിച്ചോ യാതൊരുവിധ ആരോപണവും ഉണ്ടായിട്ടില്ല. നാളെ മറ്റൊരു കൂട്ടം വിധികർത്താക്കൾ വന്നാൽ ഇതുപോലെ ആയിരിക്കില്ല വിധിനിർണയമെന്നും കലയോടുള്ള കാഴ്ചപ്പാട് ആളുകൾക്ക് അനുസരിച്ച് മാറുമെന്നും അദ്ദേഹം പറയുന്നു. സോഷ്യൽ മീഡിയ എന്നു പറയുന്നത് എന്തും പറയാനുള്ള വേദിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോഗ്രഫിയിൽ വിജയിച്ചിട്ടുള്ളവർ നിരന്തരമായി അതിൽ പ്രവർത്തിച്ചിട്ടുള്ളവരാണെന്നും അതിനു വേണ്ടി ജീവിതം തന്നെ സമർപ്പിച്ചിട്ടുള്ളവർ ആണെന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ കാലത്തിന്റെ മാറ്റമായിരിക്കും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാൻ കാരണം. സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന കമന്റുകൾക്ക് തിരിച്ച് കമന്റിടാത്തത് അറിയാഞ്ഞിട്ടല്ലെന്നും അത് അവർ അർഹിക്കാത്തത് കൊണ്ടാണെന്നും ബാലൻ മാധവൻ വ്യക്തമാക്കി.

    First published:

    Tags: Kerala, Photography, Wild life, Wild life in Kerala, Wildlife Photography