നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അഭിഭാഷക-മാധ്യമ സംഘർഷം; ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സഭയിൽ

  അഭിഭാഷക-മാധ്യമ സംഘർഷം; ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സഭയിൽ

  2016 ജൂലൈ 20നാണ് ഹൈക്കോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടത്

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
  തിരുവനന്തപുരം: ഹൈക്കോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിലെ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ സർക്കാർ. ഇത്തരം സംഭവങ്ങൾ  ആവർത്തിക്കാതിരിക്കാനുള്ള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കും. ഇതിന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും നിയമവകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വെച്ചു.

  2016 ജൂലൈ 20ന് ഹൈക്കോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന സംഘർഷവും പോലീസ് ലാത്തിച്ചാർജും അന്വേഷിച്ച റിട്ട. ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മീഷൻ 2020 ജൂണിൽ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

  കമ്മീഷൻ ശുപാർശകളും ഇതിന്മേൽ സ്വീകരിച്ച നടപടികളും അടങ്ങുന്ന റിപ്പോർട്ടാണ് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ചത്. കമ്മീഷന്റെ കണ്ടെത്തലുകൾ ഇങ്ങനെയാണ്. അഭിഭാഷകരും മാധ്യമപ്രവർത്തകരും പരസ്പരം ചീത്ത വിളിച്ചത് പ്രകോപനമായി. മാധ്യമപ്രവർത്തകർ മാർച്ച് നടത്തിയപ്പോൾ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല.

  അഭിഭാഷകർക്കും ക്ലാർക്ക്മാർക്കും ഉൾപ്പെടെ പരിക്ക് സംഭവിച്ചത് പോലീസ് ലാത്തിച്ചാർജിനിടയിലും കയ്യേറ്റത്തിനിടയിലുമാണ്. ലാത്തിച്ചാർജ്ജ് നടന്നില്ലെന്ന പോലീസ് വാദം അവർക്ക് തെളിയിക്കാനായില്ല. ജില്ലാ തലത്തിലെ പോലീസ് ഉദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിൽ ഏകോപനം ഉണ്ടായിരുന്നില്ല.

  പ്രശ്നങ്ങൾ തടയാൻ  അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ സംഘർഷവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകൾ വിവിധഘട്ടങ്ങളിലായതിനാൽ കമ്മീഷൻ കണ്ടെത്തലുകളിൽ  പ്രത്യേക നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.  ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകൾ പരിശോധിച്ച് നടപ്പിൽ വരുത്തും. ഇതിന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും നിയമവകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തി. കമ്മീഷൻ ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ച് 1952ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്ടിന് അനുസൃതമായി പുതിയ ചട്ടം രൂപീകരിക്കാൻ തീരുമാനിച്ചതായും നിയമസഭയിൽ സർക്കാർ സമർപ്പിച്ച നടപടി റിപ്പോർട്ടിൽ പറയുന്നു.

  അന്വേഷണ കമ്മിഷന് ആദ്യം ആറുമാസ കാലാവധിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് വിജ്ഞാപനങ്ങളിലൂടെ 43 മാസവും 18 ദിവസവും നീട്ടിക്കൊടുത്തു. അതിനൊടുവിൽ 2020 ജൂൺ 30ന് കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. കേരള ഹൈക്കോടതിക്കു മുന്നിലെ സംഘർഷങ്ങൾക്കു ശേഷം മാസങ്ങളോളം ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളിൽ മാധ്യമ പ്രവർത്തകർക്ക് അഭിഭാഷകർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരുന്നു.

  തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലടക്കം വലിയ സംഘർഷങ്ങളും ഉണ്ടായി. പിന്നീട് മറ്റു കോടതികളിൽ മാധ്യമ പ്രവർത്തകർക്ക് നിബന്ധനകളോടെ പ്രവേശനം അനുവദിച്ചെങ്കിലും വഞ്ചിയൂർ കോടതിയിൽ ഇപ്പോഴും മാധ്യമ വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസവും വഞ്ചിയൂർ കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരെ അഭിഭാഷകർ മർധിച്ചിരുന്നു. വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാനും പ്രശ്നം പരിഹരിക്കാനും സർക്കാർ താത്പര്യം കാട്ടാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും വിമർശനമുണ്ട്.

  Summary: Judicial commission report on 2016 scuffle between lawyers and mediapersons tabled in the Assembly
  Published by:user_57
  First published: