പത്തനംതിട്ട: ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡ‍ിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം നാൽപത് ദിവസത്തിനു ശേഷം ഇന്ന് സംസ്കരിച്ചു. കുടപ്പന സെന്റ മേരീസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഇന്നലെ നടന്ന റീ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഒൻപത് മണിയോടെ ഭാര്യ ഷീബയും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി.

വിലാപയാത്രയായി 12 മണിയോടെയാണ് മൃതദേഹം  ചിറ്റാറിലെ വീട്ടിലെത്തിച്ചത്. രണ്ട് മണിക്കൂർ വീട്ടിൽ പൊതുദർശനത്തിനു വച്ചു. മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടപ്പനയിലെ കുടുംബ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനധിപൻ കുര്യോക്കോസ് മാർ ക്ലിമിസിന്റെ കാർമികത്ത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.

സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു മാസത്തിലേറെ മൃതദേഹവുമായി ഭാര്യ ഷീബ പ്രതിഷേധിച്ചിരുന്നു. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ സംഘം മൃതദേഹം വെള്ളിയാഴ്ച റീ പോസ്റ്റ്‍മോർട്ടം ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ന് സംസ്കാര ചടങ്ങുകൾ നടത്താൻ ബന്ധുക്കൾ തയാറായത്.  ജൂലായ് 28-നാണ് വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മത്തായി മരണപ്പെട്ടത്.
Youtube Video

മത്തായിയുടേത് മുങ്ങിമരണമാണെന്നും മർദ്ദനത്തിന്‍റെ പാടുകൾ ശരീരത്തിൽ ഇല്ലെന്നുമായിരുന്നു ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മത്തായി മരിച്ചതെങ്ങനെയെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് സി.ബി.ഐയെ അന്വേഷണ ചുമതലയേൽപ്പിക്കുന്നത്.

ഇന്ന് സി.ബി.ഐ മത്തായിയുടെ കുടുംബവീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു മത്തായി. ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ആരോപണവിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ബാക്കിയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.