നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുഖ്യമന്ത്രി വോട്ടർമാരെ അപമാനിക്കുന്നു;ബിജെപിയുടെ വോട്ടു വാങ്ങിയെന്ന ആരോപണത്തിൽ വസ്തുതയില്ല': കെ ബാബു

  'മുഖ്യമന്ത്രി വോട്ടർമാരെ അപമാനിക്കുന്നു;ബിജെപിയുടെ വോട്ടു വാങ്ങിയെന്ന ആരോപണത്തിൽ വസ്തുതയില്ല': കെ ബാബു

  'ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണ് തൃപ്പൂണിത്തുറയിൽ യുഡിഎഫ് വിജയിച്ചത് എന്ന പിണറായിയുടെ ആരോപണം തന്റെ "പൊന്നിൻകുടം" ഉടഞ്ഞു തകർന്നതിന്റെ ജാള്യത മറയ്ക്കാൻ മാത്രമാണ്'

  കെ ബാബു

  കെ ബാബു

  • Share this:
   കൊച്ചി: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയായ താൻ തൃപ്പൂണിത്തുറയിൽ ജയിച്ചത് ബി ജെ പി യുടെ വോട്ട് വാങ്ങിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് വസ്തുതകളുടെ പിൻബലമില്ലെന്നും, അത് തൃപ്പൂണിത്തുറയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോൺഗ്രസ്സ് നേതാവ് കെ. ബാബു പറഞ്ഞു

   തൃപ്പൂണിത്തുറയിൽ 2016 ൽ ബിജെപി ക്ക് ലഭിച്ചത് 29843 വോട്ടായിരുന്നു. പ്രസിദ്ധ ആധ്യാത്മിക പ്രഭാഷകനും മികച്ച കോളേജ് അധ്യാപനുമായിരുന്ന പ്രൊഫ. തുറവൂർ വിശ്വംഭരനായിരുന്നു സ്ഥാനാർഥി. അദ്ദേഹത്തിന് ഹൈന്ദവ വിശ്വാസികളുടെയും പൂർവ വിദ്യാർഥികളായ ശിഷ്യന്മാരുടെയും പിന്തുണ നല്ല തോതിൽ തന്നെ ലഭിക്കുകയും അത് വോട്ടിൽ പ്രതിഫലിക്കുകയും ചെയ്തു. ഇത്തവണ ബി ജെ പിക്ക് 6087 വോട്ട് കുറയുവാനുള്ള യഥാർത്ഥ കാരണം സത്യസന്ധമായി ബി ജെ പിയും സി പി എമ്മും വിലയിരുത്തണം. ഇന്നലെ വരെ കോൺഗ്രസ്സിൽ നിന്ന് എല്ലാം നേടിയ ശേഷം കൂടുതൽ ഭാഗ്യം തേടി വന്ന ഇത്തവണത്തെ സ്ഥാനാർഥിക്ക് പ്രൊഫ. തുറവൂർ വിശ്വംഭരനേക്കാൾ ഏറെ എന്തു മികവും ആകർഷകത്വവുമാണ് ഉള്ളതെന്ന് ചിന്തിക്കണം.

   ഇതിനു പുറമെ, 2016 ൽ ബിജെപി യോടൊപ്പം ബിഡിജെഎസ് ശക്തമായി നിലയുറപ്പിച്ചിരുന്നു എന്ന കാര്യം വിസ്മരിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചരണത്തിന് എത്തിയതും അവർക്ക് നേട്ടമായി മാറിയിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 3095 വോട്ടും 2011 ൽ 4942 വോട്ടുമാണ് ബിജെപിക്ക് ലഭിച്ചത്. 2016 ലെ ഒരു സാഹചര്യവും ഈ തിരഞ്ഞെടുപ്പിൽ പ്രസക്തം ആയിരുന്നില്ല എന്ന കാര്യവും മറക്കാനാവില്ല.

   കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് ലഭിച്ചത് 25,304 വോട്ടുകൾ ആയിരുന്നു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അത് 23,816 ആയി. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ 23,754 വോട്ട് കിട്ടുകയും ചെയ്തു. 2016ലെ പ്രത്യേക സാഹചര്യത്തിൽ ലഭിച്ച 29843 വോട്ട് മുഴുവൻ അത് ബിജെപി വോട്ട് ആയിരുന്നു എന്ന് വിലയിരുത്തുന്നത് ശരിയാണോ എന്ന് ആലോചിക്കണം. 15.1 ശതമാനത്തിൽനിന്ന് 12.47 ശതമാനമായി ബിജെപി വോട്ട് കുറഞ്ഞു

   അന്നത്തെ രാഷ്ടീയ കാലാവസ്ഥയും സ്ഥാനാർഥിയുടെ പൊതുസ്വീകാര്യതയും അന്ന് ബി ജെ പി ക്ക് തുണയായി. ഇത്തവണ ഈ അനുകൂല സാഹചര്യമൊന്നും ഉണ്ടായില്ലെന്ന് രാഷ്ടീയം സൂക്ഷമായി നിരീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ബിജെപി യും യു ഡി എഫും തമ്മിൽ വോട്ടുകച്ചവടം നടന്നിട്ടുണ്ടെങ്കിൽ കോൺഗ്രസിന്റെ വോട്ട് 39.37 ശതമാനമായി കുറയുമായിരുന്നില്ല. എൽ ഡി എഫിന്റെ വോട്ട് 45.33 ശതമാനമായി വർദ്ധിക്കുകയും ചെയ്യുമായിരുന്നില്ലല്ലോ.

   തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സി പി എം - ബി ജെ പി ബന്ധം ഉണ്ടെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ആർ.
   ബാലശങ്കർ വെളിപ്പെടുത്തിയതും അതിന്റെ പേരിൽ ബി ജെ പി യിൽ ഉണ്ടായ കോലാഹലങ്ങളും മുഖ്യമന്ത്രി സൌകര്യപൂർവം മറക്കുന്നു. ബി ജെ പി വോട്ട് എങ്ങോട്ട് മറിഞ്ഞു എന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ മാത്രം തെളിവായി പരിഗണിച്ചാൽ മതി.

   ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണ് തൃപ്പൂണിത്തുറയിൽ യുഡിഎഫ് വിജയിച്ചത് എന്ന പിണറായിയുടെ ആരോപണം തന്റെ "പൊന്നിൻകുടം" ഉടഞ്ഞു തകർന്നതിന്റെ ജാള്യത മറയ്ക്കാൻ മാത്രമാണ്. സ്വന്തം സ്ഥാനാർഥിയുടെ പ്രവർത്തന ശൈലിയും, ഹൈന്ദവ സമൂഹത്തെ അദ്ദേഹം വേദനിപ്പിച്ചതുമൊക്കെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് സിപിഎം പരിശോധിക്കുന്നത് നന്നായിരിക്കും. കോൺഗ്രസ്സും ഐക്യമുന്നണിയും പൊരുതി നേടിയ വിജയത്തെ പിണറായി വിജയൻ എത്ര തന്നെ ഇകഴ്ത്തിയാലും തൃപ്പൂണിത്തുറയിലെ വോട്ടർമാർ അത് പുച്ഛിച്ചു തള്ളുമെന്ന് ബാബു ഓർമ്മിപ്പിച്ചു.
   Published by:Anuraj GR
   First published:
   )}