നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാന നേതൃത്വത്തിൽ ചേരിപ്പോര്; കാനം രാജേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കെ.ഇ.ഇസ്മായിലിന്റെ പരാതി

  സംസ്ഥാന നേതൃത്വത്തിൽ ചേരിപ്പോര്; കാനം രാജേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കെ.ഇ.ഇസ്മായിലിന്റെ പരാതി

  ജനറല്‍ സെക്രട്ടറിയെ പരസ്യമായി തള്ളിപ്പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാട് ദേശീയ എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും.

  News18

  News18

  • Share this:
  തിരുവനന്തപുരം: ഡി.രാജയ്ക്കെതിരായ കാനത്തിന്റെ  വിമർശനം ആയുധമാക്കി ഇസ്മായിൽ പക്ഷം. കാനത്തിന്റെ പ്രസ്താവന  ജനറൽ സെക്രട്ടറിയെ ദുർബലപ്പെടുത്തുന്നതാണെന്ന  പരാതിയുമായി ഇസ്മായിൽ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ഇതോടെ ഇടവേളയ്ക്കുശേഷം സിപിഐയിൽ ഗ്രൂപ്പ് പോര് വീണ്ടും സജീവമാവുകയാണ്.

  കാനത്തിന്റെ വിമർശനം അസാധാരണവും അനുചിതവുമാണെന്ന് കെ ഇ ഇസ്മായിൽ കേന്ദ്രനേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നു. ജനറൽ സെക്രട്ടറിയെ ദുർബലപ്പെടുത്തുന്ന പ്രസ്താവന സംസ്ഥാന സെക്രട്ടറി തന്നെ നടത്തിയത് ശരിയായില്ലെന്നും  ഇസ്മായിൽ. ഇസ്മായിൽ പക്ഷത്തെ പ്രധാന നേതാക്കൾ കേന്ദ്രനേതൃത്വത്തെ ഫോണിൽ ബന്ധപ്പെട്ടും കാനത്തിനെതിരെ പരാതി അറിയിച്ചിട്ടുണ്ട്.

  ജനറല്‍ സെക്രട്ടറിയെ പരസ്യമായി തള്ളിപ്പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാട് ദേശീയ എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും  പാർട്ടി നേതൃയോഗങ്ങളിൽ ഉയർന്നുവന്ന വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയ കാര്യം മാത്രമാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് എന്നുമാണ് കാനത്തിന്റെ വിശദീകരണം.

  ഡാങ്കെയെ പരാമർശിച്ചതൊക്കെ ചരിത്രം ഓർമിപ്പച്ചതാണെന്നും കാനം നിലപാടെടുക്കുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ പാർട്ടിയിൽ പൂർണമായും കാനം പക്ഷത്തിൻറെ ആധിപത്യമായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ഉൾപ്പെടെ ഇസ്മായിൽ പക്ഷത്തെ പല  നേതാക്കൾക്കെതിരെയും നടപടിയും നേരിടേണ്ടി വന്നു.  എന്നാൽ ജനറൽ സെക്രട്ടറിയെ വിമർശിച്ച കാനത്തിന്റെ നടപടി വീണ്ടും ഇസ്മായിൽ പക്ഷത്തെ സജീവമാക്കുകയാണ്.

  Also Read-പാലാ ബിഷപ്പിന് പിന്തുണയുമായി ജോസ് കെ.മാണി; 'പിതാവ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്ക്കെതിരായ ജാഗ്രത'

  പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ എതിർ വിഭാഗത്തിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാൻ തന്നെയാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. കേരള പൊലീസിനെ ഉത്തർപ്രദേശ് പൊലീസുമായി താരതമ്യം ചെയ്തതിനാണ് പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയെ  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി വിമർശിച്ചത്. ജനറൽ സെക്രട്ടറിയായാലും പാർട്ടി മാനദണ്ഡം ലംഘിച്ചാൽ വിമർശിക്കുമെന്നു പറഞ്ഞ കാനം, ഉത്തർ പ്രദേശ് പൊലീസിനെ പോലെയല്ല കേരളാ പൊലീസെന്നും കേരളാ പൊലീസ് വ്യത്യസ്തമാണെന്നും പറഞ്ഞു.

  ജനറൽ സെക്രട്ടറിയെ വിമർശിച്ചതിൽ എന്താണ് കുഴപ്പം. ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് കുഴപ്പം ഉണ്ടെങ്കിൽ വിമർശിക്കും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സിപിഐ. ജനറൽ സെക്രട്ടറിയായാലും ചെയർമാനായാലും സ്റ്റേറ്റ് സെക്രട്ടറിയായാലും പാർട്ടിയുടെ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ല. അത് അനുസരിക്കണം. ഇല്ലെങ്കിൽ വിമർശിക്കുമെന്നും കാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

  Also Read-'സവര്‍ക്കറെയും ഗോള്‍വാക്കറെയും കുറിച്ച് പഠിക്കാതെ എങ്ങിനെ അവരുടെ ചിന്താഗതികള്‍ എതിര്‍ക്കും?'ശശി തരൂര്‍

  മൂന്നു ദിവസങ്ങളിലായി നടന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിൽ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കും ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയ്ക്കും എതിരേ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിമർശനങ്ങളെ ന്യായീകരിച്ചാണ് കാനം വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്.

  ദേശീയ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ വിശദീകരിക്കുമ്പോഴല്ല, രാജ സംസ്ഥാന പൊലീസിനെ വിമർശിച്ചത്. പത്ര സമ്മേളനത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഡി.രാജ അഭിപ്രായം പറഞ്ഞത്. ചോദ്യത്തിന് അനുസരിച്ചായിരുന്നു പ്രതികരണം. അത് ദേശീയ എക്സിക്യൂട്ടീവിന്റേയോ ദേശീയ സെക്രട്ടേറിയറ്റിന്റേയോ അഭിപ്രായമല്ല. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ സംസ്ഥാന രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകത്തിന്റെ കൂടി അനുമതി വേണമെന്നാണ് തീരുമാനം.

  ആ തീരുമാനം ലംഘിക്കപ്പെട്ടു എന്നതാണ് തന്റെ കത്തിൽ പറഞ്ഞത്. ആ തീരുമാനം ഒരു ദേശീയ എക്സിക്യുട്ടീവ് അംഗം ലംഘിച്ചു എന്നായിരുന്നു പരാതി. കത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ദേശീയ എക്സിക്യൂട്ടീവും ശരിവച്ചെന്ന് കാനം പറഞ്ഞു. വനിതാ നേതാവ് എന്തു പറഞ്ഞു എന്നതല്ല, നിലവിലെ മാനദണ്ഡം ലംഘിച്ചു എന്നതാണ് പ്രശ്നം. അതു ലംഘിച്ചു എന്നതു തന്നെയാണ് പാർട്ടിയുടെ വിലയിരുത്തലെന്ന് ആനി രാജയുടെ വിവാദ പരാമർശം സൂചിപ്പിച്ച് കാനം വ്യക്തമാക്കി.

  ഉത്തർ പ്രദേശും കേരളവും ഒരു പോലെ എന്നാണ് ഡി.രാജ പറഞ്ഞത്. അക്കാര്യത്തിൽ അങ്ങനെയല്ല, അദ്ദേഹം പറഞ്ഞത് തെറ്റാണ്. സിപിഐയുടെ അഭിപ്രായവും അതല്ല. ഉത്തർപ്രദേശും കേരളവും ഒരു പോലെയല്ല. കേരളം വ്യത്യസ്തമണ്. അത് അദ്ദേഹത്തിന് അറിയാവുന്നതാണ്. ഓക്സിജൻ ഇല്ലെന്നു പറഞ്ഞതിന് ഡോക്ടർക്കെതിരെ കേസെടുത്ത പൊലീസാണ് ഉത്തർ പ്രദേശിലേത്. കേരളത്തിലെ പൊലീസ് കോവിഡ് കാലത്ത് എപ്പോഴും നിരത്തിലുള്ള പൊലീസാണ്. രണ്ടും വ്യത്യസ്തമാണ്.

  കേരളാ പൊലീസിന്റെ ഒറ്റപ്പെട്ട തെറ്റുകൾ മാധ്യമങ്ങൾ സാമാന്യവത്കരിക്കുകയാണ്. തെറ്റുണ്ടാകുമ്പോൾ പൊലീസ് തിരുത്തുകയും നടപടി എടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഉത്തർപ്രദേശ് പൊലീസ് അങ്ങനെയല്ലെന്നും കാനം രാജേന്ദ്രൻ. സംസ്ഥാന കൗൺസിലിലും സെക്രട്ടേറിയറ്റിലും നടന്ന ചർച്ചകൾ ഡി.രാജയെ അറിയിക്കാൻ ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന കൗൺസിൽ യോഗം ചുമലതപ്പെടുത്തി.

  കേരളാ പൊലീസിൽ ആർഎസ്എസ് ഗ്യാംഗ് പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിക്കണം എന്നുമായിരുന്നു ഡൽഹിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ആനി രാജ പറഞ്ഞത്. ഇതിനെതിരേ തൊട്ടടുത്ത ദിവസം തന്നെ കാനം രാജേന്ദ്രൻ പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ആനി രാജയുടെ നടപടി പാർട്ടി ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിന്റെ ലംഘനം എന്നായിരുന്നു കത്തിലെ ആരോപണം
  Published by:Naseeba TC
  First published:
  )}