കോഴിക്കോട്: കേരളം നാഥനില്ലാ കളരിയായി മാറിയെന്ന് കെ മുരളീധരൻ എം.പി. മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്തയാളെന്ന് പാർട്ടിക്കാർ തന്നെ പറയുന്നു. കേരളത്തിലെ ആഭ്യന്തരമന്ത്രി ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അല്ലെന്നും കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി ഉപദേശികളെ വെച്ചിട്ടും ഒരടിപോലും മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാനായില്ല. യുഎപിഎ നയമല്ലെന്ന് പറയുമ്പോൾ എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. നയം വിശദീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല എന്നതിന്റെ തെളിവാണിത്.
മുഖ്യമന്ത്രിക്ക് പൊലീസിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പറയുന്നതിനെ പൊലീസുകാർ വകവയ്ക്കുന്നില്ല. മുഖ്യമന്ത്രിയേക്കാൾ വലുതാണോ ഉത്തരമേഖലാ ഐജിയെന്നും മുരളീധരൻ ചോദിച്ചു. സർക്കാർ നയത്തിനെതിരെ ഉദ്യോഗസ്ഥൻ പ്രവർത്തിച്ചാൽ അയാൾ ആ കസേരയിൽ ഇരിക്കാൻ പാടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസിൽ ഒരു കോക്കസ് പ്രവർത്തിക്കുന്നു. മോദിയുടെ നയമാണ് പൊലീസ് നടപ്പാക്കുന്നത്. കമ്മ്യൂണിസ്റ്റ് സർക്കാർ ഇത് നോക്കിയിരിക്കുന്നുവെന്നും മുരളി കുറ്റപ്പെടുത്തി.
സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി അധികാരത്തിൽ തുടരുന്നത് ശരിയല്ല. തങ്ങളുടേതല്ലാത്ത നയം പൊലീസ് നടപ്പാക്കുമ്പോൾ അധികാരത്തിൽ കടിച്ചുതൂങ്ങരുത്. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറയുന്നത് സിപിഐയാണ്. ഭരണവും സമരവും എന്ന നയം സിപിഐ തിരുത്തണം. ഒന്നുകിൽ വിടുവായത്തം നിർത്തണം. അല്ലെങ്കിൽ ഭരണത്തിൽ നിന്നു പുറത്തുപോകണം. സിപിഎമ്മിനേക്കാൾ സിപിഐ ചെയ്യുന്നതാണ് തെറ്റ്.
ഭീകരൻമാരെ കൈകാര്യം ചെയ്യാനാണ് കോൺഗ്രസ്സ് യു എ പി എ കൊണ്ടുവന്നത്, എന്നാൽ ഇന്ന് അത് ദുരുപയോഗം ചെയ്യപ്പെടുന്നു
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.