കോഴിക്കോട്: വല്യേട്ടനും പാര്‍ട്ടിക്കാരും കുഴല്‍പ്പണം കടത്തുമ്പോള്‍ ചെറിയേട്ടനും പാര്‍ട്ടിക്കാരും സ്വര്‍ണ്ണവും മരവും കടത്തുകയാണെന്ന് കെ. മുരളീധരന് എം.പി. പരിഹസിച്ചു. ഇരു പാര്‍ട്ടിക്കാരും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് മുരളീധരന് ആരോപിച്ചു. സംസ്ഥാനത്തിപ്പോള്‍ സ്വര്‍ണ്ണ വ്യവസായം മാത്രമാണ് നടക്കുന്നത്. ബാക്കിയെല്ലാ വ്യവസായങ്ങളും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ കുറ്റവാളി കൊടി സുനിയ്ക്ക് ജയിലില്‍ ഉണക്കിയ ഇറച്ചിയും മദ്യവും ലഭ്യമാക്കുന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇനി കിട്ടേണ്ടത് 'നാരിയൽ ക പാനി' മാത്രമാണെന്ന് കെ. മുരളീധരന് വിമര്‍ശിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിന് വ്യക്തമായ ബന്ധമുണ്ട്. കേന്ദ്രവും സംസ്ഥാനവും കള്ളക്കടത്തിന്റെ കാര്യത്തില്‍ കൂട്ടുകക്ഷികളാണെന്നും മുരളീധരന് ആരോപിച്ചു.
കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ്. ടിപിആര്‍ ഇപ്പോഴും പത്തിന് മുകളിലാണ്. മരണനിരക്ക് കുറയുന്നുമില്ല. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണിതെന്ന് കെ. മുരളീധരന് വ്യക്തമാക്കി. ടിപിആര്‍ കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുമെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണ്. ആരും ഇക്കാര്യം എന്നോട് സംസാരിച്ചിട്ടില്ല. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പോയിരുന്നു. രാഹുല്‍ഗാന്ധിയോട് ഇക്കാര്യം താന്‍ ചോദിച്ചിട്ടുമില്ല, അദ്ദേഹം ഇങ്ങോട്ടൊന്നും പറഞ്ഞിട്ടുമില്ലെന്ന് കെ മുരളീധരന് പറഞ്ഞു.
പ്രതിസന്ധി കാലത്ത് മാത്രമല്ല, പുനഃസംഘന വരുമ്പോഴും തന്നെ ഓര്‍ക്കാന്‍ നേതൃത്വം തയ്യാകണമെന്ന് ഒരു ആഗ്രഹമുണ്ട്. എന്തായാലും പുനഃസംഘടന നടക്കട്ടെയെന്നും കെ. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പ്രവര്‍ത്തകനായാണ് കെ. മുരളീധരന് സ്ഥിരമായി രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ ഉയര്‍ന്നുവന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന മേധാവിയായിരിക്കെ 1989-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് സി.പി.എം നേതാവായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1991-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് ജനതാദള്‍ (എസ്) നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിനെ തോല്‍പ്പിച്ചാണ് വീണ്ടും ലോക്സഭയിലെത്തിയത്. പിന്നീട് മത്സരിച്ചുവെങ്കിലും 1996-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് എം.പി. വീരേന്ദ്രകുമാറിനോട് പരാജയപ്പെട്ടു. 1998-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐ. നേതാവായിരുന്ന വി.വി. രാഘവന്‍നോട് തോറ്റു.
1999-2001 കാലഘട്ടത്തില്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി. 1999-ല്‍ ജനതാദള്‍ (എസ്) നേതാവായ ഇബ്രാഹിമിനെ തോല്‍പ്പിച്ച് കോഴിക്കോട് നിന്ന് വീണ്ടും ലോക്സഭയില്‍ അംഗമായി.
2001-2004 കാലഘട്ടത്തില്‍ എ.കെ. ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ കെ. മുരളീധരനായിരുന്നു കെ.പി.സി.സി. പ്രസിഡണ്ട്. 2004 ഫെബ്രുവരി 11-ന് എ.കെ. ആന്റണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായി മുരളീധരന് ചുമതലയേറ്റു. എന്നാല്‍ ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാല്‍ 2004 മെയ് 14-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു.
കേരളത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയാണ് കെ. മുരളീധരന്. 2004-ല്‍ രാജ്യസഭാ സീറ്റിന്റെ പ്രശ്നത്തില്‍ മുരളീധരന്റെ പിതാവ് കെ. കരുണാകരനും അദ്ദേഹത്തിന്റെ അനുയായികളും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി കലഹിച്ചതിനെ തുടര്‍ന്ന് കെ. മുരളീധരന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി (കെ.പി.സി.സി) പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.
2005-ല്‍ കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേയ്ക്ക് മുരളീധരനെ സസ്പെന്‍ഡ് ചെയ്തു. അതിനുശേഷം 2005ല്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുതിയ പാര്‍ട്ടിയായ ഡി.ഐ.സി(കെ)യുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
2005ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയെ ഡി.ഐ.സി (കെ) സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയിച്ചു. പിന്നീട് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും വെളിയം ഭാര്‍ഗവനും അടക്കമുള്ള സി.പി.ഐ. നേതാക്കളും ഡി.ഐ.സിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഡി.ഐ.സി.(കെ)യെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കി.
2006-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നേതൃത്വവുമായി ഡി.ഐ.സി (കെ) ധാരണയിലെത്തി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.മുരളീധരന് സി.പി.എം. സ്വതന്ത്രനായ പി.ടി.എ. റഹീമിനോട് തോറ്റു.
2006 നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിച്ച ഡി.ഐ.സി (കെ) എന്ന പാര്‍ട്ടിയ്ക്ക് ഒരു സ്ഥലത്ത് മാത്രമാണ് വിജയിക്കാനായത്. ഇതിനിടയില്‍ ചില പാര്‍ട്ടി നേതാക്കള്‍ മാതൃസംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോകാന്‍ താല്പര്യം പ്രകടിപ്പിച്ചു. ഇത് ഡി.ഐ.സി.(കെ)യുടെ പിളര്‍പ്പിലേക്ക് നയിച്ചു. 2007-ല്‍ കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും ഡി.ഐ.സി (കെ) പാര്‍ട്ടിയും എന്‍.സി.പിയില്‍ ലയിച്ചു. 2007 ഡിസംബര്‍ 31-ന് കെ. കരുണാകരന് കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുപോയെങ്കിലും മുരളീധരന് എന്‍.സി.പിയില്‍ തുടര്‍ന്നു.
2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്ന് കെ. മുരളീധരന് എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. 2009ല്‍ മുരളീധരനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി. ആറു വര്‍ഷത്തിനു ശേഷം 2011 ഫെബ്രുവരി 15ന് കെ.മുരളീധരന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെത്തി.
2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച മുരളീധരന് സിപിഎമ്മിലെ ചെറിയാന് ഫിലിപ്പിനെ പരാജയപ്പെടുത്തി നിയമസഭാ അംഗമായി. 2016ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് തന്നെ വീണ്ടും നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
കെ.പി.സി.സി പ്രസിഡന്റായതിനെ തുടര്‍ന്ന് മത്സരരംഗത്ത് നിന്നൊഴിവായ മുല്ലപ്പള്ളി രാമചന്ദ്രന്ന് പകരക്കാരനായി 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയിരുന്ന മുരളീധരനെ കോണ്‍ഗ്രസ് നിയോഗിച്ചതിനെ തുടര്‍ന്ന് എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎമ്മിലെ പി.ജയരാജനെ പരാജയപ്പെടുത്തിയ മുരളീധരന് വീണ്ടും ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മലര്‍ത്തിയടിക്കാന്‍ നേമത്തിറക്കിയതും കെ. മുരളീധരനെ. പരാജയപ്പെട്ടെങ്കിലും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ പ്രധാന ക്രഡിറ്റ് കെ. മുരളീധരനായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.