• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

വിശ്വസ്തനെ ജില്ലാ സെക്രട്ടറിയാക്കി കെ എൻ ബാലഗോപാൽ; സുദേവനെ എതിർത്തത് ഒരാൾ മാത്രം


Updated: June 12, 2018, 3:22 PM IST
വിശ്വസ്തനെ ജില്ലാ സെക്രട്ടറിയാക്കി കെ എൻ ബാലഗോപാൽ; സുദേവനെ എതിർത്തത് ഒരാൾ മാത്രം

Updated: June 12, 2018, 3:22 PM IST
കൊല്ലം: സിപിഎം ജില്ലാ സെക്രട്ടറിയായി കൊല്ലത്ത് എസ് സുദേവൻ വന്നത് സ്ഥാനമൊഴിഞ്ഞ സെക്രട്ടറി കെ എൻ ബാലഗോപാലിന്‍റെ ഉറച്ച പിന്തുണയോടെ. കെ എൻ ബാലഗോപാൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൊല്ലത്ത് ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് അനിവാര്യമായത്. ഇന്നു രാവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കെ എൻ ബാലഗോപാലാണ് പുതിയ സെക്രട്ടറിയായി എസ് സുദേവന്‍റെ പേര് നിർദ്ദേശിച്ചത്. ഒരംഗം ഒഴികെ എല്ലാവരും ഈ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റിൽനിന്നുള്ള എക്സ് ഏണസ്റ്റാണ് എതിർപ്പ് അറിയിച്ചത്. ജില്ലാ സെക്രട്ടറിയായി കുറേക്കൂടി ചെറുപ്പക്കാരായ ആരെങ്കിലും വരുന്നതല്ലേ നല്ലതെന്നായിരുന്നു ഏണസ്റ്റിന്‍റെ ചോദ്യം. വിഭാഗീയതയുടെ കനൽ പൂർണമായും അടങ്ങാത്ത കൊല്ലത്ത്, സുദേവനെ എതിർക്കാൻ ഉള്ളിൽ അമർഷമുണ്ടായിരുന്നെങ്കിലും പിണറായിപക്ഷക്കാർ തയ്യാറായതുമില്ല. നിലവിൽ പ്രത്യേകിച്ച് ഒരു വിഭാഗത്തിന്‍റെ ഭാഗമായി നിൽക്കാത്തയാളാണ് എസ് സുദേവൻ.

സുദേവൻ ചിത്രത്തിലേക്ക് വന്നത് അപ്രതീക്ഷിതമായി...

ബാലഗോപാൽ സ്ഥാനമൊഴിയുന്നതോടെ പുതിയ ജില്ലാ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകൾ ജില്ലയിൽ കഴിഞ്ഞ കുറേദിവസമായി സജീവമായിരുന്നു. പിണറായിയുടെ വിശ്വസ്തരായ വരദരാജനോ പി രാജേന്ദ്രനോ ജില്ലാ സെക്രട്ടറിയായി വരുമെന്നായിരുന്നു പൊതുവെയുള്ള അഭ്യൂഹം. എസ് ജയമോഹൻ, പി ആർ വസന്തൻ എന്നിവരുടെ പേരും പറഞ്ഞുകേട്ടിരുന്നു. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റിയിലെത്തിയ സിഐടിയു നേതാവ് എസ് സുദേവന്‍റെ പേരും ചർച്ചകളിലുണ്ടായിരുന്നു.

എന്നാൽ പുതിയ ജില്ലാ സെക്രട്ടറിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനൌപചാരികമായ ചർച്ചകൾ നടന്നിരുന്നു. ജില്ലയിൽനിന്ന് പുതിയതായി ജില്ലാ സെക്രട്ടേറിയറ്റിലെത്തിയ കെ എൻ ബാലഗോപാൽ തന്നെ, എസ് സുദേവന്‍റെ പേര് സംസ്ഥാന നേതൃത്വത്തിന് മുമ്പാകെ വെക്കുകയായിരുന്നു. മുമ്പ് കടുത്ത വി എസ് പക്ഷക്കാരനായിരുന്ന എസ് സുദേവൻ, പിന്നീട് കളംമാറി പിണറായി പക്ഷത്തേക്ക് വരികയായിരുന്നു. മുമ്പ് ഡിവൈഎഫ്ഐയുടെ സംസ്ഥാന ട്രഷറാറിയിരുന്ന കാലം മുതൽക്കേ പിണറായി വിജയനുമായുള്ള ബന്ധം സംസ്ഥാനകമ്മിറ്റിയിലെത്തുന്നതിനും ഇപ്പോൾ ജില്ലാ സെക്രട്ടറിയാകുന്നതിനും തുണയായി.

സുദേവനെ ബാലഗോപാൽ പിന്തുണച്ചതിന് പിന്നിൽ...

2015ൽ കൊല്ലത്തുചേർന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ കെ രാജഗോപാലിന്‍റെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ കൊടുമ്പിരികൊള്ളുന്നു. അന്ന് സെക്രട്ടറിയാകേണ്ടിയിരുന്ന പി രാജേന്ദ്രന്‍റെ പേര് വെട്ടിമാറ്റി അപ്രതീക്ഷിതമായാണ് കെ എൻ ബാലഗോപാൽ ആ സ്ഥാനത്തേക്ക് വരുന്നത്. എം എ ബേബിയുടെ ശക്തമായ എതിർപ്പാണ് അന്ന് പി രാജേന്ദ്രന് വിനയായത്. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ പരാജയത്തിന് കാരണക്കാരൻ പി രാജേന്ദ്രൻ കൂടിയാണെന്നാണ് എം എ ബേബി വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയോടെ ബേബിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പഴയ വി എസ് ഗ്രൂപ്പുമായി അടുക്കുകയും ചെയ്തു. ഈ കൂട്ടുകെട്ടിന്‍റെ പിന്തുണയോടെയാണ് അന്ന് കെ എൻ ബാലഗോപാൽ ജില്ലാസെക്രട്ടറിയായി വന്നത്.

ജില്ലാ സമ്മേളനത്തിന്‍റെ ചുമതലക്കാരനായിരുന്ന പിണറായിക്ക് താൽപര്യമില്ലായിരുന്നെങ്കിലും കൊല്ലത്തുനിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗത്തിന്‍റെ താൽപര്യത്തിന് വഴങ്ങേണ്ടിവന്നു. അന്ന് കെ എൻ ബാലഗോപാലിനെ സെക്രട്ടറിയാക്കുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി അംഗങ്ങൾക്കിടയിൽ പിന്തുണ ഉറപ്പാക്കാൻ പ്രവർത്തിച്ചത് എസ് സുദേവനായിരുന്നു. അതിന്‍റെ പ്രത്യുപകാരമായാണ് ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സിഐടിയു പ്രതിനിധി എന്ന നിലയിൽ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയുമ്പോൾ തന്‍റെ വിശ്വസ്തൻ ആസ്ഥാനത്തേക്ക് വരണമെന്നതിനാലാണ് ബാലഗോപാൽ, സുദേവനെ പിന്തുണയ്ക്കാനുള്ള മറ്റൊരു കാരണം.

2019-ലെ പൊതുതെരഞ്ഞെടുപ്പും നിർണായകം...

പൊതുവെ ശക്തനായ സ്ഥാനാർഥിയെ നിർത്തിയാൽ കൊല്ലം ലോക്സഭാ മണ്ഡലം എൻ കെ പ്രേമചന്ദ്രനിൽനിന്ന് തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം. മിക്കവാറും ജയസാധ്യത പരിഗണിച്ച് പൊതുസമ്മതനായ കെ എൻ ബാലഗോപാലിനെ ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനാണ് സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പിൽ സാമുദായിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യംകൂടി പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്.
First published: June 12, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍