• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail| 'സർവേ നടത്താതെ 2360 ഏക്കർ ഏറ്റെടുക്കണമെന്ന് സർക്കാർ എങ്ങനെ കണ്ടെത്തി?'

K Rail| 'സർവേ നടത്താതെ 2360 ഏക്കർ ഏറ്റെടുക്കണമെന്ന് സർക്കാർ എങ്ങനെ കണ്ടെത്തി?'

സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്കായി തയാറെടുപ്പും പ്രാഥമിക ജോലികളുമാണ് ഇപ്പോൾ നടക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
    കൊച്ചി: കെ-റെയിൽ (K-Rail) പദ്ധതിക്കായി 955.13 ഹെക്ടർ (2360 ഏക്കർ) സ്ഥലം ഏറ്റെടുക്കണമെന്ന് അറിയാമെങ്കിൽ എന്തിനാണ് സർവേ നടത്തുന്നതെന്ന് സർക്കാരിനോട് കേരള ഹൈക്കോടതി ചോദിച്ചു. ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ്, ബ്ലോക്ക് നമ്പർ, സർവേ നമ്പർ, വില്ലേജ് തുടങ്ങിയ വിവരങ്ങൾ സർക്കാർ ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സർവേ ആൻഡ് ബൗണ്ടറീസ് നിയമ പ്രകാരം സർവേ നടക്കുകയാണെന്ന‌് പറയുമ്പോൾ ഈ വിവരങ്ങൾ എങ്ങനെയാണ് ഉൾപ്പെട്ടതെന്ന് സർക്കാർ വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. സിൽവർ ലൈൻ (Silverline) പദ്ധതിക്കായി ഏകപക്ഷീയമായും നിയമവിരുദ്ധമായും ഭൂമിയിൽ പ്രവേശിച്ച് അതിർത്തികൾ അടയാളപ്പെടുത്തുന്നെന്നാരോപിച്ച് ഏറ്റുമാനൂർ സ്വദേശി ബിനു സെബാസ്റ്റ്യൻ അടക്കമുള്ളവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സമാന ഹർജികൾക്കൊപ്പം പരിഗണിക്കാൻ ഈ മാസം 12ലേക്ക് മാറ്റി.

    വിജ്ഞാപനം അനുസരിച്ചു സർവേ ആൻഡ് ബൗണ്ടറീസ് നിയമപ്രകാരമുള്ള സർവേ തുടരുകയാണെന്ന് സീനിയർ ഗവൺമെന്റ് പ്ലീഡർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിലെ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ കോടതി വിശദീകരണം ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിക്കായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലായി 11 സ്പെഷൽ തഹസിൽദാർ ലാൻഡ് അക്വിസിഷൻ ഓഫിസുകൾ സ്ഥാപിച്ച് 2021 ഓഗസ്റ്റ് 18ന് സർക്കാർ ഉത്തരവിട്ടതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നിയമം 2013 ന്റെ വ്യവസ്ഥകൾ പ്രകാരം അനുമതി നൽകിയിട്ടുണ്ടെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നായി 1221 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനായി 2021 ഒക്ടോബർ 30ന് സർക്കാർ മറ്റൊരു ഉത്തരവും ഇറക്കി.

    Also Read- SilverLine | സിൽവർലൈൻ പദ്ധതി വന്നാൽ പ്രളയമുണ്ടാകുമോ? ആശങ്കകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

    ഈ ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. റെയിൽവേ നിയമം 1989 അനുസരിച്ച് ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കാതെ പദ്ധതിക്കായി ഭൂമിയിൽ പ്രവേശിക്കാൻ സംസ്ഥാന സർക്കാരിനും കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനും അധികാരമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

    'ഇപ്പോൾ നടക്കുന്നത് പ്രാഥമിക ജോലികൾ മാത്രം'

    സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്കായി തയാറെടുപ്പും പ്രാഥമിക ജോലികളുമാണ് നടക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അന്തിമ അനുമതി ലഭിച്ചതിനുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിക്കുകയുള്ളൂയെന്നും അനുമതി ലഭിക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും ചീഫ് സെക്രട്ടറി വി പി ജോയി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

    സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിലെ നിർദേശങ്ങൾ മറികടന്നു ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നെന്ന് ആരോപിച്ചു കോട്ടയം പെരുവ സ്വദേശി എം ടി തോമസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ വിശദീകരണം.

    Also Read- SilverLine project | എതിര്‍പ്പിനൊപ്പമല്ല നാടിന്റെ ഭാവിക്കൊപ്പം നില്‍ക്കലാണ് സര്‍ക്കാരിന്റെ കടമ: മുഖ്യമന്ത്രി

    വൻ പദ്ധതിയായതിനാൽ ആവശ്യമായ തയാറെടുപ്പുകളും പ്രാഥമിക ജോലികളും ചെയ്യേണ്ടതുണ്ടെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. കൃത്യമായ രീതിയിൽ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പദ്ധതിയുടെ ഭാവിയെ ബാധിക്കുമെന്നതിനാലാണ് നടപടികൾ സ്വീകരിച്ചതെന്നും പൊതുതാൽപര്യം മുൻനിർത്തിയാണ് ഇതെന്നും സർക്കാർ പറഞ്ഞു. സാമൂഹിക ആഘാത പഠനം നടത്തുന്ന സംഘത്തിനു തിരിച്ചറിയാൻ അതിർത്തി കല്ലുകൾ സ്ഥാപിക്കാനുള്ള ഉത്തരവാദിത്തമാണ് സ്പെഷൽ യൂണിറ്റുകൾക്ക് നൽകിയിരിക്കുന്നതെന്നും വിശദീകരിച്ചു.
    Published by:Rajesh V
    First published: