• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail | കെ റെയിലിന് 1383 ഹെക്ടര്‍ കണ്ടെത്തണം; 9314 കെട്ടിടങ്ങള്‍ പൊളിക്കും; ആരാധനാലയങ്ങളുട പാടവും തൊടില്ല

K Rail | കെ റെയിലിന് 1383 ഹെക്ടര്‍ കണ്ടെത്തണം; 9314 കെട്ടിടങ്ങള്‍ പൊളിക്കും; ആരാധനാലയങ്ങളുട പാടവും തൊടില്ല

നെല്‍പാടങ്ങളും കൃഷി സ്ഥലങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ ഈ മേഖലയിലൂടെ ആകാശ പാതയിലായിരിക്കും റെയില്‍പാത കടന്നുപോകുന്നത്.

  • Share this:
തിരുവനന്തപുരം: പരമാവധി പാരിസ്ഥിതിക നഷ്ടമൊഴിവാക്കിയാണ് കെ റെയില്‍ നടപ്പാക്കുകയെന്ന് സര്‍ക്കാര്‍. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയാണ് രൂപരേഖ. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതിക്കായി ആരാധനാലയങ്ങളോ, കാവുകളോ,പാടങ്ങളോ നഷ്ടപ്പെടുത്തേണ്ടി വരില്ല. നെല്‍പാടങ്ങളും കൃഷി സ്ഥലങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ ഈ മേഖലയിലൂടെ ആകാശ പാതയിലായിരിക്കും റെയില്‍പാത കടന്നുപോകുന്നത്. 115 കിലോമീറ്ററാണ് പാടശേഖരത്തിനുമുകളിലൂടെ പാത കടന്ന് വരുന്നത്. ഇതില്‍ 88 കിലോ മീറ്ററും ആകാശപാത സജ്ജമാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനായി പാലങ്ങളും കല്‍വര്‍ട്ടുകളും നിര്‍മ്മിക്കും. നിര്‍മ്മാണ നടക്കുമ്പോഴും പരിസ്ഥിതിക സൗഹൃദരീതിയാണ് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കി.

പാരിസ്ഥിതിക അഘാത പഠനം നടന്നു

കെ റെയില്‍ പദ്ധതിയുടെ പ്രാഥമിക പാരിസ്ഥികാഘാത പഠനം നടന്നതാണെന്ന് മുഖ്യമന്ത്രി. കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ നിയോഗിച്ച തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ആന്റ് ഡെവലപ്പമെന്റ് എന്നസ്ഥാപനമാണ് നടത്തിയത്. സമഗ്ര പാരിസ്ഥിതികാഘാത പഠനം നടത്താനൊരുങ്ങുകയാണ്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഫീല്‍ഡ് വര്‍ക്ക്, എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ് പ്ലാന്‍, പുനരധിവാസ പഠനം, ഇന്‍ഡീജിനസ് പീപ്പിള്‍സ് പ്ലാന്‍ എന്നീ മേഖലകളില്‍ പദ്ധതിക്ക് മുമ്പായി വിശദമായ പഠനം നടത്തും. ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുന്നതിന് മുമ്പായി സാമൂഹികാഘാത പഠനംനടത്തും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പൊതു വിചാരണ നടത്താനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന് പുറമെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് സെമിനാര്‍ അവതരിപ്പിക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

9314 കെട്ടിടങ്ങള്‍ പൊളിക്കണം

63,941 കോടിയാണ് ആകെ പദ്ധതി ചെലവെന്ന് സര്‍ക്കാര്‍ പറയുന്നു.പുനരധിവാസത്തിനുള്‍പ്പെടെ 1383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരിക. ഇതില്‍ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. 13362 കോടിയാണ് ഭൂമി ഏറ്റെടുക്കേണ്ടതിന് ചിലവഴിക്കേണ്ടിവരിക. ഹെക്ടറിന് 9 കോടിയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം വിലയിരുത്തിയത്. സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9314 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കേണ്ടിവരിക.

ഭൂമി ഏറ്റെടുക്കാന്‍ അനുമതിയുണ്ട്

കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായി പച്ചക്കൊടികാട്ടാതെ കേരളം സ്ഥലം ഏറ്റെടുപ്പ് നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രതിപക്ഷമടക്കം ഈ നീക്കത്തെ എതിര്‍ക്കുമ്പോള്‍ സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചു കഴിഞ്ഞെന്നാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതോടെ ഈ അനുമതിയും ലഭിച്ചു കഴിഞ്ഞു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് അന്തിമാനുമതി ലഭിച്ചാലേ സ്ഥലം ഏറ്റെടുപ്പ് ആരംഭിക്കാന്‍ കഴിയൂ. അന്തിമാനമതി ഉടന്‍ ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അപ്പോഴേക്കും പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ പറയുന്നു.

പ്രതിപക്ഷം കെ റെയില്‍ പദ്ധതിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പദ്ധതിയുടെ വിശദാശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന മേഖലയില്‍ വന്‍കുതിച്ചു ചാട്ടമുണ്ടാക്കുന്നതാണ്  കെ റെയില്‍ പദ്ധതിയെന്ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി അവകാശപ്പെടുന്നു. കിഫ്ബി വായ്പ വഴി പദ്ധതിക്കായി പണം കണ്ടെത്താന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നിർമാണം ആരംഭിച്ചാല്‍ 5 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം.
Published by:Naveen
First published: