നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാവിലെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. വീണ്ടും കല്ലിടാനെത്തിയതോടെ സംഘര്‍ഷമുണ്ടായി. ഒരു അറിയിപ്പുമില്ലാതെ കല്ലിടുന്നത് അംഗീകരിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി.
അതേസമയം സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടല്‍ നടത്തുന്നതെന്ന് കെ-റെയില്‍ എംഡി വി.അജിത് കുമാര്‍ പറഞ്ഞു. പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് കെ-റെയില്‍ അധികൃതര്‍ പറയുന്നത്.
സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും നേതൃത്വത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുകയും ചെയ്തു.
കെ റെയില്‍ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്നും സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നും യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും വി ഡി സതീശന് പറഞ്ഞു.
കെ റയില്‍ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന പ്രശ്നമാണ്. പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന് പറഞ്ഞു.
കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്. സര്‍വ്വേ കല്ല് ഊരിയാല്‍ വിവരമറിയും, ഒരു സംശയവും വേണ്ട, തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്നും മന്ത്രി ആരോപിച്ചു. അതാണ് ചെങ്ങന്നൂരില്‍ ഉള്‍പ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.