• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Sankaranarayanan | 'കെ ശങ്കരനാരായണൻ കോൺഗ്രസിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖം': മുഖ്യമന്ത്രി

K Sankaranarayanan | 'കെ ശങ്കരനാരായണൻ കോൺഗ്രസിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖം': മുഖ്യമന്ത്രി

'ദീർഘകാലം യുഡിഎഫ് കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും ജനകീയ പ്രശ്നങ്ങളിലും നാടിന്റെ വികസന പ്രശ്നങ്ങളിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല'

K-Sankaranarayanan

K-Sankaranarayanan

  • Share this:
    തിരുവനന്തപുരം: കോൺഗ്രസിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമായിരുന്നു കെ ശങ്കരനാരായണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിദ്വേഷത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്നങ്ങളെ നോക്കിക്കാണുകയും നെഹ്‌റൂവിയൻ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയർത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    ദീർഘകാലം യുഡിഎഫ് കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും ജനകീയ പ്രശ്നങ്ങളിലും നാടിന്റെ വികസന പ്രശ്നങ്ങളിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അന്ധമായ രാഷ്ട്രീയ ശത്രുതയുടെ സമീപനമല്ല, പൊതുപ്രവർത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങൾക്ക് വേണ്ടി നിൽക്കണം എന്ന വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം എന്നും മുറുകെപ്പിടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഗവർണ്ണർ എന്ന നിലയിലും സംസ്ഥാനത്തെ മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികൻ എന്ന നിലയിലും ജനോപകാരപ്രദമായതും അധികാരപ്രമത്തത ബാധിക്കാത്തതുമായ നിലപാടുകളാണ് അദ്ദേഹം എന്നും സ്വീകരിച്ചത്. ശങ്കരനാരായണന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

    മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ അന്തരിച്ചു

    മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (89) (K Sankaranarayanan)അന്തരിച്ചു. സംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യു.ഡി.എഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

    ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയാണ്. മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതല വഹിച്ചു. 1985 മുതല്‍ 2001 വരെ 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. 2001-04 വരെ ധനകാര്യ-എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്നു. 1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

    Also Read-'കരുണാകരൻ വ്യക്തിപരമായി നശിപ്പിക്കാൻ ശ്രമിച്ചു'; കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ ആത്മകഥ

    1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ  ജനിച്ച ശങ്കരനാരായണൻ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ശങ്കരൻ നായരും ലക്ഷ്മിയമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ : രാധ, ഏകമകൾ : അനുപമ.

    പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗം ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

    1977-ൽ തൃത്താലയിൽ നിന്നാണ് ആദ്യമായി കേരള നിയമസഭയിൽ എത്തുന്നത്. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

    1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോട് പരാജയപ്പെട്ടു. 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.
    Published by:Anuraj GR
    First published: