• HOME
 • »
 • NEWS
 • »
 • kerala
 • »
 • Swapna Suresh|ഒരു മുഖ്യമന്ത്രി സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഉൾപ്പെടുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം: കെ സുധാകരൻ

Swapna Suresh|ഒരു മുഖ്യമന്ത്രി സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഉൾപ്പെടുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം: കെ സുധാകരൻ

പൊതു രംഗത്ത് നിന്നും മാറി നിൽക്കാനുള്ള ധാർമിക മര്യാദ മുഖ്യമന്ത്രി കാണിക്കണമെന്നും സുധാകരൻ

കെ സുധാകരൻ

കെ സുധാകരൻ

 • Share this:
  നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.സ്വര്‍ണ്ണക്കടത്ത് കേസില്‍ സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കില്‍ ജുഡീഷ്യറിയുടെ മേല്‍ നോട്ടം ഉണ്ടാകണമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടമായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

  സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യതയില്ല.ബിരിയാണി പാത്രത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി ആ കസേരയില്‍ തുടരുന്നത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്. ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണത്തെ നേരിടാനുള്ള ജനാധിപത്യ വിവേകവും തന്റേടവും ധാര്‍മ്മികതയും മുഖ്യമന്ത്രി കാണിക്കണം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ തയ്യാറാകണം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ തലകുനിച്ച് നടന്ന് പോകുന്ന മുഖ്യമന്ത്രി സ്വയം പരിഹാസപാത്രമായി മാറിയെന്നും സത്യം പുറത്ത് വരണമെങ്കില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ സിബിഐ അന്വേഷണമോ,ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നും സുധാകരന്‍ പറഞ്ഞു.

  സ്വര്‍ണ്ണകള്ളക്കടത്ത് കേസ് തുടക്കം മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പര ധാരണ പ്രകാരം ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്.അതിനാലാണ് ഇത്തരം സത്യങ്ങള്‍ അന്വേഷണത്തില്‍ പുറത്ത് വരാതിരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അവിഹിത കരാറിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ കുഴിച്ച് മൂടിയ സത്യങ്ങളാണ് ഇപ്പോള്‍ ഓരോന്നായി പുറത്ത് വരുന്നത്.മോദിയും പിണറായി വിജയനും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസും ബിജെപി നേതാക്കള്‍ക്കെതിരായ ഹവാല കേസും ഏറെക്കുറെ അവസാനിച്ചതാണ്.സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആ ധാരണകള്‍ പൊളിയുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

  Also Read-'ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റിൽ നിന്ന് ബിരിയാണി പാത്രങ്ങൾ, അതിൽ ബിരിയാണി മാത്രമല്ല': സ്വപ്ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തൽ

  തൃക്കാക്കര പരാജയത്തെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തത് ജാള്യത കൊണ്ടാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെ തമ്പടിച്ച് പൊതുഫണ്ട് ധൂര്‍ത്തടിച്ച് പ്രചരണത്തിന് നേതൃത്വം നല്‍കിയിട്ടും പത്ത് വോട്ട് പോലും കൂടുതല്‍ കിട്ടിയില്ല. ഇടതുപക്ഷത്തിന് അവരുടെ വോട്ട് പോലും ലഭിച്ചിട്ടില്ലെന്നും സുധാകരന്‍ പരിഹസിച്ചു.ചിട്ടയായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും യുഡിഎഫും തൃക്കാക്കരയില്‍ നടത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിനെയും മുന്നണിയേയും സജ്ജമാക്കുകയെന്നതാണ് ലക്ഷ്യമെന്നും അതിനായി പരിപാടികള്‍ ആസുത്രണം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.

  Also Read-''ബിരിയാണി പാത്രംകൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരും': രമേശ് ചെന്നിത്തല

  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന

  ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചില കേസുകളെപ്പറ്റി അവയില്‍ പ്രതിയായ വ്യക്തി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്വര്‍ണ്ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകള്‍ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

  രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിര്‍ബന്ധമുള്ള ഞങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല.

  അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് ഈ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓർമിപ്പിക്കട്ടെ.

  ദീര്‍ഘകാലമായി പൊതുരംഗത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവർക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

  കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യും.
  Published by:Naseeba TC
  First published: