'എനിക്ക് വേണ്ടി തേരാളിയായും പോരാളിയായും വേഷമിട്ട കൂട്ടുകാരൻ, അദ്ദേഹത്തിന് പകരക്കാരനില്ല'; അന്തരിച്ച കെ. സുരേന്ദ്രനെ സ്മരിച്ച് കെ. സുധാകരൻ എംപി

''എനിക്ക് വേണ്ടി തേരാളിയായും, പോരാളിയായും വേഷമിട്ട കൂട്ടുകാരൻ. എൻ്റെ മുന്നിൽ അദ്ദേഹത്തിനൊരു പകരക്കാരനില്ല , ഇനിയുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എൻ്റ പ്രിയപ്പെട്ട സുരേന്ദ്രൻ എന്നന്നേക്കുമായി കാലയവനികയ്ക്കുള്ളിൽ പോയി മറിഞ്ഞു.."

News18 Malayalam | news18-malayalam
Updated: June 25, 2020, 5:43 PM IST
'എനിക്ക് വേണ്ടി തേരാളിയായും പോരാളിയായും വേഷമിട്ട കൂട്ടുകാരൻ, അദ്ദേഹത്തിന് പകരക്കാരനില്ല'; അന്തരിച്ച കെ. സുരേന്ദ്രനെ സ്മരിച്ച് കെ. സുധാകരൻ എംപി
News18 Malayalam
  • Share this:
കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടിയുമായ കെ. സുരേന്ദ്രനെ കുറിച്ച് ഹൃദയകാരിയായ കുറിപ്പുമായി കെ. സുധാകരൻ എംപി. തനിക്ക് വേണ്ടി തേരാളിയായും പോരാളിയായും വേഷമിച്ച കൂട്ടുകാരനാണ് സുരേന്ദ്രനെന്നും അദ്ദേഹത്തിന് ഇനിയൊരു പകരക്കാരൻ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും സുധാകരൻ കുറിച്ചു. സുരേന്ദ്രന്റെ വിശ്രമരഹിത സേവനത്തിന് അനുസൃതമായ അംഗീകാരം പാർട്ടിയിൽ നിന്ന് കിട്ടിയില്ലയെന്നും സുധാകരൻ കുറിപ്പിൽ പറഞ്ഞു.

കെ. സുധാകരന്റെ കുറിപ്പിന്റെ പൂർണരൂപം

എന്റെ സുരേന്ദ്രൻ പോയി...
എല്ലാം കീഴ്മേൽ മറിഞ്ഞ ഒരു പതിനഞ്ചു മിനിറ്റ് എന്ന വലിയ സമയത്തിന്റെ വില ഇപ്പോളും വിങ്ങലായി മനസ്സിൽ നിലനിൽക്കുന്നു...

തീർത്തും അവിശ്വസനീയമാണ് സുരേന്ദ്രന്റെ വിടവാങ്ങൽ. ഇപ്പോഴും ആ യാഥാർത്ഥ്യത്തെ എന്റെ മനസ്സ് ഉൾക്കൊണ്ടിട്ടില്ല.
സുരേന്ദ്രൻ കൂടെയുണ്ടന്നുള്ള തോന്നലാണ് ഇപ്പോഴും.
പതിവ് പോലെ വൈകുന്നേരം വീട്ടിൽ സന്ദർശകരെ കണ്ടു കൊണ്ടിരിക്കുമ്പോളാണ്  DCC പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ഫോൺ വന്നത്. "സുഖമില്ലന്ന് " മാത്രമാണ് പറഞ്ഞത് അപ്പോൾ തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ഒന്നും സംഭവിക്കരുതെയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു.
സതീശന്റെ സംസാരത്തിലെ ശൈലീ മാറ്റം മനസ്സിൽ തങ്ങി നിന്നതു കൊണ്ട് തന്നെ ഭയപ്പാടുമായാണ് ആശുപത്രിയിൽ എത്തിയത്. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ സതീശൻ വിങ്ങിപ്പൊട്ടി.
"സുരേന്ദ്രട്ടൻ പോയന്ന്"പതുക്കെ പറഞ്ഞു.

ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് ചെയ്യണമെന്നറിയാതെ ആശുപത്രിക്കുള്ളിലേക്ക് കുതിച്ചു. ആശുപത്രി ജീവനക്കാർ എന്നെ റൂമിലേക്ക് കൊണ്ടുപോയി. മെത്തയിൽ കിടക്കുന്ന നിശ്ചലമായ സുരേന്ദ്രനെ കണ്ടപ്പോൾ അറിയാതെതന്നെ എൻ്റെ കണ്ണ് നിറഞ്ഞു.ആ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ എൻ്റെ മനസ്സ് തയ്യാറായില്ല.
നേരിട്ട് കണ്ടിട്ടും എൻ്റെ മനസ്സ് എന്തെക്കയോ പറയുന്നത് പോലെ സുരേന്ദ്രൻ പോയോ? ഇല്ലയോ? ആശങ്കയോടെ മനസ്സിനോട്‌ മല്ലടിച്ചു നിന്നപ്പോളാണ് ഡോക്ടർ മുറിയിലേക്ക് കയറി വന്നത്.

എൻ്റെ അരികിൽ നിന്ന് കൊണ്ട് പറഞ്ഞു "പതിനഞ്ച് മിനിറ്റ് നേരത്തെ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു, അവിശ്വസനീയമായി ഞാൻ ഡോക്ടറുടെ മുഖത്തേക്ക് തുറിച്ച് നോക്കി. ഡോക്ടർ കള്ളം പറഞ്ഞത് പോലെ എനിക്ക് തോന്നി പതുക്കെ പതുക്കെ എൻ്റെ മനസ്സ് അതു ഉൾക്കൊണ്ടു. സത്യമാണന്ന് ബോധ്യപ്പെട്ടപ്പോൾ എല്ലാം കീഴ്മേൽ മറിയുന്നതു പോലെ തോന്നി. അധിക നേരം അവിടെ നിൽക്കുവാൻ എനിക്ക് കഴിഞ്ഞില്ല. അടുത്ത് കണ്ട മുറിയിലേക്ക് ഒന്നും നോക്കാതെ ഞാൻ കയറി. മുന്നിൽ കണ്ട കസേരയിൽ ഇരുന്നു.

ആരുടെ മുറിയെന്നോ, ആരുടെ കസേരയാണന്നോ ഞാൻ നോക്കിയില്ല.സതീശനും, മറ്റ് നേതാക്കൻമാരും എൻ്റെ മുറിയിലേക്ക് കയറിവന്നു.അവർ കടന്ന് വന്നിട്ടും കുറെ സമയത്ത് ആർക്കും സംസാരിക്കാൻ സാധിച്ചില്ല. ശോകമൂകമായിരുന്നു അന്തരീക്ഷം. ഞങ്ങളെ കണ്ട് നിരവധി പേർ മുറിയിലേക്ക് കടന്ന് വന്നപ്പോൾ നിശബ്ദമായ മുറിയിൽ നേരിയ ചലനമുണ്ടായി.

സുരേന്ദ്രൻ്റെയും, എൻ്റെയും ജീവിതത്തിലുണ്ടായ ഓർമ്മിപ്പിക്കുന്ന ഒരു പാട് സംഭവങ്ങൾ ഒരു തീരശ്ശീലയെന്നപ്പോലെ എൻ്റെ മനസ്സിലൂടെ കടന്ന് പോയി. പലരും പലതും സംസാരിക്കുന്നുണ്ടെങ്കിലും അതൊന്നും എൻ്റെ ചെവിയിൽ എത്തിയില്ല. നിശബ്ദനായി ഏറെ സമയം ഞാനവിടെ ഇരുന്നു.

യാഥാർത്ഥ്യബോധത്തിലേക്ക് ഞാൻ കടന്ന് വന്നപ്പോൾ എൻ്റെ മനസ്സിനെ അലട്ടിയത് വരും നാളുകളെ കുറിച്ചുള്ള ആശങ്കകളായിരുന്നു.എൻ്റെ പ്രവർത്തനത്തിന് താങ്ങായി, എൻ്റെ ചിന്തകൾക്ക് കൂട്ടായി, എൻ്റെ രാഷ്ട്രീയ വീക്ഷണത്തിൻ്റെ വക്താവായി എനിക്ക് വേണ്ടി മറ്റുള്ളവരോട് പറഞ്ഞും, വാദിച്ചും നടന്ന സുരേന്ദ്രന് പകരം ഇനി ആര്? എന്നതായിരുന്നു എൻ്റെ മനസ്സിലെ ആധിയും, വ്യാധിയും, ചിന്തയും -
ഇതുവരെയും അതിനുള്ള ഉത്തരം കിട്ടിയിട്ടില്ല.

ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വത്തിലേക്ക് കടന്ന് വരുന്നതിന് മുമ്പെ സുരേന്ദ്രനും, ഞാനും തമ്മിൽ കൈപിടിച്ചതാണ്. അദ്ദഹം വിട്ട് പിരിയുന്നതുവരെ ആ കൈ ഇളക്കിയിട്ടില്ല. എന്ത് പറഞ്ഞാലും പറ്റില്ലന്ന് പറയാറില്ല. സുരേന്ദ്രൻ്റെ ജീവതത്തിൻ്റെ രാഷ്ട്രീയ നിഘണ്ടുവിൽ "നോ" യെന്നൊരു വാക്കില്ല. എത്ര പരിപാടികൾ ഉണ്ടെങ്കിലും അതല്ലാം അഡ്ജസ്റ്റ് ചെയത് പോകും. എത്ര മണിക്കൂറുകൾ വേണമെങ്കിലും ആലസ്യമില്ലാതെ അദ്ദേഹം പ്രസംഗിക്കും. ഒരു ദിവസം ഇത്രയും മണിക്കൂർ പ്രസംഗിക്കുന്ന ഒരു രാഷ്ട്രീയക്കാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

തൻ്റെ മാസ്മരികമായ വാക്ക് ചാതുര്യത്തിൽ അദ്ദേഹം സദ്ദസ്സിനെ തളച്ചിടും. കാസർഗോഡും, കോഴിക്കോട്ടും,വയനാട്ടിലും, മലപ്പുറത്തും ഞാൻ പങ്കെടുക്കേണ്ടുന്ന നിരവധി പൊതുയോഗങ്ങളിലും എനിക്ക് വേണ്ടി അദ്ദേഹം സദസ്സിനെ പിടിച്ചിരുത്തും.

പാർട്ടിക്ക് അകത്തുള്ള പ്രശ്നങ്ങൾ ഞാൻ തൊട്ടുവെച്ചാൽ അത് പൂർത്തിയാക്കുന്നത് സുരേന്ദ്രനാണ്. സംഘടനയിലെ എല്ലാ തലങ്ങളിലും പടർന്ന് പന്തലിച്ച് പ്രവർത്തകരെ ഉള്ളം കൈയിലെടുത്ത് നിയന്ത്രിക്കാനും, നയിക്കാനുമുള്ള സുരേന്ദ്രൻ്റെ മെയ്‌വഴക്കം ഇനി അവകാശപ്പെടാൻ മറ്റൊരാളില്ല എന്ന ചിന്ത എൻ്റെ മനസ്സിനെ അസ്വസ്ഥനാക്കുന്നു.

തെരഞ്ഞെടുപ്പ് രംഗത്ത് ഉറക്കമില്ലാത്ത നേതാവിയിരുന്നു. ഒരു തെരഞ്ഞെടുപ്പിൻ്റെ എല്ലാ നാഡിമിടുപ്പും ഒരു മാന്ത്രികനെ പോലെ സ്വയം ഉൾക്കൊള്ളുവാനും ചെയ്യേണ്ടത് ,ചേയ്യേണ്ട സമയത്ത് ചെയ്ത് തീർക്കുവാനും അദ്ദേഹം കാണിച്ച നിഷ്കർഷത അപാരം ! അസാധ്യം ! അത്ഭുതം !

വിനയം അദ്ദേഹത്തിൻ്റെ കൂടപ്പിറപ്പാണ്‌. ആരുടെ മുന്നിലും വിനയാന്വിതൻ. സൗഹൃദമായ പെരുമാറ്റം, ആരെയും വശീകരിക്കുന്ന വാക്കുകൾ, കേൾക്കുന്നവൻ്റെ മനസ്സ് കീഴടക്കുന്ന സംഭാഷണം അതിനെല്ലാം മെമ്പോടിയായി നിഷ്കളങ്കമായ അദ്ദേഹത്തിൻ്റെ ചിരി. ചിരിക്കാത്ത സുരേന്ദ്രനെ ആർക്കും കാണാൻ സാധിക്കില്ല "Ever Laughing Politician" ആയിരുന്നു സുരേന്ദ്രൻ
പട്ടിണിയിൽ ജനിച്ച്, ദാരിദ്രത്തിൽ വളർന്ന് സ്വപ്രയത്നം കൊണ്ട് ഉയർച്ചയുടെ ചവിട്ടുപടികൾ ഒന്നന്നായി നടന്നു കയറിയ സുരേന്ദ്രനെന്ന രാഷ്ട്രീയക്കാരൻ സ്വന്തം ജിവിതം സ്വയം നെയ്തെടുത്തതാണെന്ന് അറിയുമ്പോഴാണ് സുരേന്ദ്രൻ്റെ മഹത്വപൂർണ്ണമായ ജീവിത ക്രമത്തിനു മുന്നിൽ നമ്മൾ തലകുനിക്കുക.

പട്ടിണിയിൽ നിന്ന് തുടങ്ങിയ ജീവിത യാത്ര, ഉടുതുണിക്ക് മറുതുണിയില്ലാത്ത സാഹചര്യം, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാത്ത കുട്ടിക്കാലം. തിരുവപ്പതി മില്ലിലെ തൊഴിലാളി, അതിലൂടെ തൊഴിലാളി നേതാവ്, ജോലിയൊടൊപ്പം പഠനം, പഠനത്തിലൂടെ രാഷ്ട്രീയം ഇതായിരുന്നു ഈ ജനപ്രീയനേതാവിൻ്റെ ജീവിത പശ്ചാത്തലം.

പട്ടിണിയുടെയും, ദാരിദ്രത്തിൻ്റെയും കുടുംബ സാഹചര്യങ്ങളെ അതിജീവിച്ച് അദ്ദേഹം സ്വായത്തമാക്കിയ ജിവിത നേട്ടങ്ങൾ നമ്മെയൊക്കെ അൽഭുതപ്പെടുത്തുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത അദ്ദേഹം നമ്മെ വിട്ട് പിരിയുമ്പോൾ ബിരുദധാരിയാണ്‌. നാല് ഭാഷകളിൽ പരന്ന് കിടക്കുന്ന അറിവും, ഏതാണ്ട് മലയാള ഭാഷപോലെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന നാല് ഭാഷകളുടെ പാണ്ഡിത്യം അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കി.

തൊഴിലാളി വർഗ്ഗത്തിൻ്റെ അവകാശ പോരാട്ടങ്ങളുടെ പോർമുഖങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി അദ്ദേഹം തുറന്നു.തൊഴിലാളികളുടെ അവകാശങ്ങൾക്ക് മുന്നിൽ എല്ലാ രാഷ്ട്രീയ യൂണിയനുകളെയും ഒന്നായി കണ്ട് തൊഴിൽ രംഗത്ത് അനുനയത്തിൻ്റെ ഒരു സംസ്ക്കാരം അദ്ദേഹം വളർത്തിയെടുത്തു. അതു കൊണ്ട് തന്നെ ഇതര രാഷ്ട്രീയക്കാർക്കും ,പ്രസ്ഥാനങ്ങൾക്കും പ്രിയങ്കരനായി സുരേന്ദ്രൻ. സമര മുഖത്തെ ഏത് പ്രതിസന്ധിയിലും സുരേന്ദ്രൻ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശങ്ങൾ കണ്ണും പൂട്ടി സ്വീകരിച്ചു ഇതര യൂണിയനുകൾ.

നിസ്തുലമായ, വിശ്രമമില്ലാത്ത അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തെ ദേശീയ ട്രെയ്ഡ് യൂണിയൻ രംഗത്ത് എത്തിച്ചു.ഐ.എൻ.ടി.യു.സി യുടെ ദേശീയ നേതാവായി അദ്ദേഹം വളർന്നു. സംഘടന രംഗത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് മുതൽ ജില്ലാ കോൺസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ,കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി എന്നീ ഉന്നത സ്ഥാനങ്ങൾ അദ്ദേഹത്തെ തേടിയെത്തി. എന്നാൽ അദ്ദേഹത്തിൻ്റെ വിശ്രമരഹിത സേവനത്തിന് അനുസൃതമായ അംഗീകാരം അദ്ദേഹത്തിന് പാർട്ടിയിൽ നിന്ന് കിട്ടിയില്ലയെന്ന ദുഃഖസത്യം ഞാനിവിടെ സ്മരിക്കുന്നു.യാദൃശ്ചികമായി കടന്ന് വന്ന ഒരു രാഷ്ട്രീയ സാഹചര്യം സുരേന്ദ്രൻ്റെ കൈയിൽ എത്തിയ നിയമസഭാംഗത്വം നഷ്ടപ്പെടുത്തി. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നുള്ള ഏക സ്ഥാനാർത്ഥിത്വം സൂരേന്ദ്രൻ്റെത് മാത്രമായിരുന്നു.സംസ്ഥാന നേതൃത്വത്തിൻ്റെ ശക്തമായ സമ്മർദ്ദവും, ഹൈക്കമാൻ്റിൻ്റെ കർക്കശമായ നിർദ്ദേശവും കാരണം എനിക്ക് സ്ഥാനാർത്ഥിയാകേണ്ടിവന്നു.

പുതിയൊരു നല്ല വാർത്ത സുരേന്ദ്രനെ കാത്തിരിക്കുമ്പോഴാണ്, അതിന് വേണ്ടി കാത്തു നിൽക്കാതെ അദ്ദേഹം നമ്മളിൽ നിന്ന് അകന്ന് പോയത്. എൻ്റെ ഹൃദയത്തിൽ അതൊരു വിങ്ങലായി ഇപ്പോഴും നീറുന്നു.........

സുരേന്ദ്രനെ സ്മരിക്കുമ്പോൾ എനിക്ക് നഷ്ടപ്പെട്ടത് സ്നേഹനിധിയായ എൻ്റെ സഹോദരനെയാണ്, എൻ്റെ വലം കൈയ്യായി, രാഷ്ട്രീയത്തിൽ എനിക്ക് താങ്ങും, തണലുമായ വിശ്വസ്തനായ സഹപ്രവർത്തകനെയാണ്. പലരും കാണിക്കാത്ത കൂറും, സത്യസന്ധതയും എന്നോടും, കോൺഗ്രസ്സ് പ്രസ്ഥാനത്തോടും കാണിച്ച സുരേന്ദ്രൻ.

എനിക്ക് വേണ്ടി തേരാളിയായും, പോരാളിയായും വേഷമിട്ട കൂട്ടുകാരൻ. എൻ്റെ മുന്നിൽ അദ്ദേഹത്തിനൊരു പകരക്കാരനില്ല , ഇനിയുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എൻ്റ പ്രിയപ്പെട്ട സുരേന്ദ്രൻ എന്നന്നേക്കുമായി കാലയവനികയ്ക്കുള്ളിൽ പോയി മറിഞ്ഞു..

ശക്തി പകരാൻ ഓർമ്മകൾ മാത്രമാണ് ഇനിയുള്ള കൂട്ട്. എന്നും നിഴലായി എന്നോടൊപ്പം ഉണ്ടാവുമെന്ന് എനിക്കുറപ്പാണ്. പ്രിയപ്പെട്ടവന്റെ ആത്മശാന്തിക്കായി ഞാൻ പ്രാർത്ഥിക്കുന്നു.
First published: June 25, 2020, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading