• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിണറായിക്കെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാർ:' കെ സുധാകരൻ

'പിണറായിക്കെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാർ:' കെ സുധാകരൻ

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ കണ്ണൂരില്‍ ധര്‍മടം മണ്ഡലത്തില്‍ മാത്രമാണ്​ യു. ഡി. എഫ്​ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തത്

കെ. സുധാകരൻ

കെ. സുധാകരൻ

  • Share this:
    കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത്​ മത്സരിക്കാന്‍ തയ്യാറാണെന്ന്​ കെ. പി. സി. സി വര്‍ക്കിങ്​ പ്രസിഡന്‍റ്​ കെ. ​സുധാകരന്‍. ഹൈക്കമാന്‍ഡ്​ ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കും. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നു. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത്​ മത്സരിക്കണമെന്ന്​ ആവശ്യപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

    നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ കണ്ണൂരില്‍ ധര്‍മടം മണ്ഡലത്തില്‍ മാത്രമാണ്​ യു. ഡി. എഫ്​ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തത്​. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ധര്‍മടത്ത്​ മത്സരിക്കാന്‍ തയ്യാറാണെന്ന പ്രതികരണവുമായി സുധാകരന്‍ രംഗ​ത്തെത്തുന്നത്​.

    Also Read- 'ധർമടത്ത് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ, സംശയമില്ല': ജോയ് മാത്യു

    ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കിയതോടെ ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുളള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കിയിരുന്ന ധര്‍മ്മടം സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തങ്കിലും അവിടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.

    മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ യു.ഡി.എഫ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യു. ഡി. എഫ് പിന്തുണക്കുകയാണെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് വ്യക്തമാക്കി ഡി. സി. സി ജനറല്‍ സെക്രട്ടറി സി. രഘുനാഥ് രംഗത്തെത്തിയിരുന്നു.

    ധര്‍മ്മടത്ത് കെപിസിസി എന്ത് നിലപാടെടുക്കും എന്നത് നിര്‍ണായകമാകും. ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. അതേസമയം പ്രാദേശിക വികാരം മാനിക്കണമെന്നാണ് കെ. സുധാകരനും സി രഘുനാഥും ഉയര്‍ത്തുന്ന ആവശ്യം.

    അതേസമയം സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ചത് കാര്യങ്ങള്‍ അറിയാതെയാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശനത്തിന് മറുപടിയുമായി കെ സുധാകരന്‍ എം.പി രംഗത്തെത്തിയിരുന്നു. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും തുറന്നുപറയാന്‍ മടിയോ ഭയമോ ഇല്ല. അഭിപ്രായങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ട വേദിയില്‍ പറയും. ചെന്നിത്തലയുടേത്‌ തോന്നല്‍ മാത്രമാണെന്നും തെറ്റായ പ്രസ്താവനയാണെന്നും സുധാകരന്‍ വ്യക്തമാക്കി.

    "സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തൃപ്തനല്ല. സ്ഥാനാര്‍ഥി പട്ടികയിലെ പോരായ്മകളില്‍ വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താനില്ല. പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ഥി പട്ടികയുമായി മുന്നോട്ടുപോകാനെ ഇനി സാധിക്കു. പരാതികളുണ്ടെങ്കില്‍ നേതാക്കളുമായി സംസാരിച്ച് പരിഹാരം കാണുകയാണ് പാര്‍ട്ടിയിലെ പ്രവര്‍ത്തനശൈലി. ഇതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്"- അദ്ദേഹം പറഞ്ഞു.

    Also Read സിപിഐ വിട്ട നേതാവ് കുട്ടനാട് എൻഡിഎ സ്ഥാനാര്‍ഥി; ആലപ്പുഴയിൽ NDA സ്ഥാനാർഥികളായി ജനവിധി തേടുന്നത് മൂന്ന് ഇടത് നേതാക്കൾ

    പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. തന്നോടും ആരും ആവശ്യപ്പെട്ടിട്ടുമില്ല. എവിടെ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറുള്ള ആളാണ് താന്‍. ആവശ്യം വന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി ഏത് ത്യാഗവും സഹിക്കും. ധര്‍മടത്ത് നിലവില്‍ സ്ഥാനാര്‍ഥിയുള്ള സാഹചര്യത്തില്‍ താന്‍ വേഷം കെട്ടേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് നാല് ചിറകൊന്നുമില്ല. പിണറായി കോണ്‍ഗ്രസിന് മുന്നിലൊരു പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.
    Published by:Anuraj GR
    First published: